Latest

സൗജന്യമായി 263 വീടുകള്‍ നിര്‍മ്മിച്ച്‌ നല്‍കിയ ഒരാൾ…

 സായിറാം ഭട്ടാണ് ഈ മഹത് കർമ്മ ജീവിതത്തിനുടമ

“Manju”

കാസര്‍കോട്:  85 വയസിനിടയില്‍ 263 കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട് വച്ച്‌ നല്‍കിയതടക്കം ദൈവികത നിറഞ്ഞതായിരുന്നു എന്‍. ഗോപാലകൃഷ്ണ ഭട്ട് എന്ന സായിറാം ഭട്ടിന്റെ ജീവിതം.
ബദിയഡുക്ക കിളിങ്കാര്‍ നടുമനയിലെ കൃഷ്ണഭട്ട് ദുക്ഷമ്മ ദമ്ബതിമാരുടെ മകനായി പരമ്പരാഗത കാര്‍ഷിക കുടുംബത്തില്‍ 1937 ജൂലായ് എട്ടിന് ജനിച്ച ഇദ്ദേഹം അവിചാരിതമായാണ് അന്‍പതാം വയസില്‍ ഭവനദാനമെന്ന മഹാദാനത്തിലേക്ക് പ്രവേശിച്ചത്.
1995ല്‍ പാരമ്പര്യവൈദ്യവും കൃഷിയുമായും ഗീതാഞ്ജനേയ എന്ന പേരിലുള്ള വ്യായാമശാലയുമായി കഴിയുകയായിരുന്ന കാലത്താണ് ഗോപാലകൃഷ്ണഭട്ട് ആകസ്മികമായി ഭവനദാനമെന്ന സപര്യയിലേക്ക് പ്രവേശിക്കുന്നത്. കാലവര്‍ഷത്തില്‍ കുടില്‍ തകര്‍ന്ന് ഭാര്യയും കുഞ്ഞുങ്ങളുമായി കരയുകയായിരുന്ന സീതാംഗോളി സ്വദേശിയായ അബ്ബാസ് എന്നയാള്‍ക്കായിരുന്നു ആദ്യസഹായം. കുടില്‍ നന്നാക്കാന്‍ സഹായം ചോദിച്ച ആ മനുഷ്യന് വീടു തന്നെ നിര്‍മ്മിച്ചുനല്‍കുകയായിരുന്നു സായിറാംഭട്ട്. കാശിയിലേക്ക് പോകുന്നതിനായി സ്വരൂപിച്ച തുകയായിരുന്നു ആദ്യസംരംഭത്തിന് ചിലവിട്ടത്. വീട് നിര്‍മ്മിച്ചുനല്‍കിയപ്പോള്‍ ആ നിര്‍ദ്ധനകുടുംബത്തിന്റെ സന്തോഷം കണ്ട ഭട്ട് പിന്നീട് അതൊരു തുടര്‍ച്ചയാക്കി കൊണ്ടുനടക്കുകയായിരുന്നു.
സ്വാമി എന്നാണ് ഭട്ടിനെ ബഹുമാനപൂര്‍വം നാട്ടുകാര്‍ക്ക് വിളിച്ചിരുന്നത്. താന്‍ സഹായിച്ചവരുടെ പേര് വെളിപ്പെടുത്തുന്നത് മാത്രം സായിറാമിന് ഇഷ്ടമായിരുന്നില്ല. പണിത് നല്‍കിയ വീടുകള്‍ കാണാന്‍ ആളുകള്‍ വരുന്നതും ഇദ്ദേഹം നിരുത്സാഹപ്പെടുത്തിയിരുന്നു. അത് കിട്ടുന്നവര്‍ക്ക് ആത്മനിന്ദക്കും നാണക്കേടിനും കാരണമാകുമെന്നായിരുന്നു പക്ഷം.
രാവിലെ മുതല്‍ വൈകുംവരെ തോട്ടത്തില്‍ ചെലവഴിക്കുന്ന സായിറാം നാടിന് കണ്‍കണ്ട ദൈവമായിരുന്നു. സ്വാമി എന്നാണ് നാട്ടുകാര്‍ സ്‌നേഹത്തോടെ സായ്റാം ഗോപാലകൃഷ്ണ ഭട്ടിനെ വിളിച്ചിരുന്നത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഒട്ടേറെ അവാര്‍ഡുകളും അദ്ദേഹത്തിന് ലഭിച്ചിരുന്നു. കിളിംഗാറിലെ ‘സായ് നിലയ’ യില്‍ സഹായംതേടി കയറി ചെല്ലാന്‍ എല്ലാവര്‍ക്കും സ്വാതന്ത്രമുണ്ടായിരുന്നു.
ബുദ്ധിശക്തിയും അദ്ധ്വാനവുമുണ്ടെങ്കില്‍ ഭൂമിയിലെ ജീവിതത്തില്‍ എന്തും നേടാനും ചെയ്യാനുമാകുമെന്നാണ് ഭട്ട് വിശ്വസിച്ചിരുന്നത്. പാവപ്പെട്ടവരെ സഹായിച്ചാല്‍, അത് മാത്രമേ അവസാനത്തെ കണക്ക് പുസ്തകത്തില്‍ ഉണ്ടാവൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അര്‍ഹതപ്പെട്ട ആരെയും നിരാശരാക്കിയിരുന്നില്ല. തന്റെ ഉദ്യമത്തിനായി ആരോടും അദ്ദേഹം കൈനീട്ടാറില്ലായിരുന്നു. ബിനോയ് വിശ്വം മന്ത്രിയായിരിക്കെ കാണാനെത്തിയ ബിനോയ് വിശ്വം ഓരോ വീടുകള്‍ക്കും 40000 രൂപ വീതം സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് അറിയിച്ചെങ്കിലും സായിറാം അത് സ്‌നേഹപൂര്‍വ്വം നിരസിക്കുകയായിരുന്നു.
‘എന്റെ തോട്ടത്തിലെ ഓരോ ചെടിയ്ക്കുമറിയാം, അവര്‍ വിളവ് തന്നാല്‍ അത് ഇന്നാട്ടിലെ ഏതെങ്കിലുമൊരു പാവപ്പെട്ടവന് അത്താണിയാവുമെന്ന്’ തന്റെ അദ്ധ്വാനവും സമ്ബത്തും തന്റേത് മാത്രമല്ലെന്ന വിളംബരമായിരുന്നു സായിറാം ഭട്ടിന്റെ ഈ വാക്കുകള്‍.

Related Articles

Back to top button