InternationalLatest

തക്കാളിക്കു ഗള്‍ഫില്‍ വിലക്കുറവ്

“Manju”

അബുദാബി: തക്കാളിക്കു കേരളത്തിലേക്കാള്‍ വിലക്കുറവ് ഗള്‍ഫില്‍.
പ്രാദേശിക വിളവെടുപ്പ് ആരംഭിച്ചതിനാല്‍ വരും ദിവസങ്ങളില്‍ വില ഇനിയും കുറയുമെന്നു കച്ചവടക്കാര്‍ പറയുന്നു. ജോര്‍ദാന്‍, ഇറാന്‍, ഒമാന്‍, മലേഷ്യ തക്കാളിയാണ് യുഎഇയില്‍ ലഭിക്കുന്നത്. ഇതില്‍ ഇറാന്‍, ഒമാന്‍ തക്കാളി 2.45 (50 രൂപ) ദിര്‍ഹത്തിനു ലഭിക്കുമെങ്കിലും ഗുണനിലവാരം കൂടിയ ജോര്‍ദാന്‍, മലേഷ്യ തക്കാളിയാണു ജനം ഇഷ്ടപ്പെടുന്നതെന്നു ദുബായ് കറാമയില്‍ ജമാല്‍ സെയ്ദ് ഫുഡ്സ്റ്റഫ് ആന്‍ഡ് വെജിറ്റബിള്‍ ട്രേഡിങ് ഉടമ ചാവക്കാട് സ്വദേശി നൗഷാദ് പറഞ്ഞു.
പ്രാദേശിക തക്കാളിയുടെ ലഭ്യതയാണു 1.25 ദിര്‍ഹത്തിനു (25.54 രൂപയ്ക്ക്) വില്‍ക്കാന്‍ സാധിച്ചതെന്നു മുസഫയിലെ ഫ്രസ്കൊ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ കണ്ണൂര്‍ സ്വദേശി സഹീര്‍ പറഞ്ഞു. ഇടനിലക്കാരില്ലാതെ കൃഷിയിടത്തില്‍ നിന്നു നേരിട്ട് എത്തിക്കുന്നതിനാല്‍ വില കുറച്ചു നല്‍കാന്‍ സാധിക്കുന്നതായും ആവശ്യമെങ്കില്‍ കേരളത്തിലേക്കും തക്കാളി കയറ്റി അയയ്ക്കാന്‍ തയാറാണെന്നും സഹീര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടിലേക്കു പോയ ചില കുടുംബങ്ങളും ഓഫറില്‍ തക്കാളി വാങ്ങി കൊണ്ടുപോയതായും സഹീര്‍ സൂചിപ്പിച്ചു. പ്രാദേശിക വിളവെടുപ്പ് സജീവമാകുന്നതോടെ വിദേശ പച്ചക്കറി ഇറക്കുമതി കുറയും. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വിലക്കുറവില്‍ പ്രാദേശിക പച്ചക്കറി ലഭിക്കുന്നത് പ്രവാസി കുടുംബങ്ങള്‍ക്കും ആശ്വാസമാകും.

Related Articles

Back to top button