Auto

ഫോർച്യൂണറിനോടും ഗ്ലോസ്റ്ററിനോടും ഏറ്റുമുട്ടാൻ മെറിഡിയൻ

“Manju”

വാഹനപ്രേമികളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് അമേരിക്കൻ യൂട്ടിലിറ്റി വാഹന സ്‌പെഷ്യലിസ്റ്റുകളായ ജീപ്പിന്റെ മെറിഡിയൻ ലോഞ്ചിനോടടുക്കുകയാണ്. ജൂൺ മാസത്തോടെ വാഹനം ഇന്ത്യൻ നിരത്തുകളിൽ ചീറിപ്പായുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് നിര സീറ്റുകളുള്ള എസ് യുവി ഇന്ത്യയിൽ തന്നെയാണ് ജീപ്പ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിൽ തന്നെ നിർമ്മിച്ച് വാഹനം പുറത്തിറക്കുന്നതിലൂടെ ജീപ്പിന് ഇന്ത്യയോടുള്ള പ്രതിബദ്ധതയാണ് തെളിയിക്കുന്നതെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

വാഹനത്തിന്റെ ഡിസൈനും ഫീച്ചർ സംബന്ധമായ വിശദാംശങ്ങളും പുറത്ത് വിട്ടെങ്കിലും, വില ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, സ്‌കോഡ കോഡിയാക് തുടങ്ങിയ വാഹനങ്ങൾക്ക് കരുത്തനായ എതിരാളിയായാണ് വാഹനം ഇന്ത്യൻ വിപണിയിലേയ്‌ക്കെത്തുന്നത്. ജീപ്പ് ഇന്ത്യൻ വിപണിയിൽ എത്തിച്ചിട്ടുള്ള കോംപസ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ അതേ ഇനത്തിൽപ്പെട്ട എസ് യുവിയാണ് മെറിഡിയൻ.

ജീപ്പിന്റെ മാസ്റ്റർപീസായ 7 സ്ലോട്ട് ഗ്രില്ല്, ബൈ-ഫങ്ഷൻ എൽഇഡി പ്രോജക്ടർ ഹൈഡ്‌ലാമ്പ്, റിഫ്‌ളക്ടർ, ഡിആർഎൽ, ഇന്റിക്കേറ്റർ എന്നിവ അടങ്ങിയ ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, ബമ്പറിൽ രണ്ടിടങ്ങളിലായി നൽകിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ് എന്നിവയാണ് വാഹനത്തിന്റെ മുൻവശത്തെ സവിശേഷതകൾ. ട്രപസോയ്ഡൽ വീൽ ആർച്ച്, ഡോർ ക്ലാഡിങ്, പുതിയ ഡിസൈനോടുകൂടി അലോയ് വീൽ എന്നിവയും വാഹനത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.

ഇതിന് പുറമെ, 10.1 ഇഞ്ച് വലിപ്പമുള്ള ഫ്‌ളോട്ടിങ്ങ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആൽഫൈൻ സൗണ്ട് സിസ്റ്റം, 10.25 ഇഞ്ച് വലിപ്പമുള്ള ഡ്രൈവർ ഇൻഫോർമേഷൻ ഡിസ്‌പ്ലേ, പനോരമിക് സൺറൂഫ് തുടങ്ങിയവയാണ് മെറിഡിയന്റെ അകത്തളത്തിലെ സവിശേഷതകൾ. ഇന്ത്യയിലെ പ്രീമിയം എസ് യുവി വാഹനങ്ങളേക്കാൾ ഉയർന്ന ലെഗ്‌റൂം, ഹെഡ്‌സ്‌പേസ് തുടങ്ങിയവയും അകത്തളത്തിലെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

സുരക്ഷയുടെ കാര്യത്തിലും മെറിഡിയൻ ഒട്ടും തന്നെ പിന്നിലല്ല. 60ലധികം സുരക്ഷ ഫീച്ചറുകളുമായാണ് വാഹനം ഇന്ത്യൻ നിരത്ത് കീഴടക്കാൻ എത്തുന്നത്. അടിസ്ഥാന വേരിയന്റിൽ ഉൾപ്പെടെ ആറ് എയർബാഗ്, മുൻനിരയിൽ പ്രീടെൻഷൻ സീറ്റ് ബെൽറ്റുകൾ, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, ഫാഡിങ്ങ ബ്രേക്ക് സപ്പോർട്ട്, റെഡി അലർട്ട് ബ്രേക്ക്, റെയ്ൻ ബ്രേക്ക് അസിസ്റ്റ്, ഓട്ടോമാറ്റിക് വെഹിക്കിൾ ഹോൾഡ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് എന്നിങ്ങനെ സുരക്ഷാ ഫീച്ചറുകളുടെ ഒരു നീണ്ട നിര തന്നെ മെറിഡിയനിൽ കാണാൻ സാധിക്കും.

2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് മെറിഡിയന്റെ ഹൃദയം. ഇത് 170 ബിഎച്ച്പി പവറും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവൽ, 9-സ്പീഡ് ഓട്ടോമാറ്റിക്ക് എന്നിവയാണ് ട്രാൻസ്മിഷൻ. 198 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗം. 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 10.8 സെക്കന്റ് മാത്രമാണ് വാഹനത്തിന് ആവശ്യം.

Related Articles

Back to top button