EntertainmentKeralaLatest

യേശുദാസിന് നാളെ 82, സംഗീത മഴയുമായി 82 ഗായകര്‍

“Manju”

തിരുവനന്തപുരം: ഗാനഗന്ധര്‍വ്വന്‍ ഡോ. കെ.ജെ. യേശുദാസിന്റെ 82-ാം ജന്മദിനമായ നാളെ, അദ്ദേഹം ആലപിച്ച 82 അനശ്വര ഗാനങ്ങള്‍ യുവതലമുറയിലെ 82 ഗായകര്‍ ആലപിക്കും. ഭാരത് ഭവനും പാലക്കാട് സ്വരലയയും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയും സംയുക്തമായാണ് ഗാനഗന്ധര്‍വ്വന് പിറന്നാള്‍ ഉപഹാരമായി ഗാനാഞ്ജലി ഒരുക്കുന്നത്.
മന്ത്രി സജി ചെറിയാന്‍, സ്വരലയ ചെയര്‍മാന്‍ എന്‍. കൃഷ്ണദാസ്, ഭാരത് ഭവന്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍, സ്വരലയ സെക്രട്ടറി ടി.ആര്‍. അജയന്‍, കഥാകൃത്ത് അശോകന്‍ ചരുവില്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍ കരിവെള്ളൂര്‍ മുരളി എന്നിവര്‍ ജന്മദിന സന്ദേശങ്ങളുമായി എത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 10.20 വരെ 8 മണിക്കൂര്‍ 20 മിനിട്ട് ദൈര്‍ഘ്യമുള്ള പരിപാടി ഭാരത് ഭവന്റെയും പാലക്കാട് സ്വരലയയുടെയും മഴമിഴി മള്‍ട്ടി മീഡിയ മെഗാസ്ട്രീമിംഗ് ഫേസ് ബുക്ക് പേജുകളിലൂടെയുമാണ് ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത്.
യേശുദാസ് തിരുവനന്തപുരത്തെ സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ പഠിച്ച കാലത്ത് താമസിച്ചിരുന്ന, ഭാരത് ഭവന്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തോട് ചേര്‍ന്നുള്ള കാര്‍ ഷെഡ് ഇന്നും അത് പോലെ സൂക്ഷിച്ചിട്ടുണ്ട്. ആ ഇടം, കലാകേരളത്തിനും ഇന്ത്യക്കും അഭിമാനിക്കാവുന്ന ഗാനഗന്ധര്‍വ്വന്റെ ജീവിത നാള്‍വഴികളെ കാലത്തിനപ്പുറത്തേക്ക് സൂക്ഷിച്ചുവയ്ക്കാവുന്ന യേശുദാസ് ഡിജിറ്റല്‍ ലൈബ്രറിയായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. യേശുദാസിന്റെ ജീവിത നാള്‍വഴികള്‍ അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററി, അദ്ദേഹം ആലപിച്ച ശാസ്ത്രീയ സംഗീത കൃതികള്‍, ലളിത ഗാനങ്ങള്‍, ഭക്തി ഗാനങ്ങള്‍, നാടന്‍ പാട്ടുകള്‍, ചലച്ചിത്ര ഗാനങ്ങള്‍, യേശുദാസിന്റെ പേരിലുള്ള പുസ്തകങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ ലൈബ്രറിയും ഗവേഷണ കേന്ദ്രവുമാണ് ഭാരത് ഭവന്റെ പദ്ധതിയിലുള്ളത്.

Related Articles

Back to top button