LatestThiruvananthapuram

കാറില്‍ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം; വാഹനം ഉപേക്ഷിച്ചയാള്‍ പിടിയില്‍

“Manju”

തിരുവനന്തപുരം: പട്ടത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാചകങ്ങളെഴുതിയ കാര്‍ പിടികൂടിയ സംഭവത്തില്‍ വാഹനം ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞ ആള്‍ പിടിയില്‍. പഞ്ചാബ്  സ്വദേശിയായ രാം ചരണ്‍ സിംഗാണ് പിടിയിലായത്. കഴക്കൂട്ടത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.

പിടിയിലായത് മാനസിക പ്രശ്‌നങ്ങളുള്ള ആളാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ ഏതെല്ലാം വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് പോലീസ് തീരുമാനിച്ചിട്ടില്ല. അതേസമയം, പഞ്ചാബ് സ്വദേശി ഓംങ്കാര്‍ സിംഗിന്റെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പിടിയിലായ പ്രതി വാഹനം മോഷ്ടിച്ച്‌ കടന്ന് കളഞ്ഞതാണോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

യുപി രജിസ്‌ട്രേഷന്‍ കാറാണ് സ്വകാര്യ ഹോട്ടലില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. ഹോട്ടലില്‍ ബഹളമുണ്ടാക്കി വാഹനം ഉപേക്ഷിച്ച്‌ കടന്ന കളഞ്ഞ ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. ഇന്നലെ ഉച്ചക്കാണ് പട്ടത്തെ സ്വകാര്യ ഹോട്ടലിലേയ്‌ക്ക് സംശയകരമായ സാഹചര്യത്തില്‍ ഇയാള്‍ വാഹനവുമായി എത്തിയത്.

കര്‍ഷക സമരം, പുല്‍വാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആര്‍എസ്‌എസിനും എതിരായ വാചകങ്ങള്‍ കാറിന് പുറത്ത് എഴുതിയിട്ടുണ്ടായിരുന്നു. ഹോട്ടലിലെ ബാറില്‍ നിന്നും ഒരു ലക്ഷം രൂപയുടെ മദ്യം ഇയാള്‍ ആവശ്യപ്പെട്ടു. എന്നാല്‍ യുപി സ്വദേശിയുടെ പെരുമാറ്റത്തില്‍ ദുരൂഹത തോന്നിയ ജീവനക്കാര്‍ ഇയാള്‍ക്ക് മദ്യം നല്‍കിയില്ല. ഇതില്‍ കുപിതനായ പ്രതി പിന്നീട് ഹോട്ടലില്‍ ബഹളം വെച്ച്‌ ജീവനക്കാരെ ഭീഷണിപ്പെടുത്തി.

ഹോട്ടല്‍ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചതോടെ ഇയാള്‍ കാര്‍ ഉപേക്ഷിച്ച്‌ കടന്ന് കളഞ്ഞു. സ്ഥലത്തെത്തിയ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. ബോംബ് സ്‌ക്വാഡും ഡോഗ് സ്വകാഡും നടത്തിയ പരിശോധനയില്‍ കാറിലുണ്ടായിരുന്ന ബാഗുകളില്‍ നിന്ന് പഴകിയ വസ്ത്രങ്ങളും കേബിളുകളും ഇലക്‌ട്രോണിക് വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button