ArticleLatestSpiritual

കുളിർകാറ്റായി എത്തിയ കാരുണ്യഹസ്തം

“Manju”

ആരോഗ്യകരമായ കുടുംബജീവിതത്തിന്റെ പ്രാധാന്യം വിശകലനം ചെയ്തുകൊണ്ട് പ്രൊഫ.ഗ്രിഫിത്ത് തന്റെ കുട്ടികളോട് വിശദീകരിച്ചു. ‘കുടുംബ പാരമ്പര്യവും കുടുംബാന്തരീക്ഷവുമാണ് ഒരു കുഞ്ഞിന്റെ മാനസികാരോഗ്യത്തെയും മാനസികഘടനയെയും മൂല്യബോധത്തെയും നിർണയിക്കുന്ന സുപ്രധാന ഘടകം. പാരമ്പര്യം എന്നുപറയുന്നത് മൺമറഞ്ഞ നമ്മുടെ പൂർവ്വികരുടെ ജീവിതവൃത്തിയുടെ ആകെത്തുകയായി ജനിതകഘടനയിലൂടെ സംക്രമിച്ചെത്തുന്ന ഘടകമാണ്. ആധുനിക ജീവിതസാഹചര്യങ്ങൾ മാനസിക സംഘർഷം വർദ്ധിപ്പിക്കുന്നതിൽ വലിയൊരു പങ്കുവഹിക്കുന്നു. എന്നാൽ ഒരു ഭൗതിക സാഹചര്യത്തിൽ ജനിച്ചു വളരുന്ന പത്ത് പേരെ എടുത്താൽ അവരുടെ മാനസിക പിരിമുറുക്കത്തിന്റെയും സംഘർഷത്തിന്റെയും കടുപ്പവും സ്വഭാവവും രീതിയും വ്യത്യസ്തമായിരിക്കുന്നതായി കാണാം. ഇതിനു കാരണം മുൻപ് സൂചിപ്പിച്ച പത്ത് പേരുടെയും കുടുംബപാരമ്പര്യവും, കുടുംബാന്തരീക്ഷവും വ്യത്യസ്തമായതാണ്. പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിൽ അവരുടെ മാനസികഘടന പ്രതികരിക്കുന്നത് ഭിന്നരീതിയിലാണ്.’

സമ്പന്നതയും ഭൗതികവളർച്ചയും പരമാവധി സ്വായത്തമാക്കിയ സമൂഹങ്ങൾ ഇവയൊന്നും യഥാർത്ഥ സമാധാനവും സന്തോഷവും പ്രദാനം ചെയ്യുന്നില്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. ഈ തിരിച്ചറിവിന്റെ വെളിച്ചത്തിൽ പുതിയൊരു സാമൂഹികക്രമത്തിന്റെ സാധ്യതകളാരായുന്ന ചിന്തകന്മാര്‍ ഇന്നെത്തിച്ചേരുന്ന നിഗമനങ്ങളിലേക്കാണ് പ്രൊഫ. ഗ്രിഫിത്തിന്റെ പ്രഭാഷണം വിരൽ ചൂണ്ടുന്നത്.

എന്നാൽ ഉന്നതമായ ജീവിതമൂല്യങ്ങൾ പുലർത്തി ജീവിക്കുന്ന കുടുംബങ്ങളെയും സമൂഹങ്ങളെയും ഇന്നീ ലോകത്ത് എവിടെ നാം കണ്ടെത്തും? ഭാര്യാഭർതൃബന്ധത്തിന്റെ വിശുദ്ധിയേയും കുടുംബ ജീവിതത്തിന്റെ പരിപാവനതയെയും കുറിച്ച് മതങ്ങൾ പഠിപ്പിക്കുകയും മതാചാര്യന്മാർ നിത്യവും
പ്രബോധനം നടത്തുകയും ചെയ്യുന്നു. എന്നാൽ മതങ്ങളനുശാസിക്കുന്ന ജീവിതമൂല്യങ്ങളും അനുയായികളുടെ യഥാർത്ഥ ജീവിതവും തമ്മിലുള്ള അന്തരവും പൊരുത്തക്കേടുമാണ് മനുഷ്യജീവിതത്തിലും സമൂഹവൃത്തിയിലും വ്യാപകമായി കാണുന്ന ദുരിതങ്ങൾക്കും ദുഃഖങ്ങൾക്കും കാരണം.

മനുഷ്യവർഗത്തിന്റെ ഈ നിസ്സഹായതക്ക് വിരാമമിട്ടുകൊണ്ട് ആത്മീയതയും ഭൗതികതയും കുടുംബജീവിതത്തിന്റെ ഊടുംപാവുമായി ഇണക്കുന്ന ഒരു ജീവിത രീതിയും ജീവിത സംസ്കാരവും പരമ്പരയിൽക്കൂടി വളർത്തിയെടുത്ത് ഗുരു
ലോകത്തിന് മാതൃക പകർന്നു. ജാതിമത വർണവർഗങ്ങൾക്കതീതമായി ഗുരുവിനെ സ്വീകരിച്ച അസംഖ്യം മനുഷ്യരുടെ ജീവിതാനുഭവങ്ങൾ നൽകുന്ന ഒരു പാഠമുണ്ട്. കാലധർമാനുസൃതമായി ഗുരു പകർന്നുതന്നെ ജീവിതരീതിയും ആരാധനാ രീതിയും നിത്യജീവിതത്തിൽ പകർത്തുന്നതിൽക്കൂടി പരിഹരിക്കാൻ കഴിയാത്ത രോഗദുരിതങ്ങളും ഐശ്വര്യമില്ലായ്മയും ശാശ്വതമായി നീങ്ങിക്കിട്ടുന്ന അനുഭവപാഠമാണത്. ഇതെന്റെ കൂടി അനുഭവമാണ്.

നമ്മളെല്ലാം ഈശ്വരവിശ്വാസികളാണെങ്കിലും ജീവിതത്തിലൊരു പ്രയാസം വരുമ്പോൾ നമ്മൾ പതറുന്നു. അവനവൻ വിശ്വസിക്കുന്ന മതസംഹിതകളിലൂടെ പഠിച്ച പരിഹാരമാർഗങ്ങളിൽ അവനുവേണ്ടി ഉറപ്പില്ലാത്തതിനാൽ പകുതി മന്ത്രവും പകുതി മരുന്നും ഒക്കെയായി മനുഷ്യർ അലയുകയാണ്. ജീവനെയും ജീവിതത്തെയും കുറിച്ച് വ്യക്തമായ അവബോധം നൽകുകയും, ജീവിതത്തിലുണ്ടാവുന്ന പ്രയാസങ്ങളുടെ കാര്യകാരണങ്ങളറിഞ്ഞ് കാലധർമ്മാനുസൃതമായ മാർഗങ്ങളിലൂടെ അവയ്ക്കു പരിഹാരം നൽകാൻ കഴിയുന്നതുമായിരിക്കണം ആത്മീയതയും ദൈവവിശ്വാസവും. അത്തരം ഒരാത്മീയത ഗുരുശിഷ്യബന്ധത്തിലധിഷ്ഠിതമായ ഗുരുമാർഗത്തിലൂടെ മാത്രമേ നിലനില്ക്കുകയുള്ളൂ. ഗുരുശിഷ്യബന്ധത്തിന്റെ അന്യം നിന്നുപോയ സരണിയാണ് ശാന്തിഗിരിയിലൂടെ ഗുരു പുനഃസൃഷ്ടിച്ചത്. ഈ ഗുരുശിഷ്യബന്ധത്തിന്റെ മഹിമയെ പ്രകാശിപ്പിക്കുന്ന അനുഭവമാണത്. വിവാഹം കഴിഞ്ഞ് 12 വർഷത്തിനു ശേഷം സന്താനലബ്ധിയിലൂടെ എന്റെ കുടുംബത്തിനുണ്ടായത്. ഗൃഹസ്ഥാശ്രമ ജീവിതം സഫലമാകുന്നതിൽ ഉത്തമരായ കുഞ്ഞുങ്ങളുടെ ജന്മത്തിന് പ്രഥമസ്ഥാനമാണുള്ളത്. വീടിന്റെയും നാടിന്റെയും ലോകത്തിന്റെയും ഗതി നിർണ്ണയിക്കുന്നത് നമ്മുടെ വീടുകളിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ നന്മതിന്മകൾക്കനുസൃതമായാണ്. ഗൃഹസ്ഥാശ്രമജീവിതത്തിൽ വന്നുചേരേണ്ട ഈ സൗഭാഗ്യമുണ്ടാകാതെ അസംഖ്യം ദാമ്പത്യ ജീവിതങ്ങൾ പൊലിഞ്ഞുപോകുന്നു. എന്നാൽ കുറവിന്റെ സ്ഥൂലവും സൂക്ഷ്മവുമായ കാര്യകാരണങ്ങളറിയാൻ കഴിയുന്ന ജ്ഞാനമാർഗത്തിലുള്ള ദർശനവഴിയാണ് ശാന്തിഗിരിയില്‍ ഗുരു സ്ഥാപിച്ചിരിക്കുന്നത്. നമ്മുടെ ശരീരഘടനയിലാണോ, ജീവന്റെ ഘടനയിലാണോ, പാരമ്പര്യത്തിലാണോ നമ്മുടെ രോഗദുരിതങ്ങളുടെ കാര്യകാരണം എന്നറിയുന്ന ആത്മജ്ഞാനത്തിന്റെ അത്യുന്നത വഴിയാണ് ഗുരു മനുഷ്യരാശിക്കു നൽകിയിരിക്കുന്നത്.

വിവാഹം കഴിഞ്ഞ് വർഷങ്ങൾ കടന്നുപോയെങ്കിലും കുട്ടികളില്ലാത്തതിനെപ്പറ്റി വ്യാകുലപ്പെടുകയോ ദുഃഖിക്കുകയോ ചെയ്തിരുന്നില്ല. വീട്ടുകാരും നാട്ടുകാരും പലപ്രകാരത്തിലും ഉപദേശിക്കുകയും ശാസിക്കുകയുമൊക്കെ ചെയ്യുന്നത് നാട്ടുനടപ്പിന്റെ ഭാഗമായി ഞങ്ങൾ കരുതി. സുഹൃത്തുക്കളും വിദഗ്ധപരിശോധനക്ക് പ്രേരിപ്പിച്ചു. പക്ഷേ ഞങ്ങൾക്കതിനു മനസുവന്നതേയില്ല. കാരണം ഗുരുവിന്റെ അനന്തമഹിമയെക്കുറിച്ച് നേരിയൊരുള്ളറിവ് ഗുരുവിനെക്കണ്ട നാൾ മുതൽ എന്നിലുണ്ടായിരുന്നു. കാലം കഴിയുന്തോറും അതിന്റെ ആഴവും അറിയുന്തോറുമുണ്ടാകുന്ന അത്ഭുതവും വർദ്ധിച്ചുകൊണ്ടിരുന്നു. സകല ശക്തിവിശേഷങ്ങൾക്കുമപ്പുറം നിൽക്കുന്ന ഗുരുവിന്റെ സങ്കല്പത്തിൽ സംഭവിക്കാത്തതൊന്നും ഈ ഉലകത്തിലില്ല എന്ന ഉള്‍ബോധം എന്നിലുറച്ചിരുന്നു. എന്റെ ഈ വിശ്വാസത്തെ സാധൂകരിക്കുംവിധം ഒരിക്കൽ ഗുരു പറഞ്ഞു. “കുട്ടികളുണ്ടാവണം എന്നു പ്രാർത്ഥിക്കരുത്. കിട്ടേണ്ടതാണെങ്കിലതു കിട്ടിക്കൊള്ളും. ഉണ്ടായാലത് വീടിനും നാടിനും ലോകത്തിനും ഉതകുന്നതും നന്മ പകരുന്നതുമായിരിക്കണം.” വീട്ടുകാർ പലപ്പോഴും ഗുരുവിനോട് സങ്കടം ഉണർത്തിച്ചുകൊണ്ടിരുന്നു. “അവർക്ക് കുഞ്ഞുങ്ങളുണ്ടാകാത്തതിൽ വിഷമിക്കേണ്ട, പ്രാർത്ഥിക്ക്” എന്നൊരിക്കൽ ഗുരു അവരോട് പറഞ്ഞു.

പല അവസരങ്ങളിലും നമ്മളെ ബോധ്യപ്പെടുത്താനും മറ്റുള്ളവരുടെ സംശയനിവാരണത്തിനും വേണ്ടി നമ്മുടെ ആ ആഗ്രഹത്തിനനുസരിച്ച് നമ്മളെക്കൊണ്ടു ഗുരു പലതും ചെയ്യിക്കും. ഒരിക്കൽ ഈ വിഷയം സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഗുരു പറഞ്ഞു. “നിങ്ങൾ ശ്രീകുമാരി ഡോക്ടറെ പോയിക്കാണ്”. അവരുടെ പരിശോധനയിൽ രണ്ടുപേർക്കും യാതൊരു ശാരീരിക പ്രശ്നങ്ങളുമില്ല. പിന്നെന്താണ് കുട്ടികളുണ്ടാകാത്തതെന്ന് സ്വാഭാവികമായും നമ്മൾ ചിന്തിച്ചുപോകും. ഇവിടെയാണ് ഗുരുവിന്റെ ദൗത്യത്തെ നാം തിരിച്ചറിയേണ്ടത്. പാരമ്പര്യത്തിൽക്കൂടി സംക്രമിച്ചെത്തുന്ന കർമദോഷങ്ങളും പാപശക്തിയും ഇല്ലാത്ത ജീവാത്മാക്കൾക്ക് ജന്മം നൽകാൻ നമ്മൾ അർഹതയും പ്രാപ്തിയും സമ്പാദിച്ചാലേ സന്താനലബ്ധിക്ക് ഗുരുകാരുണ്യമുണ്ടാവൂ. ഇത് ഈ പരമ്പരയുടെ അനുഭവവും ലോകം മനസിലാക്കേണ്ട വലിയൊരു വിഷയവുമാണ്. ജീവനിൽ അഥവാ ശാസ്ത്രഭാഷയിൽ ജനിതക ഘടനയിൽ വികലതകളില്ലാത്ത കുഞ്ഞുങ്ങളുടെ ജന്മത്തിൽക്കൂടി ഒരു സംസ്കാരവും നവസമൂഹസൃഷ്ടിയും ഗുരു ലോകത്തിന് വാഗ്ദാനം ചെയ്യുകയാണ്.

അങ്ങനെ ഉത്തമരായ സൽസന്താനലബ്ധിക്കുവേണ്ടി ഗുരുവിനെ സ്വീകരിക്കുന്നവർ അവരുടെ മക്കളുടെ വിവാഹം ഗുരുവിന്റെ തികഞ്ഞ അനുവാദത്തോടെ മാത്രമേ നടത്തുകയുള്ളൂ. ഗുരുവിന്റെ വാക്കുതെറ്റിക്കാതെ വിവാഹിതരാകുന്ന ഭാര്യഭർത്താക്കന്മാർ ഗുരുനിർദ്ദേശപ്രകാരമുള്ള പ്രാർത്ഥനാ സങ്കല്പങ്ങളിലൂടെ സൽസന്താന ലബ്ദ്ധിക്ക് യോഗ്യത നേടുകയാണ്. വിവാഹശേഷം വർഷങ്ങൾക്കു ശേഷമായിരിക്കും ശാന്തിഗിരി പരമ്പരയിലെ കുടുംബങ്ങളിൽ കുഞ്ഞുങ്ങൾ പിറക്കുന്നത്. ഗുരുവിനെ സ്വീകരിച്ചവർക്കിതൊരു പ്രശ്നമാകുന്നില്ല. തങ്ങളുടെ സംശയങ്ങളും ആശങ്കകളും ഗുരുസമക്ഷം ഉണർത്തിച്ച് തങ്ങളുടെ ദു:ഖങ്ങളുടെ കാര്യകാരണമറിഞ്ഞു മുന്നോട്ടു പോകുന്ന ഗുരുശിഷ്യബന്ധത്തിന്റെ മഹിമയാർന്ന ഒരു ജീവിതരീതിയും സംസ്കാരവും വിശ്വാസി സമൂഹം സ്വീകരിക്കുകയാണ്.

1999 മെയ് 6-ാം തീയതി ഗുരു ആദിസങ്കല്പത്തിൽ ലയിച്ചു. എന്നെപ്പോലെയുള്ള സാധാരണ വിശ്വാസികളെ സംബന്ധിച്ചിടത്തോളം തികച്ചും അപ്രതീക്ഷിതമായ അനുഭവമായിരുന്നു അത്. പറഞ്ഞറിയിക്കാനാവാത്തൊരു ശൂന്യതാബോധം താല്കാലികമെങ്കിലും അനുഭവപ്പെട്ടു. സമചിത്തതയോടെ ഗുരു പഠിപ്പിച്ച പാഠങ്ങൾ മനസിൽ വായിച്ചുനോക്കിയപ്പോൾ സകല ആശങ്കകളും മാറി മനസ്സു ബലപ്പെട്ടു. ആദിസങ്കല്പത്തിൽ ലയിച്ച നിമിഷം മുതൽ ഗുരു അഭിവന്ദ്യ ശിഷ്യപൂജിതയിൽക്കൂടി ശരീരത്തിലിരുന്ന പോലെ തന്നെ സകലകാര്യങ്ങളും പറഞ്ഞു തന്നു കൊണ്ടിരുന്നു. 1999 ജൂണില്‍ കോഴിക്കോട് ആര്‍ട്സ് & സയന്‍സ് കോളേജിലേക്ക് എനിക്ക് സ്ഥലം മാറ്റമായി. 1988 മുതൽ 91 വരെ ഞാൻ അവിടെ ജോലി നോക്കിയിരുന്നു. ആ സമയത്താണ് അവിടെയുള്ള ധാരാളം ആളുകൾ ആശ്രമവിശ്വാസികളായി ഗുരുവിനെ സ്വീകരിച്ചത്. വീണ്ടും അവരുമായി ചേർന്ന് എനിക്ക് പ്രവർത്തിക്കുവാനൊരവസരമാണെന്ന് ഞാൻ കരുതി. ഗുരു ആദിസങ്കല്പത്തിൽ ലയിച്ചതിനെ തുടർന്നുള്ള 1001 ദിവസത്തെ പ്രാർത്ഥനാസങ്കല്പങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒരു കർമം ജന്മഗൃഹത്തിൽ നടന്നു. എനിക്കു പോകാൻ കഴിയാത്തതിനാൽ ഭാര്യ രമയെ ജന്മഗൃഹത്തിലേക്കയച്ചു. ജന്മഗൃഹത്തിലെത്തിയ രമ ചടങ്ങുകളിൽ പങ്കെടുത്തു. സന്ധ്യാരാധന കഴിഞ്ഞ് ഒരിടത്തിരുന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്ന രമക്ക് വലിയൊരു ആത്മീയാനുഭവം ഉണ്ടായി. ‘സുഷുപ്തി അവസ്ഥയിലുണ്ടായ ആ അനുഭവമാണ് എന്റെ മകൾ നന്മയുടെ ജനനത്തിന് കാരണമായ ഗുരുകാരുണ്യം, ഒന്നുരണ്ടു മാസത്തിനുള്ളിൽ ഈ അനുഭവം യാഥാർത്ഥ്യമായതായി വൈദ്യപരിശോധനയിൽ തെളിഞ്ഞു. ഞാൻ ആശ്രമത്തിലെത്തി ശിഷ്യപൂജിതയെ വിവരമറിയിച്ചു. അത്യന്തം സന്തോഷത്തോടെ ശിഷ്യപൂജിത പ്രസാദം തന്നിട്ട് ഞങ്ങങ്ങളനുഷ്ഠിക്കേണ്ട പ്രാർത്ഥനാ സങ്കല്പങ്ങൾ പറഞ്ഞു തന്നു.

ഞങ്ങളിൽ ചൊരിഞ്ഞ ഈ ഗുരുകാരുണ്യം യഥാവിധി സൂക്ഷിച്ചെടുക്കാൻ ഞങ്ങൾക്ക് അറിവും പ്രാപ്തിയും നൽകേണമേ എന്ന പ്രാർത്ഥനയും വിവാഹം കഴിഞ്ഞ് 12 വർഷത്തിനു ശേഷം ഞങ്ങളിൽ ചൊരിഞ്ഞ ഈ ദൈവകനിവില്‍ ആഹ്ലാദിക്കുകയോ, ഊറ്റം കൊള്ളുകയോ ചെയ്തുകൂടാ എന്നൊരറിവും ഗുരു പകർന്നുതന്നിരുന്നു. ആഹ്ലാദങ്ങളുണ്ടാകുന്ന മുഹൂർത്തങ്ങൾ ജീവിതത്തിലുണ്ടാകുമ്പോൾ നമ്മുടെ മുൻജീവിതപരിചയത്തിലെ കോപ്രായങ്ങൾ കാട്ടാതെ കൂടുതൽ ജാഗ്രതയോടെ വിനയത്തോടെയും പ്രാര്‍ത്ഥനയോടെയും വരവേൽക്കണമെന്നാണ് ഗുരു പകർന്നു തന്നിരിക്കുന്ന അറിവ്.

2000 ജൂൺ മാസത്തിൽ എനിക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലേക്ക് സ്ഥലംമാറ്റം കിട്ടി. ആശ്രമത്തിനു സമീപം 1994ൽ തന്നെ വീടുവച്ചു താമസിക്കുവാൻ ഞങ്ങൾക്കു ഭാഗ്യമുണ്ടായിരുന്നു. സ്ഥലംമാറ്റം കിട്ടി ഗുരുവിന്റെ അടുത്തുവന്നതോടെ എല്ലാത്തിനും ഒരാശ്വാസമായി. 2000 ഒക്ടോബറിൽ ഞങ്ങളില്‍ ചൊരിഞ്ഞ സാക്ഷാത്ക്കാരമായി ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് പിറന്നു. ശിഷ്യപൂജിത ‘നൻമ’ എന്ന് കുഞ്ഞിന് നാമകരണം ചെയ്തു. “നൻമയായി ആ കുഞ്ഞ് വളർന്നു വരണമേ” എന്നു പ്രാർത്ഥിക്കുവാനും ഉപദേശിച്ചു. ഞങ്ങളുടെ ഈ അനുഭവം ആധുനിക വൈദ്യശാസ്ത്രത്തിന്റെയോ യുക്തിബുദ്ധികളുടെയോ വെളിച്ചത്തിൽ വിശദീകരിക്കുവാനോ മനസിലാക്കുവാനോ കഴിയുന്ന ഒന്നല്ല. ഗുരുവിലുള്ള അചഞ്ചലമായ വിശ്വാസം നമ്മുടെ ചിന്താരീതിയിലും വാക്കിലും പ്രവൃത്തിയിലും കൂടി പ്രാവർത്തികമാക്കാനും പരിവർത്തനം ചെയ്യാനും കഴിയും എന്ന് എന്റെ അനുഭവത്തിൽ കൂടി ഞാനറിയുകയായിരുന്നു.

‘മനുഷ്യനിശ്ചിക്കുന്നു. ദൈവം നിശ്ചയിക്കുന്നു’ എന്ന ആപ്തവാക്യത്തെ അന്വർത്ഥമാക്കിയ ഒരു സംഭവമായിരുന്നു ഞങ്ങളുടെ രണ്ടാമത്തെ കുട്ടിയുടെ ജനനം. നൻമ ജനിച്ച രണ്ടുവർഷത്തോളമായിക്കാണും, രമയ്ക്ക് പല അനുഭവങ്ങളും ഇടക്കുണ്ടാകുമായിരുന്നു. എന്നാൽ വളരെ വ്യത്യസ്തമായ എന്റെ മാനസികാവസ്ഥയും ജീവിത കാഴ്ചപ്പാടും പ്രായവും എല്ലാം കൊണ്ട് മറ്റൊരു കുട്ടികൂടി ജനിക്കുന്നത് എനിക്ക് ചിന്തിക്കാൻ കഴിയാത്ത ഒന്നായിരുന്നു. ഞങ്ങൾക്കിനി കുട്ടികൾ വേണ്ട എന്ന് തീർത്തും തീരുമാനിച്ചിരുന്നു. എന്നാൽ വിധിവിഹിതവും ദൈവനിശ്ചയവും കൊണ്ടുണ്ടാവുന്ന സംഭവങ്ങൾക്ക് നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ ജീവിതത്തിൽ വഴിമാറുന്നു.

ഒരിക്കൽ ഒരു സ്വപ്നദർശനത്തിൽക്കൂടി ഒരു കുഞ്ഞിന്റെ ജനനത്തിന്റെ സൂചന എനിക്ക് കിട്ടിയിരുന്നു. 2006ലെ ഒരു ഡിസംബർ മാസമായിരുന്നു അത്. പല ദിവസങ്ങളിലും യാദൃശ്ചികമായി ടെലിവിഷൻ ഓൺ ചെയ്യുമ്പോൾ ക്രിസ്തുമസിന്റെ മുന്നോടിയായി ഒരു പ്രത്യേക ചാനലിൽ ബൈബിൾ കഥകളുടെ ചിത്രീകരണം കാണാനിടയാവുമായിരുന്നു. സ്നാപക യോഹന്നാന്റെ ജനനത്തെ ചിത്രീകരിക്കുന്ന ഒരു രംഗം പലതവണ എടുത്തെടുത്തു കാണാനിടയായി. യോഹന്നാന്റെ പിതാവായ സക്കറിയക്ക് ഗ്രബിയൽ മാലാഖയിൽ കൂടി ദൈവവചനം കിട്ടുന്ന ഒരു ദൃശ്യമുണ്ട്. ‘സക്കറിയ, നിന്നിൽക്കൂടി ഞാൻ ഒരു സന്തതിയെ ജനിപ്പിക്കും. അവൻ ദൈവപുത്രന്റെ വരവിന് കളമൊരുക്കും’ എന്നു തുടങ്ങിയ അരുളപ്പാട് സക്കറിയയ്ക്ക് നൽകുകയാണ്. വല്ലാത്ത പരിഭ്രമത്തോടെയും അന്ധാളിപ്പോടെയും സക്കറിയ പറഞ്ഞു: പിതാവേ, എനിക്ക് വളരെ പ്രായമായിക്കഴിഞ്ഞിരിക്കുന്നു, എനിക്കിനിയും ഒരു കുഞ്ഞിനു ജന്മം നൽകുവാനും പരിപാലിക്കുവാനും പ്രാപ്തിയില്ല. എന്റെ ഭാര്യ വന്ധ്യയുമാണ്. ദൈവവചനത്തെ നിന്ദിച്ച സക്കറിയയെ ശകാരിച്ച മാലാഖ അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അറിയിപ്പു നൽകുന്നു. തന്നിൽക്കൂടി ഒരു സന്തതി പിറക്കുമെന്ന് അരുളപ്പാടുണ്ടായ നിമിഷം വന്ധ്യയായ എലേഷ അകൈതവമായ സന്തോഷത്തോടെ ദൈവവാക്ക് സ്വീകരിക്കുന്ന രംഗങ്ങളാണു ഞാൻ കണ്ടത്. രണ്ടാമത്തെ കുട്ടിയുടെ ഉല്പത്തിയുടെ ലക്ഷണങ്ങൾ ഭാര്യയിൽ കണ്ട് ആശങ്കാകുലനായി ഇരിക്കുമ്പോഴാണ് ഞാനീ സംഭവം കാണുന്നത്. ആ ദിവസങ്ങളിൽ തികച്ചും സക്കറിയയുടെ മനോഭാവമായിരുന്നു എന്റേത്. എന്നാൽ എലേഷയുടെ മനോഭാവമായിരുന്നു രമക്ക്. ശിഷ്യപൂജിതയെ വിവരം അറിയിച്ചു. കൂടെ എന്റെ ആശങ്കയും. “അതൊന്നും സാരമില്ല., സന്തോഷത്തോടെ ഇരിക്ക്” എന്ന് മന്ദസ്മിതത്തോടെ സാന്ത്വനിപ്പിച്ച് പ്രസാദം തന്നുവിട്ടു. ക്രമേണ മനസുകൊണ്ട് ദൈവനിശ്ചയത്തെ ഞാൻ സ്വീകരിച്ചു.

ഏകദേശം ആറുമാസം കഴിഞ്ഞപ്പോൾ രമയ്ക്ക് അപ്രതീക്ഷിതമായി അതിയായ രക്തസമ്മർദ്ദമുണ്ടായി. ശാന്തിഗിരി ഹോസ്പിറ്റലിലും പിന്നീട് തിരുവനന്തപുരത്ത് ജി.ജി. ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു. വീട്ടിൽ മടങ്ങിയെത്തിയെങ്കിലും പ്രഷർ നിലയിൽ കാര്യമായ മാറ്റമുണ്ടായില്ല. ശിഷ്യപൂജിതയുടെ മാർഗനിർദ്ദേശനത്തിൽ ചികിത്സയും ശുശ്രൂഷകളും തുടർന്നു പോന്നു. ഒരുദിവസം യാദൃശ്ചികമായി കൂത്തുപറമ്പ് ദാമോദരേട്ടന്റെ മകള്‍, ശാന്തിഗിരി സിദ്ധമെഡിക്കൽ കോളേജിൽ പഠിക്കുന്ന ഷിജി വീട്ടിൽ വന്ന് രമയെ കണ്ടു. ഉടനെ പറഞ്ഞു. ‘ചേച്ചി ഉടൻ തന്നെ ആസ്പത്രിയിൽ പോകണം’ എന്ന്. ഞാൻ വിവരം ശിഷ്യപൂജിതയെ അറിയിച്ചു. നേരം വൈകുന്നേരമായിരുന്നു. ആശ്രമത്തിൽ വന്ന് ശിഷ്യപൂജിതയെ കണ്ടിട്ട് അതുവഴി ജി.ജി. ഹോസ്പിറ്റലില്‍ കൊണ്ടുപോകാൻ നിർദ്ദേശിച്ചു. പോകുന്ന വഴി ശ്രീകുമാരി ഡോക്ടറെ വീട്ടിൽ കയറി ഒന്നു കണ്ടിട്ട് പോകണമെന്നും പറഞ്ഞു. ആശ്രമത്തിലെത്തി ശിഷ്യപൂജിതയെ കണ്ട രമ വാവിട്ടു നിലവിളിച്ചു കൊണ്ടു പറഞ്ഞു; ‘ജനനി ഞാൻ തിരിച്ചുവരും’. ഇങ്ങനെ പല ആവർത്തി പറഞ്ഞു. മന്ദസ്മിതം തൂകി നിന്നുകൊണ്ട് രമയെ ശിഷ്യപൂജിത ആശ്വസിപ്പിച്ച് ഭസ്മം ഇട്ടുകൊടുത്തു. എനിക്കൊന്നുമപ്പോൾ മനസ്സിലായില്ല. പിന്നീടൊരിക്കൽ രമ പറഞ്ഞു. ആസ്പത്രിയിൽ പോകുന്നതിനു മുൻപ് രമ പല അശുഭകരമായ രംഗങ്ങളും കാഴ്ചയിൽ കണ്ടെന്നും, താൻ മടങ്ങിവരില്ല എന്നുകണ്ടപ്പോൾ കുടുംബത്തിന്റെ കാര്യമോർത്തപ്പോൾ സഹിക്കാനാവാത്ത ദുഃഖമുണ്ടായെന്നും, അതാണ് ജനനീ എന്ന് പറഞ്ഞ് ദൈവസന്നിധിയിൽ നിലവിളിച്ചതിന്റെയും കാരണമെന്ന്.

പോകുന്ന വഴി ശ്രീകുമാരി ഡോക്ടറെ കണ്ട് 11 മണിയോടെ ജി.ജി. ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഡോക്ടർ പരിശോധനകളെല്ലാം പൂർത്തിയാക്കി. എന്റെ കൂടെ മോൾ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. എത്രയും പെട്ടെന്ന് ഓപ്പറേഷൻ വേണമെന്നും ഉടനെ കിംസിലേക്ക് കൊണ്ടുപോകണമെന്നും ഡോക്ടർ നിർദ്ദേശിച്ചു. ആംബുലൻസ് തയ്യാറായി. എന്തുചെയ്യണമെന്നറിയാതെ ഞാൻ പരിഭ്രാന്തനായി. ഉറങ്ങി നിലത്തുവീഴാൻ പോകുന്ന മോൾ കയ്യിൽ. ഗുരുവിന്റെ അനുവാദമില്ലാതെ യാതൊരു കാരണവശാലും ഓപ്പറേഷൻ പറ്റില്ല എന്ന് ഞാൻ ഡോക്ടറോട് പറഞ്ഞു. ഈ സന്ദർഭത്തിൽ ഇങ്ങനെ പറയുന്നത് അപകടമാണ് എന്ന് ഡോക്ടര്‍ എന്നെ ഓര്‍മ്മിപ്പിച്ചു. നിർമ്മോഹാത്മ സ്വാമിയെ ഫോൺ ചെയ്ത് കാര്യങ്ങൾ ഞാൻ പറഞ്ഞു. സ്വാമി ശിഷ്യപൂജിതയെ അറിയിക്കാൻ എല്ലാ മാർഗങ്ങളും നോക്കി. ശാരീരികാസ്വസ്ഥത കാരണം ശിഷ്യപൂജിത വിശ്രമിക്കാൻ പോയിക്കഴിഞ്ഞിരുന്നു. എന്തു ചെയ്യണമെന്നറിയാതെ അന്താളിച്ചുനിന്നുപോയ നിമിഷങ്ങളായിരുന്നു അത്. എത്ര ആഗ്രഹിച്ചിട്ടും പ്രാർത്ഥിക്കാൻ പോലും കഴിയാത്ത അവസ്ഥ. ഇങ്ങനെ നിസ്സഹായാവസ്ഥ ആദ്യമായാണ് ജീവിതത്തിലഭിമുഖീകരിക്കുന്നത്. ‘ഇന്നിവിടെ കിടക്കട്ടെ, നാളെ രാവിലെ കിംസിലേക്ക് കൊണ്ടുപോയാൽ മതി’ പുറത്തുവന്ന ഡോക്ടർ എന്നെ ആശ്വസിപ്പിച്ചു. തുടർന്നു നടത്തിയ ടെസ്റ്റുകളിൽ നേരിയ വ്യത്യാസങ്ങൾ കണ്ടതു കൊണ്ടാണ് ഡോക്ടർ ഈ ഇളവ് അനുവദിച്ചത്. ഇതെന്റെ മാത്രമല്ല പരമ്പരയിലെ ഓരോ വിശ്വാസിക്കും ഇതിനു സമാനമായ അനുഭവങ്ങൾ ഉണ്ട്. എല്ലാം കൈവിട്ടുപോകുന്നു എന്നു തോന്നുന്ന നിമിഷങ്ങളിൽ കുളിർകാറ്റു പോലെ വീശുന്ന ഗുരുവിന്റെ കാരുണ്യഹസ്തം. ഈ അനുഭവമാണ് ഓരോ വിശ്വാസിയേയും നിലനിർത്തുന്നത്.

മഹാമനസ്കനായ ഡോക്ടർ ആ രാവുമുഴുവൻ ഉറങ്ങാതെ കട്ടിലിനരികിലിരുന്ന് രമയെ ശുശ്രൂഷിച്ചു. അങ്ങേയറ്റം ആശങ്ക നിറഞ്ഞതായിരുന്നു രമയുടെ അവസ്ഥ എന്ന് ഡോക്ടർ പിന്നിട് എന്നോട് പറഞ്ഞു. പുലർച്ചെ ശിഷ്യപൂജിതയുടെ നിർദ്ദേശം കിട്ടി ഓപ്പറേഷൻ ചെയ്യാനും കിംസിൽ കൊണ്ടുപോകാനുമുള്ള അനുവാദം. എന്നാൽ അന്നേദിവസവും ഡോക്ടർ കിംസിലേക്ക് അയച്ചില്ല. മാസം തികഞ്ഞുള്ള പ്രസവത്തിന് ഇനിയും 90 ദിവസം കൂടി ഉണ്ട്. ഓപ്പറേഷനിൽ കൂടി കൂട്ടിയെ എടുക്കുന്നത്. സാധാരണനിലയിൽ അപകടകരമാണ്. ബ്ലഡ്പ്രഷർ അടിക്കടി കൂടി രമ അബോധാവസ്ഥയിൽ ആയി. ആഹാരം നഴ്സുമാർ വാരി കൊടുക്കുകയായിരുന്നു. സ്കാനിങ്ങിൽ കുഞ്ഞിലേക്കുള്ള രക്തമൊഴുക്ക് മന്ദഗതിയിലായി കണ്ടു. കുട്ടിയെ പുറത്തെടുക്കാൻ ഇനിയും താമസിച്ചാൽ രണ്ടു പേരുടേയും ജീവൻ അപകടത്തിലാകും. ഡോക്ടർ പെട്ടെന്ന് എന്നെ വിളിപ്പിച്ചു പറഞ്ഞു. ഞാൻ കിംസിലെ ഡോക്ടർമാരുമായി ബന്ധപ്പെട്ട് വേണ്ട ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്. എത്രയും ചെട്ടെന്ന് ഭാര്യയെ അവിടെ എത്തിക്കൂ. ആംബുലൻസ് തയ്യാറായി നിൽപ്പുണ്ട്. ഞാൻ ഇടയ്ക്ക് ബന്ധപ്പെട്ടു കൊള്ളാം, തികഞ്ഞ വ്യസനത്തോടെയാണ് ഡോ.ഉല്ലാസ് ഇത് പറഞ്ഞത്. രമയുടെ സ്ഥിതി വഷളായതറിഞ്ഞുകൊണ്ട് ശിഷ്യപൂജിത വിവരങ്ങൾ അടിക്കടി അന്വേഷിച്ചുകൊണ്ടിരുന്നു. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയുടെ നിർദ്ദേശപ്രകാരം ശാന്തിഗിരി ഹോസ്പിറ്റലിലെ നഴ്സുമാർ രമയെ ശുശ്രൂഷിക്കാൻ എത്തിയിരുന്നു. ഓക്സിജൻ ഉൾപ്പെടെ സകല സജ്ജീകരണവുമായി ആംബുലൻസ് കിംസിൽ എത്തി. നേരെ ഓപ്പറേഷൻ തീയറ്ററിലേക്ക് രമയെ കൊണ്ടുപോയി. ഒരു മണിക്കൂറിനകം ഓപ്പറേഷൻ കഴിഞ്ഞു. ഒരു ഡോക്ടർ എന്നെ വിളിപ്പിച്ചു പറഞ്ഞു. ആൺകുട്ടിയാണ്. അമ്മയും കുഞ്ഞും കുഴപ്പമില്ലാതെയിരിക്കുന്നു. രമയെ ഐ.സി.യുവിലേക്കും കുഞ്ഞിനെ നവജാതശിശു വിഭാഗത്തിലേക്കും മാറ്റി. ഇന്ത്യയിലെ തന്നെ പ്രശസ്തമായ നവജാതശിശുവിഭാഗമാണ് ഡോ.നവീൻ ജയിൻ നയിക്കുന്ന നിയോനേറ്റൽ കെയർ സെന്റർ. പിറ്റേദിവസം രാവിലെ ഡോ.നവീൻ എന്നെ വിളിപ്പിച്ചു. കുട്ടിയുടെ കാര്യങ്ങൾ ഡോക്ടർ എന്നോട് വിശദീകരിച്ചു. മൂന്നുമാസത്തോളം പ്രായപൂർത്തിയാകാതെ ജനിക്കുന്ന കുഞ്ഞിനെ രക്ഷപ്പെടുത്തിയാൽത്തന്നെ പിന്നീട് അതിനുണ്ടാകുന്ന മാനസിക ശാരീരിക വൈകല്യങ്ങളെക്കുറിച്ച് ഡോക്ടർ പറഞ്ഞു മനസിലാക്കി. അതുപോലെ പ്രത്യേക മരുന്നുകളും സജ്ജീകരണവും നൽകി രണ്ടു മാസത്തോളം കുഞ്ഞിനെ ആശുപത്രിയിൽ തന്നെ കിടത്തി ശുശ്രൂഷിക്കുകയും വേണം. വളരെ ചെലവേറിയ ഒന്നാണിതെന്നു അദ്ദേഹം പറഞ്ഞു. എല്ലാ ഉപാധികളും ഞാൻ സ്വീകരിച്ചു. മനസ്സിൽ പ്രാർത്ഥന ഉരുക്കഴിച്ചുകൊണ്ടിരുന്നു. എങ്കിലും മനസ് പിടയ്ക്കുകയായിരുന്നു. എന്തെല്ലാം അനുഭവങ്ങളാണ് വന്നു ചേരുന്നത്. ഇങ്ങനെ ഒരനുഭവം ഉണ്ടാകാൻ എന്താണ് ഗുരോ കാരണം എന്നു ഞാൻ ചിന്തിച്ചുപോയി. കുട്ടിയില്‍ ഇന്നയിന്ന ബുദ്ധിമുട്ടുകൾ ഭാവിയിൽ ഉണ്ടാകാമെന്ന് ഡോക്ടറിൽനിന്ന് അറിഞ്ഞപ്പോൾ അടക്കാനാവാത്ത നൊമ്പരവും നിരാശയും വ്യർഥതാബോധവും എന്നെ ഗ്രസിച്ചു. പിറ്റേദിവസം ഞാന്‍ ആശ്രമത്തിലെത്തി. ഗുരുരത്നം സ്വാമി കാത്തു നിന്നിരുന്നു. ശിഷ്യപൂജിതയുടെ സന്നിധിയിലേക്കെന്നെ പിടിച്ചുകൊണ്ടുപോയി. അരികില്‍ വിളിച്ച് ശിഷ്യപൂജിത എന്നെ ആശ്വസിപ്പിച്ചു. “‘കുഞ്ഞിന്റെ കാര്യം ഇവിടെ നോക്കിക്കൊള്ളും, അതിനെപ്പറ്റി നിങ്ങൾ വിഷമിക്കേണ്ട.” സ്നേഹാർദ്രമായ ഈ ശാസന എന്റെ ബോധത്തെ തൊട്ടുണർത്തി. വർണ്ണനാതീതമായ ഒരു ശാന്തത എന്നിൽ നിറഞ്ഞു. കിംസിനടുത്ത് ഒരു വീട് വാടകയ്ക്കെടുത്ത് രണ്ടുമാസം ഞങ്ങളും രമയുടെ അമ്മയും ആശ്രമത്തിൽ നിന്നും സഹായത്തിനയച്ചുതന്ന വാഹനകാന്തിയിലെ വിജയനും ഒത്തുതാമസിച്ചു. ദിവസവും അഞ്ചുപ്രാവശ്യം രമ ആശുപത്രിയിലെത്തി കുഞ്ഞിന് പാലുകൊടുക്കുകയും ശുശ്രൂഷിക്കുകയും വേണം. വളരെ അപൂർവ്വമായി മാത്രമെ ഞാന്‍ ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ടിരുന്നുള്ളൂ. ഒരു കണ്ണാടിക്കൂട്ടിൽ കിടന്ന് ശ്വാസത്തിനുവേണ്ടി മല്ലടിക്കുന്ന ആ കുഞ്ഞിനെ കാണുക ഹൃദയഭേദകമായിരുന്നു. രണ്ടു മാസത്തിനുശേഷം ആശുപത്രിയിൽ നിന്നും ആശ്രമത്തിലെത്തി കുഞ്ഞിനെ ശിഷ്യപൂജിതയെ കാണിച്ച ശേഷമാണ് വീട്ടിലേക്ക് വന്നത്. ‘നല്ലചിത്തൻ’ എന്ന് ഗുരു നാമകരണം ചെയ്തു. വൈദ്യശാസ്ത്രാനുഭവത്തിന്റെ വെളിച്ചത്തിൽ മാസം തികയാതെ പിറക്കുന്ന ഒരു കുഞ്ഞിനു സംഭവിക്കുന്ന പ്രയാസങ്ങളെല്ലാം ഗുരുവിന്റെ കാരുണ്യത്താൽ ഇന്നോളം ഒഴിഞ്ഞു പോയ അനുഭവങ്ങളാണുള്ളത്. ഗുരുശിഷ്യബന്ധത്തിന്റെ അപരിചിതപാതയിൽ വീണും എണീറ്റും സഞ്ചരിക്കുന്ന ഞങ്ങൾക്ക് ഗുരുവിന്റെ വാക്കുകള്‍ ജീവിതാനുഭവത്തിലൂടെ സത്യമായി വരുന്നു. ജീവിതത്തിലൊരുഭാഗം കടന്നുപോവുകയും അനുഭവങ്ങളിലൂടെ ഊറിയെത്തിയ പുതിയൊരദ്ധ്യായം കടന്നു തുടങ്ങുകയും ചെയ്ത ഒരനുഭവമായിരുന്നു ഞങ്ങളുടേത്.

2009ലെ ശാന്തിഗിരി ജന്മദിനപൂജിത സമർപ്പണ പതിപ്പിൽ ഡോ.കെ.ഗോപിനാഥൻ പിള്ള എഴുതിയ അനുഭവത്തിൽ നിന്ന്
29.01.2022

Related Articles

Back to top button