KeralaLatest

സൈക്കിള്‍ ഓടിക്കാന്‍ ലൈസന്‍സ് തരണം., ഒമ്പത് വയസുകാരന്‍ പൊലീസ് സ്റ്റേഷനില്‍

“Manju”

 

ഇടുക്കി: “സാര്‍, എനിക്ക് സൈക്കിള്‍ ഓടിക്കാന്‍ അനുവാദം തരണം. റോഡില്‍ കൂടി ഓടിക്കാന്‍ ലൈസന്‍സ് തരണം. താഴ്മയോടെ അപേക്ഷിക്കുന്നു. നന്ദി.”
ഒമ്പത് വയസുകാരനായ ബാലന്‍ ഈ അപേക്ഷയുമായി എത്തിയപ്പോള്‍ സബ് ഇന്‍സ്പക്ടര്‍ക്കും പൊലീസുകാര്‍ക്കും കൗതുകം. അവര്‍ കൂട്ടിയോട് കാര്യങ്ങള്‍ തിരക്കി.
ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്താണ് സംഭവം നടക്കുന്നത്,
റോഡിലൂടെ സൈക്കിള്‍ ഓടിക്കാന്‍ ലൈസന്‍സ് തരണമെന്ന അപേക്ഷയുമായി നാലാം ക്ലാസുകാരന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. തന്റെ നോട്ടുബുക്കില്‍ നിന്ന് കീറിയെടുത്ത കടലാസില്‍ സ്വന്തം കൈപ്പടയിലാണ് പൊലീസിനുള്ള അപേക്ഷ തയ്യാറാക്കിയിരിക്കുന്നത്.
കത്തിന്റെ ഉള്ളടക്കം വായിച്ച എസ്.ഐ ബിനോയ് ഏബ്രഹാം നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൗതുകകരമായ ഒരു കഥയുടെ ചുരുളഴിഞ്ഞത്.
ദേവനാഥിന് മൂന്ന് മാസം മുന്‍പ് വിദേശനിര്‍മിതവും ഗിയറുള്ളതുമായ സൈക്കിള്‍ സമ്മാനിച്ചത് അബുദാബിയില്‍ നിന്നെത്തിയ അമ്മാവന്മാരാണ്. അന്ന് സൈക്കിളില്‍ കയറാന്‍ കുട്ടിക്ക് കാല്‍ എത്തുമായിരുന്നില്ല. വീട്ടു പരിസരത്ത് കൂടി ഉരുട്ടിയും ചവിട്ടിയും ഒരു വിധത്തില്‍ സൈക്കിള്‍ ഓടിക്കാന്‍ പഠിച്ചു. സ്കൂളിലേക്കും കടയിലേയ്ക്കും മറ്റും സൈക്കിളില്‍ പോയാലോ എന്നായി ദേവനാഥിന് അടുത്ത ആഗ്രഹം.
ആഗ്രഹം അമ്മയെ അറിയിച്ചു. അതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി.
“റോഡിലൂടെ സൈക്കിള്‍ ഓടിക്കണമെങ്കില്‍ ലൈസന്‍സ് വേണം. ലൈസന്‍സില്ലാതെ സൈക്കിളോടിച്ചാല്‍ സൈക്കിള്‍ പൊലീസ് പിടിക്കുംച്ചെടുക്കും.”
അമ്മ പറഞ്ഞതോടെ ദേവനാഥ് വിഷമവൃത്തത്തിലായി.
ലൈസന്‍സ് എവിടെ കിട്ടുമെന്നായി ദേവനാഥിന്റെ ചോദ്യം. പൊലീസ് സ്റ്റേഷനില്‍ ചെന്ന് അപേക്ഷ നല്‍കണമെന്ന് അമ്മയുടെ ഉപദേശം. മകന്‍ ആ സാഹസത്തിനു മുതിരുമെന്ന് അമ്മയും കരുതിയിട്ടുണ്ടാവില്ല.  പക്ഷേ ദേവനാഥ് രണ്ടും കല്പിച്ചു തന്നെയായിരുന്നു. അച്ഛനും അമ്മയും വീട്ടിലില്ലാത്ത തക്കം നോക്കി സ്വന്തമായി അപേക്ഷയും എഴുതി കുട്ടി സ്റ്റേഷനിലെത്തി.
കുട്ടിയുടെ അപേക്ഷ വാങ്ങിയ സബ് ഇന്‍സ്പെക്ടറും മറ്റ് പൊലീസുകാരും മിഠായിയൊക്കെ വാങ്ങിക്കൊടുത്ത് വീട്ടിലെയും സ്കൂളിലെയുമൊക്കെ വിശേഷങ്ങള്‍ ദേവനാഥിനോടു ചോദിച്ചറിഞ്ഞു.  നെടുങ്കണ്ടം ഹണികോട്ടേജില്‍ ഗ്രീഷ്മ- രാജേഷ് ദമ്ബതികളുടെ മകനും എസ്.എച്ച്‌ ഇംഗ്ലിഷ് മീഡിയം സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയുമാണ് ദേവനാഥ്.  ഒടുവില്‍ മാതാപിതാക്കളെയും സഹോദരങ്ങളെയും വിളിച്ച്‌ വരുത്തി അവര്‍ക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ നിന്ന് മടക്കി അയച്ചപ്പോള്‍ ദേവനാഥ് അമ്മയെ ഒരു നോട്ടം നോക്കി, തന്നെ പറ്റിച്ചു അല്ലേ എന്ന അര്‍ത്ഥത്തില്‍.

Related Articles

Back to top button