LatestSpiritual

ഗുരുശിഷ്യബന്ധത്തിൻ്റെ മഹത്വം

“Manju”

അനുഭവ സ്വഭാവം തെളിഞ്ഞു കിട്ടുകയാണ് ഗുരുശിഷ്യബന്ധത്തിൻ്റെ മഹത്വം. രക്ഷകർത്താക്കൾ കുട്ടികളെ ശിഷ്യപ്പെടുത്തുന്ന ഒരു സ്വഭാവത്തിൽ, ഗുരുവിനെ പരിചയപ്പെടുത്തുന്ന ഒരു സ്വഭാവത്തിൽ, ഗുരുവിനെ പ്രാർത്ഥിക്കുന്ന ഒരു സ്വഭാവത്തിൽ വളർത്തണം. നമ്മൾ ഇതിൽ നിസ്സാരത കാണരുത്. ഇക്കാര്യത്തിൽ നമുക്ക് എവിടെയൊക്കെയോ പരിചയക്കുറവ് ഉണ്ടാകുന്നുണ്ട്. ഇത് നമ്മൾ മനസ്സിലാക്കുകയും തിരുത്തുകയും വേണം.

ആർക്കും ആരെയും രക്ഷപ്പെടുത്താൻ കഴിയില്ല. ദൈവത്തിനു മാത്രമേ നമ്മളെ രക്ഷിക്കാൻ കഴിയൂ. നമ്മുടെ വേദനകളും നമ്മുടെ കർമഗതികളും നമ്മുടെ നീചമായ വാസനകളും കെടുതികളും രോഗങ്ങളും എന്നു വേണ്ട സകലതിനും പരിഹാരം ചെയ്തു തരാൻ ദൈവത്തിനു മാത്രമേ സാധിക്കൂ. അതിനായി നമുക്ക് ദൈവത്തിനോട് നീതി വേണം, ദൈവത്തിനോട് നമുക്ക് സത്യസന്ധത വേണം.

അഭിവന്ദ്യ ശിഷ്യപൂജിത ഒരിക്കൽ പറഞ്ഞു: “വാക്കും മനസും സൂക്ഷിച്ച്, കർമ്മം സൂക്ഷിച്ച് അന്ത്യം വരെ ഗുരുവിൻ്റെ കൂടെ ഗുവിൻ്റെ ദാസനായി പ്രവർത്തിക്കാൻ കഴിയണം എന്നാണ് നിങ്ങൾ പ്രാർത്ഥിക്കേണ്ടത്.” അന്ത്യം വരെ ഗുരുവിൻ്റെ ദാസനായി പ്രവർത്തിക്കണം എന്ന്!!! നിങ്ങൾ മനസ്സിലാക്കിക്കൊള്ളണം. ഗുരുവിൻ്റെ ദാസനായി പ്രവർത്തിക്കുമ്പോഴാണ് നമുക്ക് എല്ലാം ദൈവം കനിഞ്ഞുതരുന്നത്.

നമുക്ക് എല്ലാവർക്കും മനസിന് അഹങ്കാരം ഉള്ളവരാണ്. കാരണം നമ്മളെല്ലാം അഹങ്കാരത്തിൻ്റെ സ്വാധീനത്തിൽപ്പെട്ട് ജന്മമെടുത്തവരാണ്. ചെറിയൊരു വെളിച്ചം വന്നാൽ മതിനമ്മൾ അഹങ്കാരികളാകും. ഇന്നത്തെ ഒരു പൊതുസ്വഭാവവും അതാണ്. അങ്ങനെയുള്ള സ്വഭാവത്തെ മാറ്റി നമ്മൾ വിനയം കൊണ്ട് ദൈവദാസനായി ജീവിക്കാനുള്ള ഒരു പരിചയം നമുക്കുണ്ടാകണം. അതിന് മനസിനെ മയപ്പെടുത്തിയാലേ പറ്റൂ.

അച്ഛനും അമ്മയും വിനയത്തോടും ക്ഷമയോടും കൂടി പെരുമാറുന്ന വീട്ടിലെ മക്കൾ മാത്രമേ ആ നിലയിൽ വളരൂ. അതാണ് ഗുരുവിൻ്റെ ദാസനായിട്ട് ജീവിക്കണമെന്ന് പറയുന്നതിൻ്റെ അർത്ഥം. മനസ്സിനെ നിയന്ത്രിച്ച് വിനയമുണ്ടാകണം. അത് സന്ന്യാസിമാരായാലും അങ്ങനെ തന്നെ.

നമ്മളൊക്കെ മനുഷ്യരാണ്. ദേഷ്യം വരുമ്പോൾ നമ്മുടെ നിയന്ത്രണം പോകും. അങ്ങനെ നിയന്ത്രണം പോകുന്ന മനസിൽ ആ ദൈവസ്നേഹം എങ്ങനെ ഇരിക്കും. ഒരിക്കലും ഇരിക്കില്ല. ആ ഭാഗത്ത് വിനയം കൊണ്ട് അവിടെ നേടുമ്പോഴോ? ഇങ്ങനെ നൂറ് അല്ലെങ്കിൽ ഇരുന്നൂറ് പ്രാവശ്യം വിനയത്തോടു കൂടി സ്വായത്തമാക്കുമ്പോൾ ആ ഹൃദയത്തിനൊരു ഭക്തിയുണ്ടാകും. അവിടെ പരസ്പരസ്നേഹം വരും.

സന്ന്യാസദീക്ഷാ വാർഷിക സത്സംഗത്തിൽ സർവ്വാദരണീയ സ്വാമി ചൈതന്യ ജ്ഞാനതപസ്വി
സംസാരിച്ചതിൽ നിന്ന് (2017 ഡിസംബർ ശാന്തിഗിരി ആദ്ധ്യാത്മിക മാസികയിൽ പ്രസിദ്ധീകരിച്ചത്)
23.01.2022

Related Articles

Back to top button