IndiaLatest

ഭിക്ഷ നല്‍കാന്‍ ചില്ലറയില്ലെങ്കില്‍ സാരമില്ല, ​ഗൂ​ഗിള്‍ പേയുണ്ട്

“Manju”

നോട്ട് നിരോധനം നിലവില്‍ വന്നത് മുതലാണ് ജനങ്ങള്‍ സാമ്പത്തിക ഇടപാടുകള്‍ക്കായി വ്യാപകമായി ഡിജിറ്റല്‍ വാലറ്റുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. ഇപ്പോള്‍ പലരും പണ്ടത്തെ പോലെ നോട്ടുകെട്ടുകള്‍ കൈയില്‍ സൂക്ഷിക്കാറില്ല. ഓട്ടോക്കാരനും, വഴിയരികില്‍ പച്ചക്കറി വില്‍ക്കുന്ന ആളും വരെ പണം ഇടപാടുകള്‍ക്കായി ഗൂഗിള്‍ പേ ഉപയോഗിച്ചു തുടങ്ങി. ബിഹാറിലെ ഒരു ഭിക്ഷാടകനും ഒന്ന് ഹൈടെക്ക് ആകാന്‍ തീരുമാനിച്ചതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്.

ബെട്ടിയ റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷ യാചിക്കുന്ന 40 -കാരനാണ് രാജു പട്ടേല്‍. ഭിക്ഷയായി ചില്ലറ നല്‍കാന്‍ ഇല്ലാത്തവര്‍ക്കായി ഒരു പുതിയ മാര്‍​ഗം അദ്ദേഹം കണ്ടെത്തി, പണം ഡിജിറ്റല്‍ മണിയായി നല്‍കാനുള്ള സൗകര്യം. ഇതിനായി അദ്ദേഹം കഴുത്തില്‍ ക്യുആര്‍ കോഡ് പതിച്ച കാര്‍ഡും ധരിച്ചാണ് നടപ്പ്. ഫോണ്‍ പേ, പേടിഎം എന്നിവയിലൂടെ അദ്ദേഹം പണം സ്വീകരിക്കും. അങ്ങനെ ഒരു ഡിജിറ്റല്‍ യാചകനായി മാറിയിരിക്കയാണ് രാജു. വ്യത്യസ്‌ത ഓണ്‍ലൈന്‍ പേമെന്റ് പ്ലാറ്റ്‌ഫോമുകളുടെ ക്യുആര്‍ കോഡുകളുമായി ബെട്ടിയ റെയില്‍വേ സ്റ്റേഷനില്‍ ഭിക്ഷ തേടി അലയുന്നത് നമുക്ക് കാണാം. മുമ്പ് ഭിക്ഷ ചോദിച്ച്‌ ചെല്ലുമ്പോള്‍ അദ്ദേഹത്തെ ആളുകള്‍ ആട്ടിയോടിക്കുമായിരുന്നു. എന്നാല്‍, ഈ പുതിയ മാര്‍ഗം കൂടുതല്‍ ഫലപ്രദമാണ് എന്ന് അദ്ദേഹം പറയുന്നു.

ഇതിനായി രാജുവിന് സ്വന്തമായി ഒരു ബാങ്ക് അക്കൗണ്ടുമുണ്ട്. ഇതിലൂടെയാണ് അദ്ദേഹം ഡിജിറ്റല്‍ പണമിടപാടുകള്‍ സ്വീകരിക്കുന്നത്. ഇത് വഴി തന്റെ വയര്‍ നിറയാനുള്ളത് കിട്ടുന്നുണ്ടെന്ന് രാജു പറയുന്നു. മുന്‍ സംസ്ഥാന മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ അനുയായിയാണ് താനെന്ന് അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ രാജു കേള്‍ക്കാറുമുണ്ട്.

പ്രധാനമന്ത്രി മോദിയുടെ ‘മന്‍ കി ബാത്ത്’ എന്ന റേഡിയോ പരിപാടി കേള്‍ക്കാനും താന്‍ ഒരിക്കലും മറക്കാറില്ലെന്ന് യാചകന്‍ പറഞ്ഞു. മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ കാമ്പെയ്‌നില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രാജു ഇത് ചെയ്തത്. മാനസിക വെല്ലുവിളി നേരിടുന്ന അദ്ദേഹം കാലങ്ങളായി ഭിക്ഷാടനത്തിലൂടെയാണ് തന്റെ ഉപജീവനം കഴിക്കുന്നത്.

“കുട്ടിക്കാലം മുതല്‍ ഞാന്‍ ഇവിടെ യാചിച്ചാണ് ജീവിക്കുന്നത്. എന്നാല്‍, ഈ ഡിജിറ്റല്‍ യുഗത്തില്‍ ഞാന്‍ യാചനയുടെ രീതി ഒന്ന് മാറ്റി. ഭിക്ഷാടനം കഴിഞ്ഞ് ഞാന്‍ സ്റ്റേഷനില്‍ തന്നെയാണ് ഉറങ്ങുന്നത്. എനിക്ക് മറ്റ് ഉപജീവനമാര്‍ഗ്ഗമൊന്നും അറിയില്ല. പലപ്പോഴും കൈയില്‍ ചില്ലറയിലെന്ന് പറഞ്ഞ് ആളുകള്‍ എനിക്ക് ഭിക്ഷ നിഷേധിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ പണവും കൊണ്ട് നടക്കേണ്ട ആവശ്യമില്ലെന്ന് നിരവധി യാത്രക്കാര്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ഞാന്‍ ഒരു ബാങ്ക് അക്കൗണ്ടും ഇ-വാലറ്റും തുറന്നു” അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ ആളുകള്‍ തന്റെ ഇ-വാലറ്റിലേക്ക് പണം കൈമാറാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ആധാറും പാന്‍ കാര്‍ഡും വേണമെന്ന് ബാങ്ക് ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം ഒരു പാന്‍ കാര്‍ഡും സംഘടിപ്പിച്ചു. തുടര്‍ന്ന്, അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബെട്ടിയയിലെ പ്രധാന ശാഖയില്‍ ഒരു അക്കൗണ്ട് തുറക്കുകയും ഒരു ഇ-വാലറ്റ് ഉണ്ടാക്കുകയും ചെയ്തു. അദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇപ്പോള്‍ നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Back to top button