KozhikodeLatest

പച്ചക്കറി കൃഷി പൊളിക്കാന്‍ മറുനാടന്‍ ലോബി

“Manju”

കോഴിക്കോട്: ഇടതുമുന്നണി അധികാരത്തില്‍ വന്നശേഷം കൊണ്ടുവന്ന കാര്‍ഷിക വികസന പദ്ധതികളിലൂടെ പച്ചക്കറി കൃഷിയില്‍ കേരളം കൈവരിച്ച നേട്ടം ഇല്ലാതാക്കാന്‍ അന്യസംസ്ഥാന ലോബികള്‍ സജീവം.
സംസ്ഥാനത്തെ സീസണ്‍ പച്ചക്കറികള്‍ അന്യ സംസ്ഥാനത്തുനിന്ന് വില കുറച്ച്‌ വിപണിയിലെത്തിക്കുകയെന്ന തന്ത്രമാണ് ഇത്തരം സംഘങ്ങള്‍ പയറ്റുന്നത്. കേരളത്തിലിപ്പോള്‍ വെള്ളരി വിളവെടുപ്പാണ്. എന്നാല്‍ വെള്ളരിയുടെ വില കുത്തനെ ഇടിച്ച്‌ മൈസൂര്‍ മേഖലയില്‍ നിന്ന് വെള്ളരി എത്തിക്കുകയാണ്. വയനാട്,​ ​മലപ്പുറം,​ കോഴിക്കോട് ജില്ലകളില്‍ ധാരാളം വെള്ളരി കര്‍ഷകരുണ്ട്. അവരെല്ലാം തങ്ങളുടെ ഉത്പ്പന്നം എത്തിക്കുന്നത് കോഴിക്കോട് പാളയം മാര്‍ക്കറ്റിലാണ്. മറുനാടന്‍ വെള്ളരി കുറഞ്ഞ വിലയ്ക്ക് സുലഭമായി എത്തിയതോടെ ഇവിടുത്തെ കര്‍ഷകര്‍ക്ക് ചെലവിനുള്ള തുക പോലും കിട്ടാത്ത സ്ഥിതിയാണ്.
സമാനമായ രീതിയില്‍ പാവയ്ക്ക, ചീര, പയര്‍ എന്നിവയുടെ സീസണിലും സംഘടിതമായി വില കുറയ്ക്കാന്‍ ശ്രമിക്കുകയാണ്. കൃഷി നഷ്ടത്തിലാക്കി കേരളത്തിലെ കര്‍ഷകരെ ഈ മേഖലയില്‍ നിന്ന് ഓടിക്കുകയാണ് ഇത്തരം നീക്കത്തിലൂടെ ലക്ഷ്യം. കീടനാശിനിയുടെ ഉപയോഗം കുറച്ചും ജൈവ രീതിയില്‍ കൃഷി ചെയ്തും വിപണിയിലെത്തിക്കുന്ന കേരളത്തിലെ പച്ചക്കറി ഉത്പന്നങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്നത്. ഈ നില തുടര്‍ന്നാല്‍ തങ്ങളുടെ ഉല്പന്നങ്ങള്‍ താമസിയാതെ കേരള വിപണിയില്‍ നിന്ന് പുറത്താകുമെന്ന് മനസിലാക്കിയാണ് വില കുറയ്ക്കല്‍ തന്ത്രവുമായി അന്യസംസ്ഥാന ലോബി സജീവമായിരിക്കുന്നത്.
സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് പോലെ പച്ചക്കറി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കലാണെങ്കില്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ന്യായമായ വില നല്‍കി സംഭരിക്കാനുള്ള സംവിധാനവും ഉണ്ടാക്കണം. ഹോര്‍ട്ടികോര്‍പ് പോലുള്ള സ്ഥാപനങ്ങള്‍ ചിലയിടങ്ങളില്‍ സംഭരണം നടത്തുന്നുണ്ടെങ്കിലും ഭൂരിപക്ഷം കര്‍ഷകര്‍ക്കും ഇതിന്റെ ഗുണം ലഭിക്കുന്നില്ല.
‘കേരളത്തിന്റെ പച്ചക്കറി ഇല്ലാതാക്കാന്‍ അന്യസംസ്ഥാന ലോബി നടത്തുന്ന ശ്രമങ്ങളില്‍ തങ്ങള്‍ നിസഹായരാണ്. കുറഞ്ഞ വിലയ്ക്ക് പച്ചക്കറി ലഭിക്കാനാണ് ഉപഭോക്താക്കള്‍ ശ്രമിക്കുന്നത്. എവിടെ നിന്നാണോ കുഞ്ഞ വിലയ്ക്ക് പച്ചക്കറി ലഭിക്കുന്നത് അവിടെ നിന്ന് വാങ്ങാനാണ് കച്ചവടക്കാര്‍ക്കും താത്പര്യം ‘.

സി മനോജ്കുമാര്‍,​
ട്രഷറര്‍ കോഴിക്കോട് ജില്ലാ വെജിറ്റബിള്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍.

Related Articles

Back to top button