LatestThiruvananthapuram

ഫോമാ കേരളാ കണ്‍വെന്‍ഷന്‍ തിരുവനന്തപുരത്ത്

“Manju”

തിരുവനന്തപുരം ; കാരുണ്യ പ്രവര്‍ത്തികളുടെയും, ജനസേവനത്തിന്റെയും പുതിയ മാതൃകകള്‍ മലയാളികള്‍ക്കും കേരളത്തിനും സമ്മാനിച്ചു പ്രവാസിമലയാളികളുടെ പ്രിയ സംഘടനയായ ഫോമയുടെ ഏഴാമത് കേരളാ കണ്‍വെന്‍ഷന്‍ തിരുവനന്തപുരത്ത് 2022 മെയ് പതിമൂന്ന് മുതല്‍ പതിനഞ്ച് വരെ നടക്കും.
രാഷ്ട്രീയ -സാംസ്കാരിക-സാമൂഹ്യ രംഗത്തെ പ്രമുഖര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന പ്രവാസിമലയാളികളും, ഫോമയുടെ നേതാക്കളും അഭ്യുദയകാംഷികളും കണ്‍വെന്‍ഷനില്‍ എത്തിച്ചേരും. ഫോമാ കേരളാ കണ്‍വെന്‍ഷന് മുന്നോടിയായി മെയ് 5 ന് ലോക മലയാളി ബിസിനസ്സ്കാര്‍ ഒന്നിക്കുന്ന “ഫോമാ എംപവര്‍ കേരളാ 2022 ” ബിസിനസ്സ് മീറ്റിനു എറണാകുളത്തുള്ള ഗ്രാന്‍ഡ് ഹയാത്തില്‍ തുടക്കം കുറിക്കും. ജീവ കാരുണ്യ രംഗത്തും ആതുര പ്രവര്‍ത്തനത്തിനും എക്കാലവും മുന്‍‌തൂക്കം നല്‍കുന്ന ഫോമാ മെയ് 6 നും 12 നും ഇടയില്‍ വിവിധ ഗ്രാമങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.

കേരളാ കണ്‍വെന്‍ഷനോടനുബന്ധിച്ചു സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള നൂറ് കുട്ടികള്‍ക്ക് ഉപരി പഠനത്തിനുള്ള ധനസഹായം ഫോമാ വിമെന്‍സ്‌ഫോറത്തിന്റെ നേതൃത്വത്തില്‍ നല്‍കുന്നതായിരിക്കും. കഴിഞ്ഞ രണ്ടു വര്‍ഷക്കാലയളവില്‍ നാലുകോടി രൂപയുടെ കാരുണ്യ-സേവന പദ്ധതികളാണ് ഫോമാ കേരളത്തില്‍ നടപ്പിലാക്കിയത്. പ്രത്യകിച്ചും കോവിഡ് കാലയളവില്‍ എല്ലാ ജില്ലകളിലേക്കും വെന്റിലേറ്ററുകള്‍, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, തുടങ്ങിയവ നല്‍കി ഫോമാ മറ്റു സംഘടനകള്‍ക്ക് മാതൃകയായി. ബാലരാമപുരത്തെ കൈത്തറി തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്‍പ്പടെയുള്ള പദ്ധതികള്‍ നടപ്പിലാക്കിയത്, ഫോമാ ഹെല്പിങ് ഹാന്റ് വഴി കേരളത്തിലെ നിരവധി പേര്‍ക്ക് സാമ്പത്തിക സഹായങ്ങളും ഭാവന പദ്ധതികളും നടപ്പിലാക്കിയതും ഈ കാലയളവിലാണ്. പുതിയ കാരുണ്യ പദ്ധതികളെ കുറിച്ചും, സഹായ പദ്ധതികളുടെ നടത്തിപ്പിനെ കുറിച്ചും കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്യും.

കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതിന് എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്ന് ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജേക്കബ് തോമസ്, എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Related Articles

Back to top button