Entertainment

നർമം ചാലിച്ച് ബ്രോ ഡാഡിയുടെ ടീസറെത്തി

“Manju”

പ്രേക്ഷകർ കാത്തിരുന്ന ബ്രോഡാഡിയുടെ ടീസർ എത്തി. കൂടുതൽ ഒന്നും പറയുന്നില്ല, നിങ്ങൾ കണ്ടുനോക്കൂ എന്ന ടാഗ് ലൈനോടെ ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ മലയാളം യൂട്യൂബ് ചാനലിലൂടെയാണ് ടീസർ എത്തിയിരിക്കുന്നത്. വൻതാരനിരയുമായി എത്തുന്ന ചിത്രത്തിന്റെ ടീസർ ഒന്നരമിനിറ്റ് ദൈർഘ്യത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ ആകാംക്ഷയെ തൃപ്തിപ്പെടുത്തി സിനിമയിലെ താരങ്ങളെ പരിചയപ്പെടുത്തുന്നതാണ് ടീസർ.

നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദമ്പതികളായി മോഹൻലാലും മീനയും എത്തുന്നു. ഇവരുടെ മകനായി സംവിധായകൻ പൃഥ്വിരാജ് തന്നെയാണ് എത്തുന്നത്. പ്രണയിനിയായി കല്യാണി പ്രിയദർശനുമുണ്ടെന്ന് ടീസർ സൂചിപ്പിക്കുന്നു. ജോൺ കാറ്റാടിയും ഈശോ ജോൺ കാറ്റാടിയുമായാണ് മോഹൻലാലും പൃഥ്വിരാജുമെത്തുന്നത്. രസകരമായ വേഷങ്ങളുമായി ലാലു അലക്‌സും സൗബിനുമെത്തുന്നുണ്ട്. മറ്റ് പ്രധാന വേഷങ്ങളിൽ ഉണ്ണിമുകുന്ദൻ, കനിഹ, മുരളി ഗോപി, ജഗദീഷ്, മല്ലിക സുകുമാരൻ എന്നിവരുമുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.

ശ്രീജിത്ത് എൻ, ബിബിൻ, സജീവ് പാഴൂർ എന്നിവർ തിരക്കഥയെഴുതുന്ന ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നത് ദീപക് ദേവാണ്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ വഴി ഒടിടി റിലീസായിരിക്കും ചിത്രം. അതേസമയം ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

Related Articles

Back to top button