LatestThiruvananthapuram

പോത്തന്‍കോട് മിനി സിവില്‍സ്റ്റേഷന്‍ യാഥാര്‍ഥ്യത്തിലേക്ക്‌

“Manju”

പോത്തന്‍കോട് മിനി സിവില്‍സ്റ്റേഷന്‍ യാഥാര്‍ഥ്യത്തിലേക്ക്‌. സിവില്‍സ്റ്റേഷന്റെ പ്രവര്‍ത്തനം 19-ന് തുടങ്ങാന്‍ തീരുമാനിച്ചതായി മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഓഫീസുകളുടെ മാറ്റം 15-ന് പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

പോത്തന്‍കോടിന്റെ മുഖച്ഛായ മാറ്റുന്ന പദ്ധതിയാണ് മിനി സിവില്‍സ്റ്റേഷന്‍. വിവിധ സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴിലേക്കെത്തുന്നത് പൊതുജനങ്ങള്‍ക്ക് വലിയ ഉപകാരമാകും. രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 10 കോടി രൂപ ചെലവിട്ടാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ നാലുനില മന്ദിരം നിര്‍മ്മിച്ചിട്ടുള്ളത്.36600 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് കെട്ടിടം.
മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മിക്കാനായി ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 40 സെന്റ് ഭൂമി റവന്യൂവകുപ്പിനു കൈമാറിയിരുന്നു. ഈ ഭൂമിയിലാണ് കെട്ടിടം നിര്‍മ്മിച്ചത്. 2015-ല്‍ ഭരണാനുമതി ലഭിച്ചെങ്കിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് 2018 ജൂണിലാണ്. മുന്‍ എം.എല്‍.എ. പാലോട് രവിയുടെ ഇടപെടലിനെത്തുടര്‍ന്നു ലഭിച്ച അഞ്ചുകോടിയും പിന്നാലെ എം.എല്‍.എ. ആയ സി.ദിവാകരന്റെ ഇടപെടലിലൂടെ ലഭിച്ച അഞ്ചുകോടിയുമാണ് നിര്‍മ്മാണത്തിനായി വിനിയോഗിച്ചത്.പൊതുമരാമത്ത് വകുപ്പിലെ ആർക്കിടെക്ചർ വിഭാഗം രൂപകല്പനചെയ്ത കെട്ടിടം ഒന്നരവർഷംകൊണ്ട് പൂർത്തിയാക്കാനായിരുന്നു കരാർ. എന്നാൽ, മൂന്നര വർഷം കഴിഞ്ഞാണ് കെട്ടിടം പൂർത്തിയായത്.

ഒന്നാമത്തെ നിലയിൽ കീഴ്‌തോന്നയ്ക്കൽ വില്ലേജോഫീസ്, സബ് രജിസ്ട്രാർ ഓഫീസ്, സപ്ലൈകോ മെഡിക്കൽ ഷോപ്പ്, പോസ്റ്റോഫീസ് എന്നിവയും രണ്ടാംനിലയിൽ സംയോജിത ശിശു വികസന പദ്ധതി ഓഫീസ്, പൊതുമരാമത്ത് വകുപ്പ് ഓഫീസ്, ഹോമിയോ ആശുപത്രി, സിദ്ധാശുപത്രി എന്നിവയും മൂന്നാംനിലയിൽ ജലവിഭവവിഭാഗം ഓഫീസ് എന്നിവയുമുൾപ്പെടെ 10 സർക്കാർ ഓഫീസുകളാണ് കെട്ടിടത്തിൽ പ്രവർത്തിക്കാൻ തീരുമാനിച്ചിട്ടുള്ളത്. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തോഫീസും ട്രഷറിയും മിനി സിവിൽസ്റ്റേഷനിൽ ഉണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. മിനി സിവിൽസ്റ്റേഷൻ ഉദ്ഘാടനത്തിന് തയ്യാറെടുക്കുമ്പോഴും ഇവിടേക്കെത്താനുള്ള റോഡ് നിർമ്മാണം എങ്ങുമെത്തിയിട്ടില്ല. റോഡ് നിർമ്മാണം 15-ന് മുമ്പ് പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ അറിയിച്ചു.

Related Articles

Check Also
Close
Back to top button