Tech

ടെസ്ലയുടെ ഓട്ടോപൈലറ്റ് ടീമിലേക്ക് ആദ്യമായി നിയമിച്ചത് ഇന്ത്യൻ വംശജനെ

“Manju”

വാഷിങ്ടൺ: തന്റെ ഇലക്ട്രിക് വാഹന കമ്പനിയുടെ ഓട്ടോപൈലറ്റ് ടീമിലേക്ക് ആദ്യമായി നിയമിക്കപ്പെട്ടത് ഇന്ത്യൻ വംശജനായ അശോക് എള്ളുസ്വാമിയാണെന്ന് വെളിപ്പെടുത്തി ഇലോൺ മസ്‌ക്. ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ പ്രശസ്തനായ ടെസ്ല സിഇഒ ആയ ഇലോൺ മസ്‌ക്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ടെസ്ല ഒരു ഓട്ടോപൈലറ്റ് ടീം ആരംഭിക്കുന്നതായുളള തന്റെ ട്വീറ്റിനെ തുടർന്ന് റിക്രൂട്ട് ചെയ്ത ആദ്യത്തെ വ്യക്തിയാണ് അശോകെന്ന് മസ്‌ക് പറഞ്ഞു.

തന്റെ അഭിമുഖത്തിന്റെ വീഡിയോയ്‌ക്ക് മറുപടിയായാണ് മസ്‌ക് ട്വിറ്ററിൽ ഈ വിവരം വെളിപ്പെടുത്തിയത്. നിലവിൽ ഓട്ടോപൈലറ്റ് എൻജിനീയറിങ് വിഭാഗം മേധാവിയാണ് അശോക് എല്ലുസ്വാമിയെന്ന് അദ്ദേഹം അറിയിച്ചു. ലോകത്തിലെ ഏറ്റവും മിടുക്കരായ ആളുകളിൽ ചിലരാണ് തന്റെ ടീമിലുളളതെന്ന് മസ്‌ക് പറഞ്ഞു. ടെസ്ലയിൽ ചേരുന്നതിന് മുമ്പ് ഫോക്സ്വാഗൺ ഇലക്ട്രോണിക് റിസർച്ച് ലാബിലും വാബ്കോ വെഹിക്കിൾ കൺട്രോൾ സിസ്റ്റത്തിലും അശോക് എള്ളുസ്വാമി ജോലി ചെയ്തിരുന്നു.

ചെന്നൈയിലെ ഗിണ്ടിയിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ബിരുദം നേടി. പിന്നീട് പിറ്റ്സ്ബർഗിലെ കാർണഗീ മെലോൺ യൂണിവേഴ്സിറ്റിയിൽ നിന്ന് റോബോട്ടിക്സ് സിസ്റ്റം ഡെവലപ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ് അശോക്.

ടെസ്ല ഹാർഡ്കോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എഞ്ചിനീയർമാരെ തിരയുന്നുവെന്ന് മസ്‌ക് ട്വിറ്ററിൽ

ജനങ്ങളുടെ ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിൽ അഭിനിവേശമുള്ള ഹാർഡ്കോർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) എഞ്ചിനീയർമാരെയാണ് ടെസ്ല തിരയുന്നതെന്ന് പ്രഖ്യാപിച്ച് ഡിസംബറിൽ മസ്‌ക് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. താൽപ്പര്യമുള്ള വ്യക്തികളോട് പേര്, ഇമെയിൽ, സോഫ്റ്റ്വെയർ, ഹാർഡ്വെയർ അല്ലെങ്കിൽ എഐ എന്നിവയിൽ ചെയ്ത അസാധാരണമായ ജോലികൾ അടങ്ങിയ വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ അവരുടെ ബയോഡാറ്റ പിഡിഎഫ് ഫോർമാറ്റിൽ നൽകണമെന്നും ആവശ്യപ്പെട്ടു. ഫോർബ്സിന്റെ കണക്കനുസരിച്ച് ഏകദേശം 282 ബില്യൺ യുഎസ് ഡോളറിന്റെ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് മസ്‌ക്.

Related Articles

Back to top button