IndiaLatest

യുഎസ് നേവിയുടെ എഫ്-35സി സ്റ്റെല്‍ത്ത് ഫൈറ്റര്‍, കടലില്‍ തകര്‍ന്നു വീണു

“Manju”

യുഎസ് നേവിയുടെ എഫ്-35സി സ്റ്റെല്‍ത്ത് ഫൈറ്റര്‍, ദക്ഷിണ ചൈനാ കടലില്‍ തകര്‍ന്നു വീണു
സിംഗിള്‍ എഞ്ചിന്‍ സ്റ്റെല്‍ത്ത് ഫൈറ്ററും യുഎസ് നേവി ഫ്‌ലീറ്റിലെ ഏറ്റവും പുതിയ ജെറ്റുമായ എഫ്-35സി തിങ്കളാഴ്ച യുഎസ്‌എസ് കാള്‍ വിന്‍സണ്‍ എന്ന വിമാനവാഹിനിക്കപ്പലില്‍ തകര്‍ന്നുവീണതായി നാവികസേന അറിയിച്ചു.
100 മില്യണ്‍ ഡോളര്‍ വിലയുള്ള യുദ്ധവിമാനം 100,000 ടണ്‍ വിമാനവാഹിനിക്കപ്പലിന്റെ ഫ്‌ലൈറ്റ് ഡെക്കില്‍ ഇടിക്കുകയും പൈലറ്റ് വെള്ളത്തിലേക്ക് തെറിച്ചു വീഴുകയും ചെയ്തതായി നാവികസേനാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിന്‍സണ്‍ എന്ന കപ്പലിലുണ്ടായിരുന്ന പൈലറ്റിനും ആറ് നാവികര്‍ക്കും പരിക്കേറ്റു.
അപകടത്തിന്റെ ദൃശ്യങ്ങള്‍ സാഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സ്റ്റെല്‍ത്ത് ഫൈറ്റര്‍ തെക്കന്‍ ചൈനാ കടലിന്റെ ഉപരിതലത്തില്‍ പൊങ്ങിക്കിടക്കുന്നതും അതിന്റെ കോക്ക്പിറ്റ് തുറന്നതും എജക്ഷന്‍ സീറ്റ് കാണാത്തതും ഫോട്ടോയില്‍ കാണാം. സംഭവത്തെക്കുറിച്ച്‌ അന്വേഷണം തുടരുകയാണെന്ന് യുഎസ് നേവിയുടെ ഏഴാമത്തെ ഫ്‌ലീറ്റിന്റെ വക്താവ് അറിയിച്ചു. കടലിന്റെ അടിത്തട്ടില്‍ നിന്ന് യുദ്ധവിമാനം വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചതായി വക്താവ് ലെഫ്റ്റനന്റ് നിക്കോളാസ് ലിംഗോ പറഞ്ഞു.
വിമാനം ഉയര്‍ത്തുന്നത് സങ്കീര്‍ണ്ണമായ ഒരു ഓപ്പറേഷനായിരിക്കുമെന്നും 1.3 ദശലക്ഷം ചതുരശ്ര മൈല്‍ വിസ്തൃതിയുള്ള ദക്ഷിണ ചൈനാ കടലിന്റെ ഭൂരിഭാഗവും തങ്ങളുടെ ഭൂപ്രദേശമാണെന്ന് അവകാശപ്പെടുന്ന ചൈനയുടെ നിരീക്ഷണത്തിലായിരിക്കുമെന്നും വിദഗ്ധര്‍ പറഞ്ഞു.
അതേസമയം ദക്ഷിണ ചൈനാ കടലില്‍ യുഎസ് നാവികസേനയുടെ ഒരു സ്റ്റെല്‍ത്ത് ഫൈറ്റര്‍ തകര്‍ന്നതായി തങ്ങള്‍ക്ക് അറിയാമായിരുന്നെന്നും അവരുടെ വിമാനത്തില്‍ താല്‍പ്പര്യമില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Related Articles

Back to top button