LatestMalappuram

മലബാറിലും കല്യാണത്തിരക്ക്

“Manju”

മലപ്പുറം: പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതോടെ മലബാര്‍ മേഖലയില്‍ കല്ല്യാണങ്ങളുടെ എണ്ണവും വര്‍ധിക്കുന്നു.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മുസ്ലിം മതവിശ്വാസികളായ നൂറുകണക്കിന് പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ തീരുമാനിച്ചു കഴിഞ്ഞു. ഒരു വര്‍ഷത്തിന് ശേഷം വിവാഹമെന്ന് ഉറപ്പിച്ച്‌ നിക്കാഹ് നടത്തിയ പെണ്‍കുട്ടികളെയും വേഗത്തില്‍ കെട്ടിച്ചുവിടാനും ശ്രമം നടക്കുന്നുണ്ട്. നിക്കാഹിന് ശേഷം വിദേശത്തേക്ക് പോയ വരന്മാരെ ഇതിനായി തിരിച്ചെത്തിച്ചു കൊണ്ടിരിക്കുകയാണ്. പതിവിന് വിപരീതമായി തുണിക്കടകളിലും ജ്വല്ലറികളിലും അനുഭവപ്പെടുന്ന തിരക്കും ഇത്തരം കല്യാണങ്ങളുടെ ബാക്കിപത്രമാണെന്ന് കച്ചവടക്കാരും പറയുന്നു.
വിവാഹപ്രായം ഉയര്‍ത്തുന്നത് രാജ്യത്തെ പെണ്‍മക്കള്‍ക്ക് വേണ്ടിയാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ജാതിമത രാഷ്ട്രീയ ഭേദമന്യേ ഒരേ മനസ്സോടെ സ്വാഗതം ചെയ്യുകയാണ് പെണ്‍കുട്ടികള്‍. സമൂഹമാധ്യമങ്ങളിലടക്കം തങ്ങളുടെ സന്തോഷം പങ്കുവെച്ച്‌ നിരവധി പെണ്‍കുട്ടികള്‍ രംഗത്തെത്തി കഴിഞ്ഞു, ഇതില്‍ ഏറെയും മുസ്ലിം മതവിശ്വാസികളാണെന്നതാണ് ശ്രദ്ധേയം.
ഹിന്ദു സംഘടനകളും സിറോ മലബാര്‍ സഭയടക്കമുള്ള ക്രിസ്ത്യന്‍ സഭകളും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോള്‍ ചില മുസ്ലിം സംഘടനകള്‍ മാത്രമാണ് എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. മതസംഘടനകളെ തോല്‍പ്പിക്കുന്ന തീവ്രതയോടെയാണ് മുസ്ലിം ലീഗ് നിയമത്തെ എതിര്‍ക്കുന്നത്. ഭരണഘടനാ ലംഘനമെന്ന് വാദിക്കുന്ന ലീഗ് നേതാക്കള്‍ എന്തിനാണ് ശരിക്കും എതിര്‍ക്കുന്നതെന്ന് വ്യക്തമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമെന്ന് ആരോപിച്ച്‌ എതിര്‍ക്കുന്നവരോടൊപ്പമാണ് സിപിഎം അടക്കമുള്ള ഇടത് പാര്‍ട്ടികള്‍. എന്നാല്‍ ക്രിസ്ത്യന്‍ സഭകള്‍ നിയമത്തെ അംഗീകരിക്കുമെന്ന് അറിയിച്ചതോടെ സിപിഎം തത്ക്കാലം പരസ്യപ്രസ്താവനകള്‍ അവസാനിപ്പിച്ചിരിക്കുകയാണ്.
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തല്‍ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങള്‍ പഠിക്കാന്‍ വേണ്ടി രൂപീകരിച്ച കേന്ദ്ര ടാസ്‌ക് ഫോഴ്സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിസഭ വിവാഹപ്രായം ഉയര്‍ത്താന്‍ തീരുമാനിച്ചത്.

Related Articles

Back to top button