IndiaLatest

പരോളിലിറങ്ങി ‘സ്വയം’ മരിച്ചു ; പതിനാറു വർഷത്തിനു ശേഷം അറസ്റ്റ്

“Manju”

ലക്‌നൗ : പതിനാറ് വർഷം മുൻപ് വ്യാജ മരണ സർട്ടിഫിക്കറ്റ് നിർമ്മിച്ച് മുങ്ങിയ കൊലയാളി പിടിയിൽ. കൊലപാതകക്കേസിൽ തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ ഒളിവിൽ പോയ അനിരാജാണ് പോലീസിന്റെ പിടിയിലായത്. വ്യാജ മരണ സർട്ടിഫിക്കേറ്റ നിർമ്മിച്ചാണ് ഇയാൾ ഉദ്യോഗസ്ഥരെ കബളിപ്പിച്ചത്.

ഉത്തർപ്രദേശിലാണ് സംഭവം. മീററ്റ് ജില്ലയിൽ നടന്ന കൊലപാതക കേസിൽ പ്രതിയായിരുന്നു അനിരാജ്. 1998 ൽ പോലീസ് അറസ്റ്റ് ചെയ്ത അനിരാജിന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയായിരുന്നു.

പിന്നീട് 2004 ലാണ് അനിരാജ് പരോളിൽ പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ശേഷം ഇയാൾ സ്വന്തം പേരിൽ മരണ സർട്ടിഫിക്കറ്റ് നിർമ്മിക്കുകയായിരുന്നു. താൻ മരിച്ചുവെന്ന് ഔദ്യോഗികമായി തെളിയിച്ച ശേഷമാണ് പ്രതി മുങ്ങിയത്. വ്യാജ രേഖ ഉപയോഗിച്ച് 16 വർഷമാണ് ഇയാൾ പാനിപ്പത്തിൽ സുരക്ഷാ ജീവനക്കാരനായി പ്രവർത്തിച്ചത്.

അനിരാജ് ജീവിച്ചിരിപ്പുണ്ടെന്ന വിവരം കഴിഞ്ഞ വർഷമാണ് പോലീസിന് ലഭിച്ചത്. തുടർന്ന് ഇയാൾ വേണ്ടിയുള്ള അന്വേഷണം നടത്തുകയും ചെയ്തു. പ്രതിയെ കണ്ടെത്താൻ സഹായിച്ചാൽ 20,000 പാരിതോഷികം നൽകുമെന്നും പോലീസ് പ്രഖ്യാപിക്കുകയുണ്ടായി.

ക്രൈം ബ്രാഞ്ച് നടത്തിയ വ്യാപകമായ അന്വേഷണത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് പ്രതി പിടിയിലായത്. പ്രതിയിൽ നിന്നും ഒരു റിവോൾവറും പോലീസ് പിടിച്ചെടുത്തു. വ്യാജ മരണ സർട്ടിഫിക്കേറ്റ് നിർമ്മിക്കാൻ ഇയാളുടെ ഭാര്യ കൂട്ടുനിന്നതായും തെളിഞ്ഞിട്ടുണ്ട്. ഇത്രയും നാൾ പാനിപ്പത്തിലെ ഗുരുഗ്രാമിലാണ് വ്യാജ പേരിൽ കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു അനിരാജ്.

Related Articles

Back to top button