KeralaLatest

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എംആര്‍ഐ സ്‌കാനിംഗ് മെഷീന്‍ സ്ഥാപിക്കുന്നു

“Manju”

തിരുവനന്തപുരം: തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി സ്വന്തമായി എംആര്‍ഐ സ്‌കാനിംഗ് മെഷീന്‍ സ്ഥാപിക്കുന്നതായി മന്ത്രി വീണാ ജോര്‍ജ്. അത്യാധുനികമായ 1.5 ടെസ്ല എംആര്‍ഐ സ്‌കാനിംഗ് മെഷീനാണ് സ്ഥാപിക്കുന്നത്. ഇതിനായി 6,90,79,057 രൂപ അനുവദിച്ച്‌ ഉത്തരവിറക്കി.

മെഡിക്കല്‍ കോളേജില്‍ തന്നെ എംആര്‍ഐ പരിശോധന സാധ്യമാകുന്നതോടെ രോഗികള്‍ക്ക് ഏറെ സഹായകകരമാകും. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി എംആര്‍ഐ പരിശോധന നടത്താന്‍ സാധിക്കും. നടപടിക്രമങ്ങള്‍ പാലിച്ച്‌ എത്രയും വേഗം എംആര്‍ഐ സ്‌കാനിംഗ് മെഷീന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആന്തരാവയവങ്ങളുടെ ഘടനയും പ്രവര്‍ത്തനവും സൂക്ഷ്മമായി പകര്‍ത്തിയെടുക്കാന്‍ സാധിക്കുന്നതാണ് 1.5 ടെസ്ല എംആര്‍ഐ. സ്‌കാനിംഗ് മെഷീന്‍. ആന്‍ജിയോഗ്രാം പരിശോധനയും വളരെ കൃത്യമായി ചെയ്യാന്‍ കഴിയും. ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങളെ തിരിച്ചറിയാനും കൂടുതല്‍ കൃത്യതയാര്‍ന്ന രോഗനിര്‍ണയം നടത്താനും ഏറെ സഹായിക്കുന്നു.

Related Articles

Back to top button