HealthKeralaLatest

കോവിഡ് ; മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണം

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. ടി.പി.ആര്‍ 20ന് മുകളിലുള്ള ജില്ലകളില്‍ മതപരമായ ചടങ്ങുകളിലും 50 പേര്‍ക്ക് മാത്രമാണ് അനുമതി.
വിവാഹം, മരണാനന്തര ചടങ്ങുകള്‍ അടക്കമുള്ള പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം നേരത്തെ നിജപ്പെടുത്തിയിരുന്നു. രോഗവ്യാപനം കൂടതല്‍ രൂക്ഷമായതോടെയാണ് മതപരമായ ചടങ്ങുകള്‍ക്ക് കൂടി നിയന്ത്രണങ്ങള്‍ ബാധകമാക്കിയത്. ഉത്സവസീസണ്‍ വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം. ആള്‍ക്കൂട്ട നിയന്ത്രണത്തിലൂടെ ഒരുപരിധി വരെ രോഗവ്യാപനം പിടിച്ചുനിര്‍ത്താമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ടി.പി.ആര്‍ കുത്തനെ ഉയരുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. മൂന്ന് ദിവസത്തിനിടെ ടി.പി.ആര്‍ 10 ശതമാനത്തോളം ഉയര്‍ന്നു.
അടുത്ത മൂന്നാഴ്ചക്കാലം രോഗവ്യാപനം അതിതീവ്രമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളില്‍ ഇന്നലെ ആയിരത്തില്‍ കൂടുതല്‍ രോഗികള്‍ ഉണ്ടായി. തിരുവനന്തപുരത്ത് 4694ഉം എറണാകുളത്ത് 2637ഉം ആയിരുന്നു ഇന്നലത്തെ കണക്ക്. ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലായി രോഗം കണ്ടെത്തുന്നതും പ്രതിസന്ധി ഉണ്ടാക്കുന്നു. സംസ്ഥാനത്ത് 78 ആക്ടീവ് കോവിഡ് ക്ലസ്റ്ററുകളുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ദിനംപ്രതി ഒമിക്രോണ്‍ രോഗികളുടെ എണ്ണവും വര്‍ധിക്കുകയാണ്. 48 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 528 ആയി.

Related Articles

Back to top button