KeralaLatest

മണിക്കുട്ടി കൃത്രിമക്കാലുമായി തിരികെ ജീവിതത്തിലേക്ക്

“Manju”

കാഞ്ഞാണി: നായ്ക്കളുടെ കടിയേറ്റ് ഗുരുതരമായി പരിക്ക് പറ്റി കാല്‍ മുറിച്ച്‌ മാറ്റേണ്ടി വന്ന തങ്ങളുടെ പൊന്നോമനയായ പശുക്കുട്ടിക്ക് സ്നേഹ പരിചരണങ്ങള്‍ക്കിടെ വീട്ടുകാര്‍ കൃത്രിമക്കാല്‍ വച്ചു പിടിപ്പിച്ചു. നീണ്ട നാളത്തെ ഇടവേളക്ക് ശേഷം തൊഴുത്തിന് പുറത്തേക്ക് അവള്‍ പുതിയ വെപ്പ് കാലിന്റെ സഹായത്തോടെ മെല്ലെ നടന്നപ്പോള്‍ അവസാനിക്കുന്നത് രണ്ട് വര്‍ഷത്തെ ദുരിത നാളുകളാണ്.

മണലൂര്‍ കുണ്ടുകുളം ഡേവീസിന്റേതാണ് വെച്ചൂര്‍ ഇനത്തിലുള്ള മണിക്കുട്ടി എന്ന് പേരുള്ള പശുക്കുട്ടി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറമ്പില്‍ കെട്ടിയിട്ടിരുന്ന പശുവിനെ തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. മണിക്കുട്ടിയുടെ പുറകിലെ ഒരു കാലിനേറ്റ പരിക്ക് ഗുരുതരമായി പഴുപ്പ് ബാധിച്ചതോടെ വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മുട്ടിന് താഴേക്ക് കാല്‍ മുറിച്ചു മാറ്റി. മൂന്നു കാലില്‍ പശുവിന് ഗര്‍ഭധാരണം ബുദ്ധിമുട്ടാകും എന്നതിനാല്‍ ദയാവധമാണ് അഭികാമ്യമെന്ന് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദേശിച്ചിരുന്നു

പശുവിനെ അറക്കാന്‍ കൊടുക്കുകയാണ് നല്ലതെന്ന് പലരും പറഞ്ഞെങ്കിലും തങ്ങളുടെ ഓമന മൃഗത്തെ കൈവിടാന്‍ ഡേവീസും കുടുംബവും തയ്യാറായിരുന്നില്ല. ഇതിനിടെ കോവിഡ് രൂക്ഷമായതോടെ കൃത്രിമക്കാല്‍ പിടിപ്പിക്കുക എന്നത് വലിയ പ്രതിസന്ധിയായിരുന്നു. കൃത്രിമക്കാല്‍ നിര്‍മ്മിച്ചെടുക്കാന്‍ ഒരു വര്‍ഷത്തിലധികം സമയമെടുത്തു. അതു വരെ മണിക്കുട്ടിക്ക് വേണ്ട സംരക്ഷണം ഡേവീസും കുടുംബവും ഒരുക്കി.

തൃശൂരിലെ സ്വകാര്യ കമ്പനിയാണ് കൃത്രിമക്കാല്‍ നിര്‍മ്മിച്ചത്. ലാഭം ഒഴിവാക്കി നിര്‍മ്മാണ ചിലവ് മാത്രമാണ് കമ്പനി ഇവരില്‍ നിന്ന് വാങ്ങിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം കൃത്രിമക്കാല്‍ പിടിപ്പിച്ചതോടെ മണികുട്ടി തൊഴുത്തില്‍ നിന്നും പുറത്തിറങ്ങി ജീവിതത്തിലേക്ക് നടന്നു. ഡേവീസിനൊപ്പം ഭാര്യ ഉഷ, മകള്‍ ദൃശ്യ എന്നിവരാണ് മണിക്കുട്ടിയെ പരിചരിക്കാന്‍ കൂടെ ഉണ്ടായിരുന്നത്.

Related Articles

Back to top button