KottayamLatest

PCB ജില്ലാ ഓഫീസറുടെ ഫ്ളാറ്റില്‍ നോട്ടുകെട്ടുകളുടെ കൂമ്പാരം

“Manju”

കോട്ടയം: കൈക്കൂലി വാങ്ങിയതിന് കോട്ടയത്ത് അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോര്‍ഡ് (Pollution Control Board) ജില്ലാ ഓഫീസര്‍ എ എം ഹാരിസിന്റെ ഫ്ലാറ്റില്‍ നിന്ന് 16 ലക്ഷം രൂപ വിജിലന്‍സ് കണ്ടെത്തി.
വിജിലന്‍സ് ഡിവൈഎസ്പിമാരായ കെ എ വിദ്യാധരന്‍ (കോട്ടയം യൂണിറ്റ്), എ കെ വിശ്വനാഥന്‍ ( റേഞ്ച് )എന്നിവിരുടെ നേതൃത്വത്തിലായിരുന്ന് റെയ്ഡും അറസ്റ്റും. ടയര്‍ അനുബന്ധ സ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇന്നലെ ഇയാള്‍ അറസ്റ്റിലായത്.
ഇയാളുടെ കൈയില്‍ നിന്ന് 25,000 രൂപ പിടിച്ചെടുത്തിരുന്നു. ഇതേ ആവശ്യത്തിന് കൈക്കൂലി ചോദിച്ച മുന്‍ ജില്ലാ ഓഫീസര്‍ ജോസ് മോന്‍ കേസില്‍ രണ്ടാം പ്രതിയാണ്.
മലിനീകരണ നിയന്ത്രണ ബോര്‍ഡുകളിലെ അഴിമതിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് റെയ്ഡിലെ കണ്ടെത്തല്‍

പാലാ സ്വദേശിയായ ജോസ് സെബാസ്റ്റ്യന്‍ അനുബന്ധ സ്ഥാപനം 2016 ലാണ് ആരംഭിച്ചത്. ഈ സ്ഥാപനത്തിനെതിരെ അയല്‍വാസി ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടി പരാതി നല്‍കി. ഇതോടെയാണ് സ്ഥാപന ഉടമ ജോസ് സെബാസ്റ്റ്യന്‍ മലിനീകരണ തോത് അളക്കുന്നതിനുവേണ്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡിനെ സമീപിച്ചത്. എന്നാല്‍ അന്നു മുതല്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി ജോസ് ബാസ്റ്റ്യന്‍ പറയുന്നു. ഒരു ലക്ഷം രൂപയാണ് മുന്‍ ജില്ലാ ഓഫീസര്‍ ആയ ജോസ് മോന്‍ ആവശ്യപ്പെട്ടത്. ഒടുവില്‍ കൈക്കൂലി നല്‍കാതെ വന്നതോടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും തടസ്സപ്പെട്ടു.
സ്ഥാപനം പ്രവര്‍ത്തിക്കുന്നതിന് അനുമതി തേടി ജോസ് സെബാസ്റ്റ്യന്‍ പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ നിന്നും അനുകൂലവിധി ഉണ്ടായതോടെയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനമാരംഭിച്ചത്. ശബ്ദ മലിനീകരണ തോത് പരിശോധിച്ച്‌ ഈ സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള അനുമതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയില്ല. വീണ്ടും ഉദ്യോഗസ്ഥരെ സമീപിച്ചതോടെ കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പരാതിക്കാരനായ ജോസ് സെബാസ്റ്റ്യന്‍ പറയുന്നു.

കോടതിയില്‍ അഭിഭാഷകര്‍ക്ക് നല്‍കുന്ന പണം തങ്ങള്‍ തന്നാല്‍ പോരെ എന്ന് ഉദ്യോഗസ്ഥര്‍ ചോദിച്ചതായി ജോസ് സെബാസ്റ്റ്യന്‍ പറയുന്നു. പണം നല്‍കിയില്ലെങ്കില്‍ സ്ഥാപനം പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും പോയി ആത്മഹത്യ ചെയ്യാന്‍ ഹാരിസ് പറഞ്ഞതായി ജോസ് സെബാസ്റ്റ്യന്‍ പറയുന്നു. ഇതോടെയാണ് വിജിലന്‍സിനെ സമീപിച്ച്‌ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്. ഇന്ന് രാവിലെ അനുമതിക്കായി വിജിലന്‍സ് നല്‍കിയ പണവുമായി ഇയാള്‍ എത്തുകയായിരുന്നു. പണം കൈമാറിയതോടെ വിജിലന്‍സ് സംഘം നേരിട്ടെത്തി അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് ഇയാളില്‍ നിന്നും തെളിവ് ശേഖരിച്ചു.
നേരത്തെ സ്ഥാപനം പ്രവര്‍ത്തിക്കുന്നതിന് അനുമതി നിഷേധിച്ച ജോസ് മോനെതിരെയും കടുത്ത നടപടി എടുക്കാനാണ് തീരുമാനം. ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ കൈക്കൂലി കേസില്‍ പിടിയിലായത് വകുപ്പിനെ ഞെട്ടിച്ചിട്ടുണ്ട്. ഇയാള്‍ക്കെതിരെ വകുപ്പുതല നടപടിയും വൈകാതെ ഉണ്ടാകുമെന്നാണ് സൂചന.

Related Articles

Back to top button