IndiaLatest

വിവാഹവാഗ്ദാനം നല്‍കി തട്ടിപ്പ്

“Manju”

തിരുവനന്തപുരം: വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്തന്ന പരാതിയുമായി 51കാരിയായ തിരുവനന്തപുരം സ്വദേശിനി. മാട്രിമോണിയല്‍ വഴി പരിചയപ്പെട്ടയാളാണ് പണം തട്ടിയത്.  വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും പുറത്തിറങ്ങാന്‍ പണം കെട്ടിവയ്ക്കണമെന്നും പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിയതെന്നാണ് പരാതി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വിവാഹമോചിതയായ 51 കാരി 2021 ജനുവരിയിലാണ് വൈവാഹിക പോര്‍ട്ടല്‍ വഴി തട്ടിപ്പുകാരനെ പരിചയപ്പെടുന്നത്. ലോകാരോഗ്യസംഘടനയിലെ ഡോക്ടറായി ജോര്‍ദാനിലെ ഉള്‍നാട്ടില്‍ ജോലിചെയ്യുന്നു എന്നായിരുന്നു തട്ടിപ്പുകാരന്‍ സ്ത്രീയെ പറഞ്ഞു വിശ്വസിപ്പിച്ചത്. ഫോണില്‍ സംസാരിക്കാന്‍ പറ്റില്ലെന്ന് വിശ്വസിപ്പിച്ച തട്ടിപ്പുകാരന്‍ വാട്‌സാപ്പ് സന്ദേശങ്ങളിലൂടെ സൗഹൃദം സ്ഥാപിക്കുകയും. തുടര്‍ന്ന് ഇവരെ നേരില്‍ക്കാണാനായി ഇന്ത്യയിലേക്ക് വരുന്നുവെന്ന് നവംബറില്‍ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും പുറത്തിറങ്ങണമെങ്കില്‍ 22.75 ലക്ഷം രൂപ കെട്ടിവയ്ക്കേണ്ടിവരുമെന്നും സന്ദേശമയച്ചത്. ഇതോടെയാണ് ഇവര്‍ പണം കൈമാറിയത്. കസ്റ്റംസ് ഫീ, ഡെസ്പാച്ച്‌ ഫീ, ഇന്‍സ്റ്റലേഷന്‍ ഫീ, നോട്ടറിക്കുള്ള ചെലവ്, സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയ ആവശ്യങ്ങള്‍ക്കെന്നു പറഞ്ഞാണ് പണം വാങ്ങിയത്.

Related Articles

Back to top button