KeralaLatest

കാര്‍ഷികോല്‍പ്പന്നങ്ങളെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കണം; മന്ത്രി ബാലഗോപാൽ

“Manju”

കണ്ണൂര്‍: കാര്‍ഷികോല്‍പന്നങ്ങളെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റിയാല്‍ മാത്രമേ കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് പിടിച്ചു നില്‍ക്കാനാവൂ എന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാൽ പറഞ്ഞു. ഇതിന് സഹായകമാവുന്നതാവണം നിക്ഷേപ സംഗമങ്ങളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ഇന്‍വെസ്റ്റേഴ്‌സ് ഹെല്‍പ് ഡെസ്‌ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഷെല്‍ഫ് ലൈഫ് കുറഞ്ഞ കാര്‍ഷിക ഉല്‍പ്പന്നങ്ങളാണ് കേരളത്തില്‍ കൂടുതലും ഉണ്ടാക്കുന്നത്. അവയെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ആക്കി മാറ്റിയാല്‍ എളുപ്പത്തില്‍ സംഭരിക്കാനും വിപണനം ചെയ്യാനും കഴിയും. കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ആധുനിക സാങ്കേതിക വിദ്യ, ഉപകരണങ്ങള്‍, സര്‍ക്കാറിന്റെ സഹായങ്ങള്‍ തുടങ്ങിയവ പ്രയോജനപ്പെടുത്തിയാല്‍ നല്ല സംരംഭങ്ങള്‍ തുടങ്ങാം. അഞ്ചു ലക്ഷം പേര്‍ക്കെങ്കിലും ഇങ്ങനെ തൊഴിലുണ്ടാക്കാന്‍ കഴിയും. പുതിയ നിക്ഷേപങ്ങള്‍ ഉണ്ടാവണം, കേരളത്തിനു മാത്രമായി ബ്രാന്‍ഡുകള്‍ ഉണ്ടാവണം, പുതിയ ആശയങ്ങള്‍ രൂപപ്പെടണം. അതിന് യുവതലമുറയുടെ പിന്തുണ വേണം. അവരുടെ ആശയങ്ങള്‍ക്കും ആഗ്രഹ സഫലീകരണത്തിനും പിന്തുണ നല്‍കണം മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

കൊവിഡ് മഹാമാരി മൂലം പ്രതിസന്ധി നിറഞ്ഞ ഘട്ടത്തില്‍ എല്ലാ മേഖലയിലും മാതൃകയാവാന്‍ കേരളത്തിന് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇന്‍വെസ്‌റ്റേഴ്‌സ് ഹെല്‍പ് ഡെസ്‌കിന്റെ ആദ്യ ധനസഹായം പട്ടുവം പൂമ്പാറ്റ സ്വാശ്രയ സംഘത്തിന് മന്ത്രി കൈമാറി. റിവോള്‍വിംഗ് ഫണ്ടായി അഞ്ച് ലക്ഷം രൂപയാണ് നല്‍കിയത്.
ജില്ലയെ സംരംഭക സൗഹൃദ ജില്ലയാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത് ഇന്‍വെസ്റ്റേഴ്‌സ് ഹെല്‍പ് ഡസ്‌ക് തുടങ്ങിയത്. സംരംഭകത്വം പ്രോത്സാഹനത്തിന് ഈ വര്‍ഷം ഒരു കോടി രൂപയാണ് മാറ്റി വെച്ചത്.

വ്യവസായം തുടങ്ങുന്നതിന് വിവിധ വകുപ്പുകള്‍ നടപ്പാക്കുന്ന പദ്ധതികള്‍ പരിചയപ്പെടുത്തല്‍, ജില്ലയില്‍ സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസന്‍സുകള്‍, ക്ലിയറന്‍സുകള്‍ ലഭ്യമാക്കാന്‍ സഹായിക്കുക, പുതിയ പദ്ധതികള്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കുക, അതിന്റെ വിജയസാധ്യത ബോധ്യപ്പെടുത്തുക. വ്യവസായത്തിനാവശ്യമായ ഭൂമി, അസംസ്‌കൃത വസ്തുക്കള്‍, മെഷിനറി, മൂല്യ വര്‍ധിത ഉല്‍പന്നങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ വിവിധ വകുപ്പുകളുടെ പരിശീലന പരിപാടികളെ പറ്റി വിവരങ്ങള്‍ നല്‍കുക, വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സങ്കേതിക വിദഗ്ധരെ പരിചയപ്പെടുത്തുക, ഉപരിപഠന മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണം നടത്തുന്നതിന് സഹായം നല്‍കുക തുടങ്ങിയവയാണ് ഹെല്‍പ് ഡസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അംഗങ്ങളായ യു പി ശോഭ, അഡ്വ. ടി സരള, വി കെ സുരേഷ് ബാബു, അഡ്വ. കെ കെ രത്‌നകുമാരി, അംഗം തോമസ് വക്കത്താനം, എന്‍ പി ശ്രീധരന്‍, സെക്രട്ടറി വി ചന്ദ്രന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി ഒ ഗംഗാധരന്‍, മാനേജര്‍ പി വി രവീന്ദ്രന്‍, സംരംഭകര്‍,  ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button