IndiaLatest

623 കിലോമീറ്റര്‍ ദൂരം : തീരദേശ ഹൈവേ ഉടന്‍

“Manju”

തിരുവനന്തപുരം: തിരുവനന്തപുരം പൂവ്വാര്‍ മുതല്‍ കാസറകോഡ് കുഞ്ചത്തൂര്‍ വരെ കേരളത്തിന്റെ തീരദേശത്തോട് ചേര്‍ന്ന് 623 കിലോമീറ്റര്‍ ദൂരത്തില്‍ നീണ്ട് കിടക്കുന്ന തീരദേശ ഹൈവേ പദ്ധതി ഉടന്‍ നടപ്പാക്കും.
അന്തര്‍ദേശീയ നിലവാരത്തില്‍ സൈക്കിള്‍ പാതയോടു കൂടിയുള്ളതാണ് തീരദേശ ഹൈവേ. ദീര്‍ഘമായ കടല്‍ത്തീരമുള്ള കേരളത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ക്ക് പകിട്ടേകുന്നതാണ് ഈ പദ്ധതി. തീരദേശത്തിന്റെ പുരോഗതിയും ഈ പദ്ധതിയുടെ ലക്ഷ്യമാണ്. കേരളത്തിന്റെ ഒരറ്റത്തു നിന്നും മറ്റൊരറ്റത്തേക്ക് സുഗമമായ യാത്ര പ്രദാനം ചെയ്യുമെന്നതും പ്രത്യേകതയാണ്. മലയോര പാതക്കൊപ്പം തീരദേശ പാതയും നിര്‍മാണം പൂര്‍ത്തിയാകുമ്ബോള്‍ സംസ്ഥാനത്തിന്റെ ഗതാഗതമേഖലയുടെ ഗതി തന്നെ മാറും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറകോഡ് എന്നീ ജില്ലകളിലൂടെയാണ് തീരദേശ ഹൈവേ കടന്നുപോകുന്നത്. കൊല്ലം, വിഴിഞ്ഞം, വല്ലാര്‍പാടം എന്നീ പ്രധാന തുറമുഖങ്ങളെയും നിരവധി ചെറിയ തുറമുഖങ്ങളെയും ബന്ധപ്പെടുത്തിയാണ് നിര്‍മാണം പുരോഗമിക്കുന്നത്. ബസ്‌ബേ, സൈക്കിള്‍ പാത, നടപ്പാത എന്നിവ ഉള്‍പ്പെടുന്നതാണ് പാത.
പൊതു ഗതാഗതത്തിനൊപ്പം തീരദേശ വികസനം, വിനോദസഞ്ചാരം, ചരക്കുനീക്കം എന്നീ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് പദ്ധതി. കണ്ണൂരിലെ മാട്ടൂലിനെ ബന്ധിപ്പിക്കാന്‍ പുതിയ പാലം നിര്‍മിക്കും. പയ്യാമ്ബലം, മുഴുപ്പിലങ്ങാട് ബീച്ച്‌, ധര്‍മടം തുരുത്ത്, തലശ്ശേരി, കണ്ണൂര്‍ കോട്ട എന്നിവയുടെയും സാധ്യതകള്‍ കൂടി പരിഗണിച്ചാകും പദ്ധതി മുന്നോട്ട് പോകുക.
നിലവിലുളള ദേശീയപാതകളും സംസ്ഥാനപാതകളും തീരദേശ ഹൈവേയുടെ ഭാഗമാക്കിയും പുതിയ നിര്‍മാണങ്ങള്‍ നടത്തിയും മൂന്ന് ഘട്ടങ്ങളിലായാണ് തീരദേശ ഹൈവേ പദ്ധതി നടപ്പാക്കുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ തീരദേശ ഹൈവേ നിര്‍മാണത്തിന് സാമ്ബത്തികാനുമതി ലഭിച്ചുകഴിഞ്ഞു.
മലപ്പുറം പടിഞ്ഞാറേക്കര പാലം മുതല്‍ ഉണ്യാല്‍ ജങ്ഷന്‍ വരെയുള്ള 15 കിലോമീറ്റര്‍ ഹൈവേ നിര്‍മാണം പുരോഗമിക്കുകയാണ്. 52.78 കോടി രൂപയാണ് ചെലവ്. തിരുവനന്തപുരത്ത് ഒരു സ്‌ട്രെച്ചിന്റെ സ്ഥലം ഏറ്റെടുക്കല്‍ ഉടന്‍ പൂര്‍ത്തിയാകും. സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പാലങ്ങള്‍ നിര്‍മിച്ചും ജലാശയങ്ങളുടെ ആഴം കൂട്ടിയും വിനോദസഞ്ചാര മേഖലകളെയും അവിടുത്തെ ജനജീവിതത്തെയും പരിഗണിച്ചായിരിക്കും തീദേശ ഹൈവേയുടെ നിര്‍മ്മാണം നടക്കുക.

Related Articles

Back to top button