LatestTech

വിമാന നിര്‍മ്മാണം ഹോബിയാക്കി അനൂപ്

“Manju”

കോങ്ങാട്: കുട്ടിക്കാലത്ത് പേപ്പര്‍ കൊണ്ട് വിമാനം ഉണ്ടാക്കി കളിക്കാത്ത കുട്ടികള്‍ കുറവായിരിക്കും. കുട്ടിക്കാലം മുതലുള്ള ആഗ്രഹവും നിശ്ചയദാര്‍ഢ്യവും ഒന്നിച്ചപ്പോള്‍ അനൂപിന്റെ മോഹം സഫലമായി. അനൂപിന്റെ ബുദ്ധിയില്‍ കൊച്ചു വിമാനം ആകാശത്ത് വട്ടമിട്ടു പറന്നു. ഗ്രാമ പ്രദേശമായ വീടിനു മുന്നില്‍ വിമാനം പറന്നുയര്‍ന്നതോടെ നാട്ടുകാര്‍ക്കു കൗതുകമായി. തുടര്‍ച്ചയായി 10 മിനിറ്റ് പറക്കുന്ന വിമാനം ആണു അനൂപ് നിര്‍മ്മിച്ചത്. 800 മീറ്റര്‍ ഉയരത്തില്‍ ആണ് സഞ്ചാരം. നിയന്ത്രണം റിമോട്ട് കണ്‍ട്രോള്‍ വഴിയായിരുന്നു. ഇലക്‌ട്രിക് മോട്ടര്‍, ബാറ്ററി എന്നിവയാണു പ്രധാന അസംസ്‌കൃത സാധനം. ബോര്‍ഡ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന ഫ്‌ളക്‌സ് വരെ നിര്‍മ്മാണത്തിനു ഉപയോഗിച്ചിട്ടുണ്ട്.
അവസാന വര്‍ഷ മെക്കാനിക് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയായ പി.എസ്.അനൂപ് റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസഥനായ തൃപ്പലമുണ്ട നരിക്കുളം പുത്തന്‍ വീട്ടില്‍ ശശിധരന്റെയും പ്രസന്നയുടെയും മകനാണ്. ബെംഗളൂരുവിലാണ് താമസം. ക്രിസ്തുമസ് അവധിക്ക് നാട്ടിലേക്ക് പോന്നപ്പോള്‍ യാത്ര കാറില്‍ ആയതിനാല്‍ നിര്‍മ്മിച്ച വിമാനവും കൂടെ കൊണ്ടുവന്നു.
ഇതോടെയാണ് നാട്ടുകാര്‍ക്കും കൗതുമായി അനൂപിന്റെ വിമാനം വീടിനു മുകളില്‍ വട്ടമിട്ട് പറക്കുന്നത്.
അനൂപിന്റെ വിമാനത്തിന് 10,000 രൂപ ചെലവ് വന്നു. വീട്ടില്‍ പല മോഡല്‍ വിമാനം നിര്‍മ്മിക്കും പിന്നെ വീണ്ടും മാറ്റി നിര്‍മ്മിക്കും. പഠനത്തിനൊപ്പം വിമാനം നിര്‍മ്മാണം ആണ് പ്രധാന വിനോദം. ഇതിനായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി ആശയ വിനിമയം നടത്തും. യൂട്യൂബ് സൗകര്യം പ്രയോജനപ്പെടുത്തും. അടുത്തത് എന്‍ജിന്‍ ഘടിപ്പിച്ച വിമാനം നിര്‍മ്മിക്കാനാണ് ലക്ഷ്യം. ഡ്രോണ്‍, പറക്കുന്ന പറവ എന്നിവയും അനൂപ് നിര്‍മ്മിച്ചിട്ടുണ്ട്.
പക്ഷേ, കൂടുതല്‍ ഇഷ്ടം വിമാനം നിര്‍മ്മിക്കാനാണ്. ജോലി കിട്ടിയാലും ഒഴിവ് സമയം ഇതിനായി വിനിയാഗിക്കും എന്ന് അനൂപ് പറയുന്നു. ഈ വിഷയത്തില്‍ താല്‍പര്യം ഉള്ള വിദ്യാര്‍ത്ഥികള്‍ക്കു അറിവ് പങ്കിടാനും അനൂപ് തയാറാണ്. കേരള റേഡിയോ കണ്‍ട്രോള്‍ഡ് ഫ്‌ളയേഴ്‌സ് ക്ലബ് അംഗമാണ്. മാതാപിതാക്കള്‍ക്കൊപ്പം സഹോദരി മിനുവും അനൂപിന്റെ ആകാശ മോഹങ്ങള്‍ക്കു പിന്തുണയുമായി ഉണ്ട്.

Related Articles

Back to top button