InternationalLatestMotivation

വ്യാഴത്തോട് സാദൃശ്യമുള്ള ഗ്രഹം കണ്ടെത്തി

“Manju”

ഓരോ 16 മണിക്കൂറിലും വര്‍ഷങ്ങള്‍ മാറിമറിയുന്ന ഒരു ഗ്രഹത്തില്‍ ജീവിക്കുന്നതിനെ കുറിച്ച്‌ സങ്കല്‍പ്പിച്ചിട്ടുണ്ടോ?
മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (Massachusetts Institute of Technology- MIT) നേതൃത്വത്തിലുള്ള ദൗത്യമായ നാസയുടെ ട്രാന്‍സിറ്റിംഗ് എക്സോപ്ലാനറ്റ് സര്‍വേ സാറ്റലൈറ്റിലെ (Transiting Exoplanet Survey Satellite – TESS) ശാസ്ത്രജ്ഞര്‍ (Scientists) അത്യധികം ചൂടുള്ള, വ്യാഴത്തോട് (Jupiter) സാദൃശ്യമുള്ള ഒരു ഗ്രഹത്തെ (planet) കണ്ടെത്തി.

വ്യാഴത്തിന്റെ പിണ്ഡത്തിന്റെ അഞ്ചിരട്ടിയുള്ള ഈ ഗ്രഹം വെറും 16 മണിക്കൂറിനുള്ളില്‍ അതിന്റെ നക്ഷത്രത്തെ പരിക്രമണം ചെയ്യുന്നു. TOI-2109b എന്നറിയപ്പെടുന്ന ഈ ഗ്രഹത്തിന് ഇന്നുവരെ കണ്ടെത്തിയിട്ടുള്ള ഏതൊരു വാതക ഭീമനെയും അപേക്ഷിച്ച്‌ വളരെ ചെറിയ ഭ്രമണപഥമാണ് ഉള്ളത്. അന്താരാഷ്ട്ര ശാസ്ത്രജ്ഞരുടെ സംഘം നടത്തിയ കണ്ടെത്തലുകള്‍ അസ്‌ട്രോണമിക്കല്‍ ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

2021 നവംബര്‍ 23 ന് പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നത്, അതിന്റെ ഭ്രമണപഥവും നക്ഷത്രത്തോടുള്ള സാമീപ്യവും കാരണം ഗ്രഹത്തിന്റെ പകല്‍ വശത്തിന് ഏകദേശം 3,500 കെല്‍വിന്‍ അല്ലെങ്കില്‍ 3,227 ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ടാകും എന്നാണ്. ഇത് ഒരു ചെറിയ നക്ഷത്രത്തിന്റെ ചൂടിനേക്കാള്‍ കൂടുതലാണ്. ഇത് TOI-2109b യെ ഇതുവരെ കണ്ടെത്തിയതില്‍ വച്ച്‌ ഏറ്റവും ചൂടേറിയ രണ്ടാമത്തെ ഗ്രഹമാക്കി മാറ്റുന്നു.

2020 മെയ് 13 നാണ് നാസയുടെ ടെസ് ഉപഗ്രഹം ഭൂമിയില്‍ നിന്ന് 855 പ്രകാശവര്‍ഷം അകലെയുള്ള ഹെര്‍ക്കുലീസ് നക്ഷത്ര സമൂഹത്തിന്റെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന TOI-2109b എന്ന ഗ്രഹത്തെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. ഗവേഷകര്‍ നക്ഷത്രത്തിന്റെ പ്രകാശത്തിന്റെ അളവുകള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്തു. ഇടയ്ക്കിടെ നക്ഷത്രത്തില്‍ നിന്നുമുള്ള പ്രകാശത്തിന് തടസം നേരിടുന്നത് ഒരു ഗ്രഹം അതിന് മുന്നിലൂടെ കടന്നു പോകുന്നത് കൊണ്ടാകാം എന്ന് ശാസ്ത്രജ്ഞര്‍ അനുമാനിച്ചു. പിന്നീട് ടെസ് നല്‍കിയ വിവരങ്ങള്‍ ഓരോ 16 മണിക്കൂറിലും ആ നക്ഷത്രത്തെ പൂര്‍ണമായി പരിക്രമണം ചെയ്യുന്ന ഗ്രഹത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.

TOI-2109b എന്ന ഗ്രഹത്തിന്റെ ‘ഭ്രമണപഥത്തിന് ശോഷണം’ സംഭവിക്കുന്നതായും അതിനാല്‍ അത്നക്ഷത്രത്തിലേക്ക് നീങ്ങുന്ന പ്രക്രിയയിലാണെന്നും ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു.

”ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഭാഗ്യമുണ്ടെങ്കില്‍ ഗ്രഹം നക്ഷത്രത്തിന്റെ അടുത്തേക്ക് നീങ്ങുന്നത് എങ്ങനെയെന്ന് നമുക്ക് കണ്ടെത്താനാകും. നമ്മുടെ ജീവിതകാലത്ത് ഈ ഗ്രഹം അതിന്റെ നക്ഷത്രത്തില്‍ ചെന്നിടിക്കില്ല. എന്നാല്‍, 10 ദശലക്ഷം വര്‍ഷങ്ങള്‍ കാത്തിരിക്കൂ, ഒരുപക്ഷേ ഈ ഗ്രഹം അന്ന് അവിടെ ഉണ്ടായെന്നു വരില്ല”, ഗവേഷണ റിപ്പോര്‍ട്ടിന്റെ പ്രധാന രചയിതാവായ, എംഐടിയില്‍ പോസ്റ്റ് ഡോക്ടറേറ്റ് നേടിയ ഇയാന്‍ വോങ് ഒരു പ്രസ്താവനയില്‍ പറഞ്ഞു,

Related Articles

Back to top button