AutoTech

കാറിന്റെ നിറം മാറിമറയുന്ന സാങ്കേതികവിദ്യ അവതരിപ്പിച്ച് ബിഎംഡബ്ല്യു

“Manju”

പുതുപുത്തൻ ന്യൂതന സാങ്കേതിക വിദ്യയുമായി എത്തി വാഹനലോകത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് ജർമൻ ആഡംബര വാഹനനിർമ്മാതാക്കളായ ബിഎംഡബ്ല്യൂ. ഒരു ബട്ടൺ അമർത്തിയാൽ നിറം മാറുന്ന കാറാണ് നിർമ്മാതാക്കൾ അവതരിപ്പിച്ചിരിക്കുന്നത്. ബിഎംഡബ്ല്യൂ ഐഎക്‌സ് ഫ്‌ളോ മോഡൽ കൺസെപ്റ്റ് കാറിലാണ് ഈ വിദ്യ അവർ സൃഷ്ടിച്ചിരിക്കുന്നത്. ലാസ് വെഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്‌സ് ഷോയിൽ(സിഇഎസ്) ആണ് ബിഎംഡബ്ല്യൂ വാഹനം അവതരിപ്പിച്ചത്.

ആമസോൺ കിൻഡിൽ പോലുള്ള ഇ-റീഡറുകളിൽ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഇങ്ക് ടെക്‌നോളജിയാണ് കാറിന്റെ നിറം മാറാനും ബിഎംഡബ്ല്യൂ തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ട് നിറങ്ങളിലായാണ് നിറങ്ങൾ മാറുന്നത്. വളരെ നേർത്ത ഇ-ഇങ്ക് നെഗറ്റീവ് ചാർജ്ജാവുമ്പോൾ വെള്ള നിറവും, പോസിറ്റീവ് ചാർജ്ജാവുമ്പോൾ ചാര നിറവും കാണിക്കുന്നു.

സാധാരണ ഇ-റീഡറിന്റെ സ്‌ക്രീൻ പോലുള്ള 2ഡി രൂപത്തിൽ നിന്നും 3ഡി രൂപമായ കാറിന്റെ പുറം ഭാഗം ഇ-ഇങ്ക് ഉപയോഗിച്ച് പൂർണമായും മൂടുകയെന്നത് കനത്ത വെല്ലുവിളിയായിരുന്നുവെന്ന് ബിഎംഡബ്ല്യൂ റിസർച്ച് എഞ്ചിനീയർ സ്‌റ്റെല്ല ക്ലാർക്ക് പറയുന്നു. ഫോണിലെ ഒരു ആപ്പ് ഉപയോഗിച്ച് ഇലക്ട്രിക് സിഗ്നലുകൾ പുറപ്പെടുമ്പോൾ, കാറിന്റെ പ്രതലത്തലുള്ള ഇ-ഇങ്ക് പ്രവർത്തിച്ച് നിറം മാറുന്നുവെന്നും ക്ലാർക്ക് വ്യക്തമാക്കി.

എന്താണ് ഇത്തരത്തിൽ നിറം മാറുന്നതുകൊണ്ടുള്ള ഗുണമെന്ന ചോദ്യത്തിന് നിർമ്മാതാക്കൾ വ്യക്തമായ ഉത്തരം നൽകുന്നുണ്ട്. കാറിൽ ഉൾപ്പെടുത്തിയ ഒരു നിറം വെള്ളയാണ്. ഇത് വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നതിനാൽ കാർ വെയിലത്ത് പാർക്ക് ചെയ്യേണ്ടി വരുമ്പോൾ ഉൾഭാഗം കുറച്ചേ ചൂടാകുകയുള്ളൂ. ഇത് എസിയുടെ പ്രവർത്തനം കുറച്ച്, അതുവഴി ഊർജ്ജം ലാഭിക്കാൻ സഹായിക്കുന്നു. ഇനി തണുത്ത കാലാവസ്ഥയിൽ കാർ ചാര നിറത്തിൽ ഉപയോഗിക്കുകയാണെങ്കിൽ, ചൂടും വെളിച്ചവും കൂടുതൽ വലിച്ചെടുത്ത് ഉൾഭാഗം സാധാരണയിലും ചൂടാക്കി നിലനിർത്താൻ സഹായിക്കുന്നു എന്ന് നിർമ്മാതാക്കൾ വിശദീകരിച്ചു.

എന്നാൽ നിലവിൽ വിപണിയിലുള്ള ബിഎംഡബ്ല്യൂ മോഡലുകളിൽ ഈ സാങ്കേതിക വിദ്യ ഉൾപ്പെടുത്താനാവില്ല. കാരണം, ഇ-ഇങ്ക് ഡിസ്‌പ്ലേകൾക്ക് ഉയർന്ന വിലയാണുള്ളത്. 422 ഇഞ്ച് വലുപ്പമുള്ള പാനലുകൾക്ക് ഏകദേശം 4 ലക്ഷത്തോളമാണ് വില. ഈ ഒരു ഫീച്ചർ ലഭിക്കാൻ മാത്രം ഒരു കാറിനോളം വരുന്ന തുക ഉപഭോക്തക്കൾ ചിലവഴിക്കേണ്ടി വരുന്നതിനാലാണ് സാധാരാണ മോഡലുകളിൽ ആ വിദ്യ ഉൾപ്പെടുത്താൻ കഴിയാത്തത്.

Related Articles

Back to top button