KeralaLatest

കലാ-സാംസ്കാരിക- പ്രഭാഷണ പരിപാടി ഇന്ന് മന്ത്രി കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും

“Manju”

പാലക്കാട്: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഇന്ന് (മാര്‍ച്ച്‌ 4 ന് ) പാലക്കാടന്‍ തനത്- കലാ സാംസ്‌കാരിക- പ്രഭാഷണ പരിപാടികള്‍ സംഘടിപ്പിക്കും. ഹോട്ടല്‍ ഇന്ദ്രപ്രസ്ഥയില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം വൈകിട്ട് 3.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും. വി.കെ ശ്രീകണ്ഠന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ എന്നിവര്‍ മുഖ്യാതിഥികളാകും.

മികച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുരസ്‌കാരം, മികച്ച ജില്ലാ കളക്ടര്‍ക്കുള്ള സംസ്ഥാനതല റവന്യൂ പുരസ്‌കാരം എന്നിവ കരസ്ഥമാക്കിയ ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷിയെ പരിപാടിയില്‍ ആദരിക്കും. തുടര്‍ന്ന് കഥാകൃത്തും ജില്ലാ പബ്ലിക് ലൈബ്രറി നിര്‍വാഹക സമിതി അംഗവുമായ രാജേഷ് മേനോന്‍ ‘സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. സേതുമാധവന്‍, കേരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഷീബ, കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജിത്ത്, മങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എന്‍ ഗോകുല്‍ദാസ്, മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത, മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി സജിത, പറളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി സുരേഷ്‌കുമാര്‍, പിരായിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുമതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ.ഉണ്ണികൃഷ്ണന്‍ ,അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. സുമ എന്നിവര്‍ സംബന്ധിക്കും.

ഉദ്ഘാടനത്തിന് മുന്നോടിയായി കല്ലടിക്കോട് യുവര്‍ ചോയ്‌സ് കലാസമിതി ശിങ്കാരിമേളം അവതരിപ്പിക്കും.ഉദ്ഘാടനത്തിന് ശേഷം പാലക്കാടിന്റെ തനത് കലാസാംസ്കാരിക പരിപാടികള്‍ അരങ്ങേറും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടക്കുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. ഉദ്ഘാടനത്തിന് ശേഷം വൈകിട്ട് 4.15 -ഓടെയാണ് കലാപരിപാടികള്‍ നടക്കുക.

Related Articles

Back to top button