KeralaLatest

രാത്രി യാത്ര; ആവശ്യപ്പെടുന്നിടത്ത് വണ്ടി നിര്‍ത്തണമെന്ന ഉത്തരവില്‍ ഭേദ​ഗതിയുമായി കെഎസ്‌ആര്‍ടിസി

“Manju”

തിരുവനന്തപുരം: രാത്രി യാത്രയില്‍ സ്ത്രീകളും മുതിര്‍ന്ന പൗരന്‍മാരും ഭിന്നശേഷിയുള്ളവരും ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ എല്ലാ സൂപ്പര്‍ ക്ലാസ് സര്‍വീസുകളും നിര്‍ത്തുമെന്നുള്ള ഉത്തരവില്‍ ഭേദ​ഗതി വരുത്തി കെഎസ്‌ആര്‍ടിസി.
ഏതാണ്ട് 200 ല്‍ താഴെ വരുന്ന ദീര്‍ഘ ദൂര സര്‍വീസുകളിലെ യാത്രക്കാരുടെ ബുദ്ധിമുട്ടും പരാതിയും പരി​ഗണിച്ചാണ് പുതിയ ഭേദ​ഗതി. ഇനി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് മുതല്‍ താഴേക്കുള്ള ബാക്കി എല്ലാ വിഭാഗം സര്‍വീസുകളില്‍ മാത്രമായിരിക്കും രാത്രിയില്‍ വണ്ടി ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തുക. ഇത് നടപ്പിലാക്കുവാന്‍ കെഎസ്‌ആര്‍ടിസി തീരുമാനിച്ചതായി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
സൂപ്പര്‍ ക്ലാസ് ദീര്‍ഘദൂര മള്‍ട്ടി ആക്സില്‍ എസി, സൂപ്പര്‍ ഡീലക്സ്, സൂപ്പര്‍ എക്സ്പ്രസ് ബസുകളില്‍ ഈ നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ പ്രായോ​ഗി​കമായി ബുദ്ധിമുട്ടുള്ളതും മണിക്കുറുകളോളം യാത്ര ചെയ്യുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഇത് കടുത്ത അസൗകര്യമാണെന്നുള്ള പരാതിയും ഉയര്‍ന്ന് വന്നതിനെ തുടര്‍ന്നാണ് തീരുമാനം. 14 മണിക്കൂറില്‍ അധികം യാത്ര ചെയ്യുന്ന ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഇടയ്ക്കിടയ്ക്ക് സ്റ്റോപ്പില്‍ അല്ലാതെ നിര്‍ത്തുന്നത് ബുദ്ധിമുട്ട് ആകുന്നുവെന്നത് പരി​ഗണിച്ചാണ് നടപടി.
ഇത്തരം സൂപ്പര്‍ ക്ലാസ് ബസുകള്‍ ആകെ ബസുകളുടെ 5 ശതമാനത്തില്‍ താഴെ മാത്രമാണ്. ബാക്കി 95% ബസുകളിലും സ്ത്രീകളും മുതിര്‍ന്ന പൗരന്‍മാരും ഭിന്നശേഷിയുള്ളവരും രാത്രി 8 മണിക്കും രാവിലെ 6 മണിക്കും മധ്യേ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ബസുകള്‍ നിര്‍ത്തി നല്‍കുകയും ചെയ്യുന്നതാണെന്ന് കെഎസ്‌ആര്‍ടിസി എംഡി പത്രക്കുറിപ്പിലൂടെ അറിയിച്ചു. സൂപ്പര്‍ ഫാസ്റ്റ് ശ്രേണിക്ക് മുകളിലോട്ടുള്ള ബസുകള്‍ക്ക് രാത്രി നിര്‍ത്തണമെന്ന ഉത്തരവ് ബാധകമല്ലെന്ന് വ്യക്തത വരുത്തിയാണ് കെഎസ്‌ആര്‍ടിസിയുടെ പുതിയ ഉത്തരവ്.

Related Articles

Back to top button