LatestMotivation

മൂന്നുജീവന്‍ കോരിയെടുത്ത അതുലിന് അഭിനന്ദന പ്രവാഹം

“Manju”

മങ്കൊമ്പ് ;  തോട്ടിൽ മുങ്ങിത്താഴ്ന്ന സഹോദരനടക്കമുള്ള മൂന്നുപേരെ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്ന പന്ത്രണ്ടുകാരൻ അതുലിന് അഭിനന്ദന പ്രവാഹം. വെള്ളിയാഴ്ചയാണ് സമയോചിതമായ ഇടപെടലിലൂടെ തോട്ടിൽ മുങ്ങിത്താഴ്ന്ന സഹോദരൻ മൂന്നു പറയിൽ വീട്ടിൽ അമൽ ബിനീഷ് (5), ബന്ധു ചെറുകര കോവിലകം വീട്ടിൽ സനലക്ഷ്മി (6), സനലക്ഷ്മിയുടെ അമ്മ സുചിത്ര എന്നിവരെ അതുൽ ബിനീഷ് രക്ഷിച്ചത്. ചെറുകര അറുപതിൽ തോട്ടിൽ രാവിലെയാണ് സംഭവം.

അമലും സനലക്ഷ്മിയും തോട്ടിൽ കുളിക്കാനിറങ്ങിയതാണ്. കല്ലിൽ നിന്ന് കുട്ടികൾ കുളിക്കുമ്പോൾ കരയിൽ സുചിത്രയും ഉണ്ടായിരുന്നു. ഇതിനിടെ സനലക്ഷ്മി കാല്വഴുതി തോട്ടിൽ വീഴുകയായിരുന്നു. പിന്നാലെ അമൽ ചാടിയെങ്കിലും ഇരുവരും താഴ്ന്നുപോയി. ഇതുകണ്ട സുചിത്ര കുട്ടികളെ രക്ഷിക്കാൻ പിന്നാലെ വെള്ളത്തിൽ ചാടിയെങ്കിലും നീന്തലറിയാത്തതിനാൽ മൂവരും മുങ്ങിത്താഴുകയായിരുന്നു.

കുറച്ചുദൂരെ നിന്നിരുന്ന അതുൽ ശബ്ദം കേട്ട് ഓടിയെത്തി, നേരെ വെള്ളത്തിലേയ്ക്ക്. ആദ്യം കുട്ടികളെയും പിന്നാലെ സുചിത്രയെയും സാഹസികമായി കരയ്ക്കെത്തിച്ചു. സ്വന്തം ജീവന് പണയം വച്ച്‌ മൂന്ന് ജീവനാണ് ചെറുകര എസ്‌എന്ഡിപിയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ അതുല് രക്ഷിച്ചത്. ചെറുകര മൂന്നു പറയിൽ ബിനീഷിന്റെയും സൈജിയുടെയും മകനാണ്.

സംഭവമറിഞ്ഞ് ഫോണിലൂടെ ജനപ്രതിനിധികളടക്കം വിളിച്ച്‌ അഭിനന്ദനമറിയിക്കുന്നുണ്ട്. നീലംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ തങ്കച്ചന്, സിപിഐ എം ലോക്കല് സെക്രട്ടറി എൻ ടി ചന്ദ്രൻ എന്നിവർ വീട്ടിലെത്തി അതുലിനെ അഭിനന്ദിച്ചു.

Related Articles

Back to top button