KeralaLatest

കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

വൈദ്യ പരിശോധനയിൽ കാർ ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്

“Manju”

 

കൊല്ലം: മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തി ബൈക്ക് യാത്രക്കാരന്റെ മരണത്തിനിടയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. പത്തനംതിട്ട  അടൂർ ആനന്ദപ്പള്ളി വലിയവിളയിൽ ജോളി ഭവനിൽ ജോർജിന്‍റെ മകൻ ജോജി മാത്യു ജോർജിനെയാണ് (47) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് 6.15നാണ് എം സി റോഡിൽ പനവേലി മഞ്ചാടിക്കോണത്ത് വെച്ച് അപകടം ഉണ്ടായത്.

ജോജി മാത്യു ജോർജ് ഓടിച്ചിരുന്ന കെ.എൽ- 26 – ബി -8444-ാം നമ്പർ കാർ എതിരെ വന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ഓടിച്ചിരുന്ന വെട്ടിക്കവല മടത്തറ അബു നിവാസിൽ അശോകന്‍റെ മകൻ അനന്തു അശോകൻ (25) റോഡിൽ തലയിടിച്ചു വീഴുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അനന്തുവിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച കൊട്ടാരക്കര പൊലീസ്, ജോജി മാത്യു ജോർജിന്‍റെ കാറാണ് ഇടിച്ചതെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയും, വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. പരിശോധനയിൽ ജോജി മദ്യപിച്ചിരുന്നതായി വ്യക്തമായി. ഇതേത്തുടർന്ന് വിവിധ വകുപ്പുകൾ ചേർത്ത് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. അപകടത്തിൽ മരിച്ച അനന്തുവിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Related Articles

Check Also
Close
Back to top button