LatestTech

എംജിയുടെ സെഡ് എസ് ഇവി – ഇത് പുതിയ അവതാരം

ഒറ്റ ചാര്‍ജില്‍ തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലെത്താം

“Manju”

ഇന്ത്യയില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതിന്റെ പ്രാക്ടിക്കബിലിറ്റിയാണ്. കുറഞ്ഞ റേഞ്ചാണ് ഇവി ഉപഭോക്താക്കള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇപ്പോള്‍ സെഡ് എസ് ഇവി പുതിയ മാറ്റങ്ങളോടെ അവതരിപ്പിക്കാനൊരുങ്ങുകയാണ് എംജി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പുതിയ സെഡ് എസ് ഇവി വന്നിട്ട് മാസങ്ങളായെങ്കിലും ഇന്ത്യയിലെത്താന്‍ വൈകുകയായിരുന്നു. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന 2020 മോഡല്‍ സെഡ് എസ് ഇവിക്ക് തന്നെ മികച്ച പ്രതികരണമാണ് വിപണിയില്‍ നിന്ന് ലഭിക്കുന്നത്.
2022 മോഡല്‍ സെഡ് എസ് ഇവിക്ക് വെറും ഫേസ് ലിഫ്റ്റല്ല മറിച്ച്‌ മേജര്‍ അപ്‌ഡേറ്റ് തന്നെയാണ് എംജി നല്‍കിയിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ എംജിയുടെ ആസ്റ്ററിന്റെ ഡിസൈനില്‍ നിന്ന് ചെറിയ മാറ്റങ്ങളോടെയാണ് സെഡ് എസ് ഇവി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിലവിലെ മോഡലിന് ലഭിക്കുന്നത് 419 കിലോ മീറ്റര്‍ റേഞ്ചാണ്. 44.5 കിലോ വാട്ട് ബാറ്ററിക്കാണ് ഇത്രയും റേഞ്ച് ലഭിക്കുന്നത്. പുതിയ മോഡലിലേക്ക് വന്നാല്‍ 51 കിലോ വാട്ടിന്റെ വലിയ ബാറ്ററിയും 480 കിലോമീറ്റര്‍ റേഞ്ചുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. നിലവിലുള്ള സെഡ് എസ് ഇവിക്ക് 317 കിലോമീറ്റര്‍ റേഞ്ച് ഉപഭോക്താകള്‍ക്ക് ലഭിച്ചിരുന്നു. അങ്ങനെ നോക്കിയാല്‍ 370 കിലോ മീറ്ററെങ്കിലും പുതിയ മോഡലില്‍ റിയല്‍ വേള്‍ഡില്‍ ലഭിക്കും.
എല്‍ഇഡി ടെയില്‍ ലാമ്പും ഡിആര്‍എല്ലും ടെയില്‍ ലാമ്പുമെല്ലാമടങ്ങിയ പുതിയ സെഡ് എസ് ഇവിയുടെ മുന്‍ഭാഗത്തിന് ആസ്റ്ററുമായി എവിടെയൊക്കൊയോ സാമ്യം തോന്നും. സ്‌പോര്‍ട്ടി ഡിസൈനില്‍ നിര്‍മിച്ചിരിക്കുന്ന ഈ എസ്‌യുവിക്ക് പുതിയ ഗ്രില്ലും കമ്പനി നല്‍കിയിട്ടുണ്ട്.
വാഹനത്തിന് അകത്തേക്ക് വന്നാല്‍ ആസ്റ്ററില്‍ നിന്നുള്ള ഏക വ്യത്യാസം നിറത്തില്‍ മാത്രമാകാനാണ് സാധ്യത. ആസ്റ്ററിന്റെ ഏറ്റവും വലിയ സവിശേഷതയായ ഓട്ടോണമസ് ഡ്രൈവിങിനെ സഹായിക്കുന്ന അഡാസ് (ADAS) ലെവല്‍ 2 ഫീച്ചര്‍ സെഡ് എസ് ഇവിയിലുണ്ടാകാന്‍ സാധ്യത കുറവാണ്. അതിന് പ്രധാന കാരണം ഇവി കാറുകളുടെ ഉയര്‍ന്ന വിലയാണ്. അഡാസ് കൂടി ഉള്‍പ്പെടുത്തിയാല്‍ വില ഇനിയും ഉയരും.
അടുത്ത മാസം പുതിയ എംജി സെഡ് എസ് ഇവി ഇന്ത്യയില്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില സംബന്ധിച്ച്‌ കൃത്യമായ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. എന്നിരുന്നാലും നിലവിലെ മോഡലിന്റെ വില കണക്കാക്കുമ്പോള്‍ പുതിയ മോഡലിന് 28 ലക്ഷത്തിനടുത്ത് വില വരാനാണ് സാധ്യത.

Related Articles

Back to top button