IndiaLatest

വാക്സിനെടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് ഇന്ന് പുറത്തുവിടും-മന്ത്രി

“Manju”

സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്ത അധ്യാപകരുടെ വിവരം ഇന്ന് ഉച്ച കഴിഞ്ഞ് പുറത്ത് വിടുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി.
‘വാക്സിനെടുക്കാത്ത അധ്യാപകരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇന്ന് ഉച്ച കഴിഞ്ഞ് പുറത്തുവിടും. ഏത് നിലയില്‍ എത്രപേര്‍ വാക്സിനെടുത്തില്ല എന്ന് അറിയാന്‍ സമൂഹത്തിന് അവകാശമുണ്ട്. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഉത്തരവായി വരുന്ന പക്ഷം വിദ്യാഭ്യാസ വകുപ്പ് മറ്റ് നടപടികളിലേക്ക് കടക്കും. വാക്സിനെടുക്കാത്ത അധ്യാപക- അനധ്യാപക ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. വാക്സിനെടുക്കാന്‍ കഴിയാത്തവര്‍ ആഴ്ചയിലൊരിക്കല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി അത് ബന്ധപ്പെട്ട അധികാരികള്‍ക്ക് മുന്നില്‍ ഹാജരാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും’ മന്ത്രി പറഞ്ഞു
നേരത്തെ വാക്സിനെടുക്കാത്ത അധ്യാപകര്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. വാക്‌സിന്‍ സ്വീകരിക്കാതെ കൊവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കില്ല. രോഗങ്ങള്‍, അലര്‍ജി മുതലായവ കൊണ്ട് വാക്‌സിന്‍ എടുക്കാന്‍ സാധിക്കാത്തവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം.
വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകരിലും ജീവനക്കാരിലും രോഗങ്ങള്‍, അലര്‍ജി മുതലായ ശാരീരിക പ്രശ്‌നങ്ങള്‍ ഉള്ളവര്‍ സര്‍ക്കാര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അല്ലാത്തവര്‍ വാക്‌സിന്‍ സ്വീകരിച്ച്‌ ഹാജരാവുകയോ ആഴ്ച തോറും സ്വന്തം ചിലവില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം സമര്‍പ്പിക്കുകയോ ചെയ്യണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും അറിയിച്ചിരുന്നു. വാക്‌സിനേഷന്‍ എടുക്കാത്ത അധ്യാപകരും അനാധ്യാപകരും ക്യാമ്ബസിനുള്ളിലേക്ക് പ്രവേശിക്കേണ്ടതില്ലെന്ന മാര്‍ഗരേഖ കര്‍ശനമായി നടപ്പിലാക്കും. വാക്‌സിന്‍ എടുക്കാത്ത അധ്യാപകരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ അതിന്റെ തെളിവ് ഹാജരാക്കണമെന്നും ശിവന്‍കുട്ടി ആവശ്യപ്പെട്ടു. വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്ന അധ്യാപകരെ പരിശോധിച്ച്‌ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടാല്‍ കര്‍ശന നടപടിയെടുക്കാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിരുന്നു.

Related Articles

Back to top button