EntertainmentLatest

നടന്‍ സത്യരാജ്, തൃഷ, പ്രിയദര്‍ശന്‍ എന്നിവര്‍ക്ക് കോവിഡ്

“Manju”

ചെന്നൈ: പ്രമുഖ നടന്‍ സത്യരാജ് ആശുപത്രിയില്‍. കൊവിഡ് ബാധിച്ച്‌ വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന അദ്ദേഹത്തെ കഴിഞ്ഞ രാത്രിയാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
സിനിമാ മേഖലയിലെ ഒട്ടേറെ പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. നടിമാരായ തൃഷ, മീന, സംവിധായകന്‍ പ്രിയദര്‍ശന്‍, തെലുങ്ക് നടന്‍ മഹേഷ് ബാബു എന്നിവര്‍ക്കെല്ലാം കൊവിഡ് ബാധിച്ചിരുന്നു. രാജ്യത്ത് വീണ്ടും കൊവിഡ് ഭീതി ഉയരവെയാണ് താരങ്ങള്‍ക്ക് കൂട്ടത്തോടെ രോഗം ബാധിക്കുന്നത്.
തൃഷയ്ക്ക് നിലവില്‍ രോഗം ഭേദമായിട്ടുണ്ട്. നടി തന്നെയാണ് രോഗം ബാധിച്ചതും ഭേദമായതും അറിയിച്ചത്. നടി മീനയ്ക്ക് പുതുവര്‍ഷ ദിനത്തിലാണ് രോഗം ബാധിച്ചത്. അവര്‍ വീട്ടില്‍ ക്വാറന്റൈനിലാണ്. ബോളിവുഡ് നടി സ്വര ഭാസ്‌കറിന് കൊവിഡ് സ്ഥിരീകരിച്ച കാര്യം നടി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എല്ലാ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടും തനിക്കും കുടുംബത്തിലും കൊവിഡ് ബാധിച്ചുവെന്ന് സ്വര ഭാസ്‌കര്‍ പറയുന്നു.
സമൂഹ മാധ്യമം വഴിയാണ് നടി മീന കൊവിഡ് ബാധിച്ച വിവരം വെളിപ്പെടുത്തിയത്. ഈ വര്‍ഷത്തെ ആദ്യ അതിഥി മിസ്റ്റര്‍ കൊറോണയാണ് എന്ന് മീന പറയുന്നു. എന്റെ മുഴുവന്‍ കുടുംബത്തെയും അതിഥിക്ക് ഇഷ്ടമായി. എങ്കിലും അധിക കാലം ഈ അതിഥിയെ വീട്ടിലിരുത്തില്ലെന്നും മീന പറയുന്നു. കൊവിഡിനെ കുറിച്ച്‌ എല്ലാവരും ജാഗ്രത പാലിക്കണം. ആരോഗ്യത്തോടെ ഇരിക്കൂ. രോഗം പടര്‍ത്താതെ ശ്രദ്ധിക്കൂ എന്നും മീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
തൃഷ പറയുന്നത് ഇങ്ങനെ- എല്ലാ മുന്‍കരുതല്‍ നടപടികളും എടുത്തിരുന്നു. എന്നിട്ടും കൊവിഡ് ബാധിച്ചു. വളരെ വിഷമിച്ച ആഴ്ചകളായിരുന്നു. ഇപ്പോള്‍ ആരോഗ്യ വീണ്ടെടുക്കുന്നു. വാക്‌സിനെടുത്തത് നന്നായി. എല്ലാവരും വാക്‌സിന്‍ എടുക്കണം. എത്രയും വേഗം പൂര്‍ണ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തൃഷ ട്വിറ്ററില്‍ കുറിച്ചു.
പ്രിയദര്‍ശന്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആരോഗ്യനില തൃപ്തികരമാണ് എന്നാണ് വിവരം. തമിഴ്‌നാട്ടില്‍ രോഗം വ്യാപിക്കുകയാണ്. ചെന്നൈ കേന്ദ്രമായുള്ള പല താരങ്ങള്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ വാരാന്ത്യ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം, കേന്ദ്ര മന്ത്രി വി മുരളീധരനും കൊവിഡ് ബാധിച്ചിട്ടുണ്ട്. അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ബെംഗളൂരുവിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായി പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. മന്ത്രിയുടെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

Related Articles

Back to top button