ArticleLatestSpiritual

അനുഭവത്തില്‍ നിന്ന്…..

“Manju”

1991 ല്‍ അച്ഛനും അമ്മയും ഞാനും എല്ലാവരും കൂടി ഒരു ദിവസം ആശ്രമത്തില്‍ വന്നിരുന്നു. ഗുരു എല്ലാവരെയും വിളിച്ചു സംസാരിച്ചു പ്രസാദവും തന്നു. ഞാന്‍ അടുത്തെത്തിയപ്പോള്‍ പറഞ്ഞു, ഇവനെ ഇവിടെ നിര്‍ത്തിയേക്ക്. ഇവനെ എനിക്ക് വേണം. അങ്ങനെ എന്നെ ആശ്രമത്തില്‍ നിര്‍ത്തി അച്ഛനും അമ്മയും വീട്ടിലേക്ക് പോയി. ഗുരു എന്നോട് പറഞ്ഞു, ക്യാന്റീനില്‍ പോയിരുന്ന് പൈസ എല്ലാം വാങ്ങിക്കാന്‍. അങ്ങനെ അവിടെ കുറേ നാള്‍. അതിനു ശേഷം ആയുര്‍വ്വേദ സിദ്ധ വൈദ്യശാലയിൽ. പിന്നെ ഗോശാലയില്‍. കുറച്ചുനാള്‍ കഴിഞ്ഞ് ഗുരു എന്നെ വിളിച്ചിട്ട് പറഞ്ഞു, ആശ്രമം അടുക്കളയില്‍ നില്‍ക്കാന്‍. സന്ന്യാസിമാര്‍ക്ക് ആഹാരം പാകം ചെയ്യാന്‍ പറഞ്ഞു. അങ്ങനെ ഗുരുവിനും സന്ന്യാസിമാര്‍ക്കും ആഹാരം വച്ചുകൊടുക്കാന്‍ തുടങ്ങി. ആദ്യമൊക്കെ ഒന്നും അറിയില്ലായിരുന്നു. ഗുരു തന്നെ കുറവുകള്‍ ഓരോന്നും പറഞ്ഞുതന്നു. അങ്ങനെ ഗുരുവിന് ഭക്ഷണം ഉണ്ടാക്കുകയും വിളമ്പിക്കൊടുക്കുകയും ഒക്കെ ചെയ്തു.

ഒരിക്കല്‍ എനിക്ക് ഒരു തലവേദന വന്നു. തല അനക്കാന്‍ പറ്റുുന്നില്ല. കണ്ണു തുറക്കാനും പറ്റുന്നില്ല. അങ്ങനെ ഹോസ്പിറ്റല്‍ പോയി മരുന്നു വാങ്ങിച്ചു കഴിച്ചു, കുറയുന്നില്ല. ഞാന്‍ ഗുരുവെ എന്നു വിളിച്ചുകൊണ്ടു കരയുകയാണ്. അപ്പോള്‍ വേദന തുടങ്ങിയിട്ട് ഒരാഴ്ചയായി. ഒരു ദിവസം അഭിവന്ദ്യ ശിഷ്യപൂജിത സുനിലിനെ കാണുന്നില്ലല്ലോയെന്നു പറഞ്ഞ് നോക്കാനായി ഒരാളെ അയച്ചു. ഞാന്‍ മുറിയില്‍ കിടക്കുകയാണ്. അദ്ദേഹം പറഞ്ഞു, സുനിലിനെ ശിഷ്യപൂജിത വിളിക്കുന്നു, അങ്ങോട്ട് വരാന്‍. എനിക്കാണെങ്കില്‍ എഴുന്നേല്‍ക്കാന്‍ കൂടി വയ്യാത്ത അവസ്ഥ. ഒരുവിധം എഴുന്നേറ്റ് അദ്ദേഹത്തിന്റെ കൂടെ ചെന്നു. അപ്പോള്‍ ശിഷ്യപൂജിത എന്നോട് ചോദിച്ചു, എന്തുപറ്റി. ഞാന്‍ പറ‍ഞ്ഞു, തലവേദനയാണ്, സഹിക്കാന്‍ പറ്റുുന്നില്ല. അടുത്ത് നിന്ന സന്ന്യാസിനിയോട് ശിഷ്യപൂജിത ഒരു ഗുളിക എടുത്തുകൊണ്ടുവരുവാന്‍ ആവശ്യപ്പെട്ടു. ഗുളിക കൊണ്ടുവന്നപ്പോള്‍ അത് രണ്ടായി പകുത്ത് ഒന്ന് എനിക്ക് തന്നിട്ട് ബാക്കി ശിഷ്യപൂജിത കൈയില്‍ പിടിച്ചു. ഞാന്‍ ഗുളിക കഴിച്ചു കഴിഞ്ഞപ്പോള്‍ പറഞ്ഞു, ഇനി രണ്ടു മണിക്കൂര്‍ പോയിക്കിടന്നു ഉറങ്ങാന്‍. കൃത്യം രണ്ടുമണിക്കൂര്‍ കഴിഞ്ഞതും ഞാന്‍ കണ്ണു തുറന്നു. ശിഷ്യപൂജിത എന്നോടു പറഞ്ഞിരുന്നു എഴുന്നേല്‍ക്കുമ്പോള്‍ എന്റെ അടുത്ത് വരണമെന്ന്. ഞാന്‍ ചെന്നപ്പോള്‍ ശിഷ്യപൂജിത എന്നോടു ചോദിച്ചു, എങ്ങനെ ഉണ്ട്. ഞാന്‍ പറഞ്ഞു, എല്ലാം മാറി. പിന്നെ എന്റെ ജീവിതത്തില്‍ ഇന്നേവരേയും അത്തരമൊരു തലവേദന വന്നിട്ടില്ല. ഗുരു എന്റെ അസുഖത്തെ തന്റെ ശരീരത്തിലേക്ക് വലിച്ചെടുത്ത് എനിക്ക് പുതിയ ഒരു ജീവിതം തന്നു. ഇതുപോലെ എനിക്ക് വിഷമം ഞാന്‍ ശിഷ്യപൂജിതയുടെ അടുത്ത് ചെന്ന് നില്‍ക്കും. ഒന്നും ഞാന്‍ പറയില്ല. അതിനു മുമ്പ് തന്നെ അതിനുള്ള വഴിയെല്ലാം ശിഷ്യപൂജിത എനിക്ക് പറഞ്ഞു തന്ന് എന്നെ ആശ്വസിപ്പിച്ച് കര്‍മ്മത്തിന് പറഞ്ഞ് അയക്കും. എക്കാലവും ഈ സ്നേഹം എന്നിലും എന്റെ കുടുംബത്തിലും നിറഞ്ഞ് നില്‍ക്കണേ.

ഒരിക്കല്‍ എനിക്ക് വണ്ടി ഓടിക്കാനുള്ള കൊതിയോടെ ഞാന്‍ എന്റെ ഡ്രൈവിംഗ് ലൈസന്‍സുമായി ഗുരുവിന്റെ അടുത്ത് ചെന്നു. ഗുരു എന്നോട് പറഞ്ഞു, കുറച്ച് ഓടിച്ചോ. അന്ന് ആശ്രമത്തിലെ വാഹനം ഓടിച്ചിരുന്ന ത്രിവിക്രമന്‍ പിള്ളയെ വിളിച്ച് എന്നെ ഏല്പിച്ചു. കുറച്ചു ദിവസം വാഹനം ഓടിച്ചു. അതിനുശേഷം ഗുരു എന്നോട് പറഞ്ഞു, ഇനി വണ്ടി ഓടിക്കേണ്ട, അതിന് ഒരു ഭാഗ്യം വേണ്ടേ. പിന്നെ ഇതുവരെയും ഞാന്‍ വണ്ടി ഓടിച്ചിട്ടില്ല. ഗുരുവിന്റെ വാക്ക് മാനിച്ച് ഞാന്‍ ജീവിക്കുന്നു.

അന്നൊക്കെ ആശ്രമത്തില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ചെറിയ തുക എണ്ണയ്ക്കും മറ്റുമായി തരുമായിരുന്നു. ഇതെല്ലാം കൂട്ടി വച്ച് ഞാന്‍ ഗുരുവിന് സമര്‍പ്പിച്ചു. അപ്പോള്‍ ഗുരു ചോദിച്ചു, ഇങ്ങനെയെല്ലാം തരാന്‍ നിനക്ക് ഉണ്ടോയെന്ന്. അതില്‍ നിന്ന് കുറച്ച് രൂപ എനിക്ക് തന്നിട്ട് കൊണ്ടുപോയി വച്ചേക്കാന്‍ പറഞ്ഞു. ഞങ്ങള്‍ക്ക് ആഹാരം കഴിക്കാനും സിറ്റിയില്‍ പോകാനുമൊക്കെ സ്വന്തം അച്ഛന്‍ ആവശ്യങ്ങള്‍ അറിഞ്ഞുതരുന്നതിലേറെ ഗുരു എന്റെ ആവശ്യങ്ങള്‍ അറിഞ്ഞുതരുമായിരുന്നു. അതെല്ലാം ഞാന്‍ എന്റെ ഹൃദയത്തില്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്.

ശാന്തിഗിരി പബ്ലിക്കേഷൻസിന്റെ ‘കനൽവഴിയിലെ കാരുണ്യം’ എന്ന ഗ്രന്ഥത്തിൽ ശ്രീ സുനിൽകുമാർ.ആർ എഴുതിയ അനുഭവത്തിൽ നിന്ന്.
01.02.2022

Related Articles

Back to top button