InternationalLatest

ആഗോളതലത്തില്‍ ഭക്ഷ്യവില ക്രമാതീതമായി ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പ്

“Manju”

കീവ്: ഉക്രൈനിലെ സംഘര്‍ഷം ആഗോള ഭക്ഷ്യവില ക്രമാതീതമായി ഉയരാന്‍ ഇടയാക്കുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം മേധാവി ഡേവിഡ് ബീസ്‌ലി മുന്നറിയിപ്പ് നല്‍കി. ലോകത്തിലെ ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളെ ഈ വിലവര്‍ദ്ധന വിനാശകരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഉക്രൈനും റഷ്യയും അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിക്കാരില്‍ പ്രധാനികളാണ്. യുദ്ധം ഇതിനോടകം തന്നെ വിള ഉല്‍പാദനത്തെ ദോഷമായി ബാധിക്കുകയും, വില വര്‍ദ്ധിപ്പിക്കുകയും ചെയ്തു കഴിഞ്ഞു. ലോകത്തിലാകെ തന്നെ ഈ വിലക്കയറ്റം ഒരുപാട് പേരെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് ഡേവിഡ് ബീസ്‍ലി നിരീക്ഷിച്ചു.

ഒരിക്കല്‍ യൂറോപ്പിന്റെ ബ്രെഡ്‌ ബാസ്‌ക്കറ്റ് എന്ന് വിളിക്കപ്പെട്ടിരുന്ന റഷ്യയും ഉക്രൈനുമാണ്, ലോകത്തിലെ ഗോതമ്പിന്റെ നാലിലൊന്ന് ഭാഗവും, വിത്തും എണ്ണയും പോലുള്ള സണ്‍ഫ്ലവര്‍ ഉല്‍പ്പന്നങ്ങളുടെ പകുതിയും കയറ്റുമതി ചെയ്യുന്നത്. ഉക്രൈന്‍ ആഗോളതലത്തില്‍ ധാരാളം ധാന്യങ്ങളും വില്‍ക്കുന്നുണ്ട്. യുദ്ധം ധാന്യങ്ങളുടെ ഉല്‍പാദനത്തെ സാരമായി ബാധിക്കുമെന്നും, ആഗോളതലത്തില്‍ തന്നെ ഗോതമ്പ് വില ഇരട്ടിയാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

റഷ്യയുടെ അധിനിവേശത്തിന് മുമ്പ് തന്നെ, നാല് വര്‍ഷത്തിനുള്ളില്‍ ലോകമെമ്പാടും പട്ടിണി നേരിടുന്നവരുടെ എണ്ണം 80 ദശലക്ഷത്തില്‍ നിന്ന് 276 ദശലക്ഷമായി ഉയരുമെന്ന്, ബിബിസി വേള്‍ഡ് സര്‍വീസിന്റെ ബിസിനസ് ഡെയ്‌ലി പ്രോഗ്രാമില്‍ ബീസ്ലി പറഞ്ഞിരുന്നു.

Related Articles

Back to top button