KeralaLatest

പുതുവസ്ത്രം അലക്കി ഉപയോഗിക്കണം; കാരണം?

“Manju”

പുതിയൊരു വസ്ത്രം വാങ്ങുമ്പോള്‍ അത് കഴുകാതെ നേരിട്ടുപയോഗിക്കുന്ന ചിലരെങ്കിലും നമുക്ക് ചുറ്റും ഉണ്ടാകും. പല തരത്തിലുള്ള പ്രശ്നങ്ങളും ഇത് നിങ്ങളുടെ ശരീരത്തിലുണ്ടാക്കും. റെഡിമെയ്ഡായി വാങ്ങുന്ന വസ്ത്രങ്ങളാണെങ്കിലും അവ തയ്ച്ച്‌, തയ്യാറാക്കപ്പെടുന്നത് ഏതെങ്കിലും ഫാക്ടറികളിലോ യൂണിറ്റുകളിലോ ആയിരിക്കും.
അതിന് ശേഷം അവ പാക്ക് ചെയ്ത്, വാഹനങ്ങളില്‍ കയറ്റിയായിരിക്കും നമ്മള്‍ വാങ്ങിക്കുന്ന കടകളിലെത്തുന്നത്. ഒരുപക്ഷേ ഒന്നിലധികം ഗതാഗത മാര്‍ഗങ്ങള്‍ ഇതിനായി ആശ്രയിച്ചിരിക്കാം. ഇത്തരത്തില്‍ പല ഘട്ടങ്ങളിലൂടെ കടന്നുപോന്ന വസ്ത്രമാണ് ഒടുവില്‍ നിങ്ങളുടെ കൈകളിലെത്തുന്നത്. ഇതില്‍ ഓരോ ഘട്ടത്തിലും എത്രമാത്രം ശുചിത്വത്തോടെയാണ് വസ്ത്രം കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ളത് എന്ന് നമുക്കറിവില്ല. അതിനാല്‍ത്തന്നെ, ഇവ നേരിട്ട് ഉപയോഗിക്കുന്നത് ചര്‍മ്മത്തെ മോശമായി ബാധിക്കും.
അതുപോലെ തന്നെ കടകളില്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്ന വസ്ത്രങ്ങള്‍ പലരും മുമ്പ് വന്ന് ഉപയോഗിച്ച്‌ നോക്കിയ ശേഷം (ട്രയല്‍) മാറ്റിവച്ചവയാകാം. അതുതന്നെ നമ്മളും ധരിക്കുമ്പോള്‍ നേരത്തേ ട്രയല്‍ നോക്കിയ വ്യക്തികളുടെ ശരീരത്തില്‍ നിന്ന് വസ്ത്രത്തിലെത്തിയ ഡെഡ്സ്‌കിന്‍ അണുക്കള്‍ എന്നിവ നമ്മുടെ ശരീരത്തിലുമെത്തുന്നു. കണ്ണുകള്‍ കൊണ്ട് കണ്ടെത്താനാകാത്ത അത്രയും നേര്‍ത്തതായിരിക്കും ഈ രോഗകാരികള്‍. അതിനാല്‍ പുതിയ വസ്ത്രങ്ങള്‍ വൃത്തിയായി കഴുകിയ ശേഷം ഉപയോഗിക്കുന്നത് തന്നെയാണ് സുരക്ഷിതം.
ഇനി മറ്റൊരു പ്രശ്നമുള്ളത്, വസ്ത്രം നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ സാന്നിധ്യമാണ്. ഫാബ്രിക് നിര്‍മ്മിക്കുമ്പോഴും കളര്‍ ചെയ്യുമ്പോഴുമെല്ലാം ഇത്തരത്തില്‍ വിവിധ തരം രാസപദാര്‍ത്ഥങ്ങള്‍ ചേരുന്നുണ്ട്. ഇവയും ചര്‍മ്മത്തില്‍ ചുവപ്പ്, തടിപ്പ്, ചൊറിച്ചില്‍ എന്നിവയ്ക്ക കാരണമാകാറുണ്ട്. പുതിയ വസ്ത്രങ്ങള്‍ വിയര്‍പ്പ് പിടിക്കാതിരിക്കുന്നത് മൂലവും അസ്വസ്ഥതകളുണ്ടായേക്കാം.

Related Articles

Back to top button