KeralaLatest

ഒമിക്രോണ്‍ ഭീഷണി നേരിടാന്‍ കൊല്ലം ജില്ലയില്‍ തയ്യാറെടുപ്പ്

“Manju”

കൊല്ലം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീഷണി നേരിടാന്‍ ജില്ലയില്‍ വിപുലമായ തയ്യാറെടുപ്പുകള്‍. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി. പുതിയ വൈറസ് വകഭേദത്തിന് കൂടുതല്‍ വ്യാപന ശേഷിയുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ രണ്ടാം ഡോസ് വാക്സിനേഷന്‍ അടിയന്തരമായി പൂര്‍ത്തിയാക്കണം. വാക്സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കര്‍മപദ്ധതി രൂപീകരിച്ച്‌ ഡി.എം.ഒ യുടെ നേതൃത്വത്തിലുള്ള സംഘം സജ്ജമാക്കണം. പ്രതിരോധ നടപടികളും കൂടുതല്‍ ശക്തിപ്പെടുത്തണം.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ കര്‍ശനമായി കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പൊലീസും, ആരോഗ്യവകുപ്പും, തദ്ദേശസ്ഥാപനങ്ങളും കൃത്യമായി നിരീക്ഷിക്കുകയും വേണം. ആരാധനാലയങ്ങളിലെ ആഘോഷങ്ങളില്‍ ആള്‍ക്കൂട്ട നിയന്ത്രണം കൃത്യമായി പാലിക്കണം. ഹാളിനുളളില്‍ നടത്തുന്ന ചടങ്ങുകളില്‍ 100 പേരും പുറത്ത് നടത്തുന്ന ആഘോഷങ്ങളില്‍ 200 പേരും മാത്രമേ പങ്കെടുക്കാവു. കൂടുതല്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പ്രോട്ടോകോള്‍ ഉറപ്പാക്കണം എന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

രണ്ടാം ഡോസ് വാക്സിനേഷന്‍ പരമാവധി പേരിലേക്കെത്തിക്കാന്‍ കൂടുതല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് ആവശ്യപ്പെട്ടു. ആദ്യഘട്ടത്തില്‍ നടപ്പിലാക്കിയ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വീണ്ടും നടപ്പിലാക്കണം. ഹോക്കി സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന സി. എഫ്. എല്‍. ടി. സി കൂടുതല്‍ സൗകര്യപ്രദമായ സാഹചര്യത്തിലേക്ക് മാറ്റുന്നതും പരിഗണിക്കണം. ഒമിക്രോണ്‍ ഭീഷണിക്കെതിരെയുള്ള ജാഗ്രത പ്രവര്‍ത്തനങ്ങള്‍ കോര്‍പ്പറേഷന്‍ തലത്തില്‍ തുടങ്ങിയതായും മേയര്‍ അറിയിച്ചു.

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം ഉറപ്പാക്കാനും പരിശോധനകള്‍ ശക്തമാക്കാനും പൊലീസ് മുന്‍കൈയെടുക്കണം എന്ന് യോഗം തീരുമാനമെടുത്തു. നിലവില്‍ ടി.പി.ആര്‍. നിരക്ക് താഴുകായണെന്ന് എന്ന് ആരോഗ്യവകുപ്പ് പ്രതിനിധികള്‍ അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആര്‍.ആര്‍.ടി കള്‍ സജ്ജമാക്കി കോവിഡ് ബ്രിഗേഡിന്റെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും വ്യക്തമാക്കി.

യു.കെ ഉള്‍പ്പടെ യൂറോപ്യന്‍ രാജ്യങ്ങള്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ബംഗ്ലദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലന്‍ഡ്, സിംബാവെ സിംഗപ്പൂര്‍, ഹോങ്കോങ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളാണ് രോഗവ്യാപന ഭീഷണി പട്ടികയില്‍ നിലവിലുള്ളത്. ഈ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കാണ് അധിക നിയന്ത്രണങ്ങള്‍. വിമാനത്താവളത്തില്‍ പരിശോധനയും കോവിഡ് നെഗറ്റീവ് ആയാല്‍ ഏഴു ദിവസം ക്വാറന്റീനും നിര്‍ബന്ധം. എട്ടാം ദിവസം വീണ്ടും പരിശോധയ്ക്ക് വിധേയരാകണം. തുടര്‍ന്ന് സ്വയം നിരീക്ഷണവും അനിവാര്യം. ഇതേ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ പോസിറ്റീവ് ആയാല്‍ ഐസലേഷനില്‍ പ്രവേശിപ്പിച്ചു ജീനോമിക്സ് സീക്വന്‍സിനായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയില്‍ ലഭ്യമാക്കും. യാത്രക്കാരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരെയും നിരീക്ഷിക്കും. എല്ലാ യാത്രക്കാരും സുവിധ പോര്‍ട്ടലില്‍ സത്യവാങ്മൂലം അപ്ലോഡ് ചെയ്യണം എന്നും അറിയിച്ചു.

Related Articles

Back to top button