KeralaLatest

കേരളത്തിലെ ആയുര്‍വേദ ഡോക്ടര്‍മാര്‍ പ്രതീക്ഷയില്‍

“Manju”

തൃശൂര്‍: ആയുര്‍വേദ ഡോക്ടര്‍മാര്‍ തുല്യവേദനത്തിന് അര്‍ഹരാണെന്ന സുപ്രീംകോടതി വിധിയില്‍ കേരളത്തിലെ ആയുര്‍വേദ ഡോക്ടര്‍മാര്‍ പ്രതീക്ഷയില്‍. നാഷനല്‍ റൂറല്‍ ഹെല്‍ത്ത്‌ മിഷന്‍ (എന്‍.ആര്‍.എച്ച്‌.എം) / നാഷനല്‍ ഹെല്‍ത്ത്‌ മിഷന്‍ (എന്‍.എച്ച്‌.എം) ആന്‍ഡ് ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്റെ (ഐ.എസ്.എം) കീഴില്‍ ജോലി ചെയ്യുന്ന ആയുര്‍വേദ ഡോക്ടര്‍മാര്‍, ആലോപ്പതി മെഡിക്കല്‍ ഓഫിസര്‍ ആന്‍ഡ് ഡെന്‍റല്‍ മെഡിക്കല്‍ ഓഫിസര്‍ക്ക്‌ ലഭിക്കുന്ന തുല്യ വേതനത്തിന് അര്‍ഹതയുണ്ടെന്നും വിധി എത്രയും വേഗം നടപ്പിലാക്കണമെന്നുമാണ് സുപ്രീംകോടതി വിധിച്ചത്. ഈ കേസില്‍ നിലനിന്നിരുന്ന ഉത്തരാഖണ്ഡ് ഹൈകോടതി വിധി ചോദ്യം ചെയ്ത ഹരജിയിലായിരുന്നു വിധി.

കേരളത്തില്‍ അലോപ്പതി അസിസ്റ്റന്റ് സര്‍ജന് 63,700 – 1,23,700 ശമ്പള സ്കെയില്‍ ഉള്ളപ്പോള്‍ മെഡിക്കല്‍ ഓഫിസര്‍ ആയുര്‍വേദത്തിന് 55,200 – 1,15,300 ആണ് ലഭിക്കുന്നത്. 8500 രൂപയുടെ വ്യത്യാസമാണുള്ളത്. കേരളത്തില്‍ അലോപ്പതി സര്‍ജന് 95,600 – 1,53,200 ശമ്പള സ്കെയില്‍ ഉള്ളപ്പോള്‍ സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍ ആയുര്‍വേദത്തിന് ലഭിക്കുന്നത് 59,300 – 1,20,900 മാത്രം. 36,300 രൂപയുടെ വ്യത്യാസം. കേരളത്തില്‍ അലോപ്പതി സര്‍ജന്‍ ഹയര്‍ ഗ്രേഡിന് 1,18,100 – 1,63,400 ശമ്പള സ്കെയില്‍ ഉള്ളപ്പോള്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ആയുര്‍വേദത്തിന് 63,700 – 1,23,700 മാത്രം. 54,400 രൂപയുടെ വ്യത്യാസം.

കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ശമ്പള പരിഷ്കരണ ആവശ്യവുമായി ആയുര്‍വേദ വിദഗ്ധര്‍ സര്‍ക്കാറിനെ സമീപിച്ചിരുന്നുവെങ്കിലും അവഗണനയായിരുന്നു ഫലം. സുപ്രീംകോടതി വിധി തങ്ങളുടെ ആവശ്യം പരിഗണിക്കാനുള്ള വഴിയൊരുക്കുമെന്നാണ് ആയുര്‍വേദ ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ആയുര്‍വേദ ചികിത്സയുടെ ഈറ്റില്ലം എന്നറിയപ്പെടുന്ന കേരളം വിധി നടപ്പിലാക്കി മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക കാട്ടണമെന്ന് മുന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്‍ (സി.സി.ഐ.എം) അംഗവും ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്ചറേഴ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (എ.എം.എം.ഒ.ഐ) ജനറല്‍ സെക്രട്ടറിയുമായ ഡോ. ഡി. രാമനാഥന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button