InternationalLatest

മരണത്തിലും പിരിയാതെ മുഹമ്മദ് ജാബിറും കുടുംബവും

ഇവരുടെ കാറിലേക്ക് സൗദി കുടുംബത്തിന്റെ ലാന്‍റ്ക്രൂയിസര്‍ കാര്‍ ഇടിച്ചു കയറുകയായിരുന്നു

“Manju”

ദമ്മാം: ആഴ്ചകളായി ഒരു യാത്രയുടെ ഒരുക്കത്തിലായിരുന്നു മുഹമ്മദ് ജാബിറും ഷബ്നയും. പക്ഷെ ഒരിക്കലും തിരിച്ചു വരാത്ത യാത്രയായിരുക്കുമെന്ന് സുഹൃത്തുക്കളോ ബന്ധുക്കളോ കരുതിയില്ല. 17 കൊല്ലം ജീവിച്ച ജുബൈലില്‍ നിന്ന് സൗദിയുടെ തന്നെ മറ്റൊരു ഭാഗമായ ജിസാനിലേക്ക് യാത്ര പറഞ്ഞ് പിരിയുമ്ബോള്‍ ജാബിറിനും കുടുംബത്തിനും വലിയ സങ്കടമുണ്ടായിരുന്നു. അനിയന്‍ അന്‍വറിനേയും കുടുംബത്തിനെയും ഉള്‍പ്പെടെ തങ്ങളുടെ ജീവിതത്തിലെ പ്രിയപ്പെട്ട പലരേയും ഒഴിവാക്കിയാണ് പുതിയ ജോലി സ്ഥലത്തേക്ക് പോകുന്നത്.  അവിടെയെത്തി പുതിയ ബന്ധങ്ങള്‍ ഒരുക്കിയെടുക്കുന്നതുവരെയുള്ള ആശങ്ക സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. ജിസാന്‍, അസീര്‍, നജ്റാന്‍ മേഖലകളിലെ ഫീല്‍ഡ് ഓഫീസറായി ഒരാഴ്ചക്ക് മുമ്ബ് തന്നെ അദ്ദേഹം ജോലിയില്‍ പ്രവേശിച്ചിരുന്നു. ജിസാനില്‍ അദ്ദേഹത്തിന് നല്ലൊരു സൗഹൃദം ലഭിക്കുകയും ചെയ്തിരുന്നു. അവരുടെ സഹായത്തോടെ ജിസാനിലെ അബൂഹാരിസില്‍ താമസ സ്ഥലം ഒരുക്കിയതിന് ശേഷം ജുബൈലിലുള്ള കുടുംബത്തെ കൂട്ടിവരാന്‍ ജാബിര്‍ തിരികെയെത്തുകയായിരുന്നു.
വിധിയുടെ അലംഘനീയ തീരുമാനത്തിന് മുന്നില്‍ മനുഷ്യന് ഒന്നും മാറ്റിവെക്കാനാവില്ല എന്നതുപോലെ നാട്ടിലുള്ള കുടുംബം ഒരു മാസം മുമ്ബാണ് തിരികെയെത്തിയത്. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് ജാബിര്‍ അവധിക്ക് നാട്ടിലെത്തിയിരുന്നു. ഭാര്യയുടേയും ഇളയ മകളുടേയും താമസ വിസ മാത്രം നിലനിര്‍ത്തി മറ്റ് രണ്ട് കുട്ടികളേയും എക്സിറ്റടിച്ച്‌ നേരത്തെ നാട്ടിലയച്ചിരുന്നു. ഇവര്‍ക്കുള്ള സന്ദര്‍ശക വിസയുമായാണ് ജാബിര്‍ നാട്ടിലെത്തിയത്.
ഒരു മാസത്തെ അവധിക്കാലത്ത് ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടേയുമൊക്കെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. അപ്പോഴൊന്നും ഇതൊരു അവസാന യാത്ര പറച്ചിലാകുമെന്ന് ആരും കരുതിയില്ല. തിരിച്ചെത്തി ഒരു മാസം കഴിഞ്ഞാണ് കുടുംബം ദുബൈ വഴി സൗദിയിലെത്തിയത്.
ദുബൈയില്‍ 14 ദിവസം ക്വാറന്‍റീന്‍ ഉള്‍പ്പെടെയുള്ള സംവിധാനമൊരുക്കിയാണ് ജാബിര്‍ കുടുംബത്തെ തിരികെയെത്തിച്ചത്. സൗദിയിലെ പ്രശസ്തമായ അബ്ദുള്‍ ലത്തീഫ് അല്‍ ജമീല്‍ കമ്ബനിയില്‍ ജോലിചെയ്യുന്ന മുഹമ്മദ് ജാബിനെക്കുറിച്ച്‌ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും പങ്കുവെക്കാന്‍ നല്ലത് മാത്രമേയുള്ളു. സൗമ്യ പ്രകൃതന്‍. ശാന്തശീലന്‍, സ്നേഹ സമ്പന്നന്‍. ഒരു ആള്‍ക്കൂട്ടത്തിലും ആളാകാനില്ലാതെ ജീവിതത്തെ ശാന്തമായി കൊണ്ടു നടന്ന ആള്‍. കുടുംബം തന്‍റെ ലോകമാക്കിമാറ്റിയ മുഹമ്മദ് ജാബിര്‍ ജീവകാരുണ്യ പ്രവര്‍ത്തകരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
ജുബൈലില്‍ നിന്ന് യാത്ര പറഞ്ഞ് പോകുന്നതിനുള്ള ഒരുക്കം ആരംഭിക്കുന്നത് രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് അടുത്ത സുഹൃത്തുക്കളോടെല്ലാം ജാബിറും കുടുംബവും യാത്ര പറഞ്ഞിരുന്നു. ജുബൈലില്‍ താമസിച്ചിരുന്ന വീട്ടിലെ എല്ലാ സാധനങ്ങളും ഒരു ഡൈന വാഹനത്തില്‍ കയറ്റി അയച്ചാണ് ജാബിറും കുടുംബവും വെള്ളിയാഴ്ച പുലര്‍ച്ചയോടെ ജിസാനിലേക്ക് തിരിച്ചത്. റിയാദ് വരെ തന്റെ വാഹനത്തിന്റെ തൊട്ടു പിറകിലായി ജാബിറിന്റെ കാറും ഉണ്ടായിരുന്നുവെന്നാണ് ഡൈന ഡ്രൈവര്‍ പറഞ്ഞത്. പിന്നീട് അവരെ കാണാതായപ്പോഴും കൃത്യമായ ലൊക്കേഷന്‍ മാപ്പ് തന്നിരുന്നതിനാല്‍ അവരെ കാത്തുനില്‍ക്കാതെ അദ്ദേഹം സാധനങ്ങളുമായി നേരെ ജിസാനിലേക്ക് തന്നെ പോവുകയായിരുന്നു.
അവിടെയുള്ള സുഹൃത്തുക്കളെ ബന്ധപ്പെട്ട് സാധനങ്ങള്‍ ഇറക്കുന്നതിന് മുമ്പ് ജാബിറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് പല സാമൂഹിക പ്രവര്‍ത്തകരുമായും ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് അപകട വിവരം അറിയുന്നത്. റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള റിയാന്‍ ജനറല്‍ ആശുപത്രിയില്‍ മലയാളി നഴ്സുമാര്‍ നഴ്സിങ് അസോസിയേഷന്‍റെ ഗ്രൂപ്പില്‍ പങ്കുവെച്ച വിവരത്തെ തുടര്‍ന്നാണ് ഇവര്‍ അപകടത്തില്‍പ്പെട്ട വിവരം പുറം ലോകമറിഞ്ഞത്.
ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് സൗദി കുടുംബം സഞ്ചരിച്ചിരുന്ന ലാന്‍റ്ക്രൂയിസര്‍ കാര്‍ ഇടിച്ചു കയറുകയായിരുന്നു. കോഴിക്കോട് ബേപ്പുര്‍ പാണ്ടികശാലക്കണ്ടി വീട്ടില്‍ ആലിക്കോയയുടേയും ഹഫ്സയുടേയും മൂത്തമകനാണ് മുഹമ്മദ് ജാബിര്‍ (44), ഭാര്യ: ശബ്‌ന (36), മക്കളായ ലൈബ (7), സഹ (5), ലുത്ഫി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

Related Articles

Back to top button