KeralaLatest

എസ്എസ്എൽസി പരീക്ഷ നാളെ മുതൽ; 

“Manju”

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ നാളെ മുതൽ. പരീക്ഷ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഏപ്രിൽ 29 വരെയാണ് പരീക്ഷ. വിദ്യാർത്ഥികൾ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

കേരളത്തിലെ 2943 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 9 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലുമായി ആകെ 2961 കേന്ദ്രങ്ങളിലാണ് എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്നത്.

4,26,999 റഗുലർ വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർഥികളുമാണ് പരീക്ഷയ്‌ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2014 വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന മലപ്പുറം ജില്ലയിലെ പികെഎംഎംഎച്ച്എസ് എടരിക്കോട് ആണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന കേന്ദ്രം.ആകെ 2,18,902 ആൺകുട്ടികളും 2,08,097 പെൺകുട്ടികളുമാണ് പരീക്ഷയ്‌ക്കായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.

മലയാളം മീഡിയത്തിൽ 1,91,787 വിദ്യാർത്ഥികളും ഇംഗ്ലീഷ് മീഡിയത്തിൽ 2,31,604 വിദ്യാർത്ഥികളും തമിഴ് മീഡിയത്തിൽ 2151 വിദ്യാർഥികളും കന്നട മീഡിയത്തിൽ 1457 വിദ്യാർത്ഥികളും എസ്.എസ്.എൽ.സി പരീക്ഷ എഴുതും. പരീക്ഷയുടെ നടത്തിപ്പിനായി 2961 ചീഫ് സൂപ്രണ്ട്മാരുടെയും2976 ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്മാരുടെയും പരീക്ഷാകേന്ദ്രങ്ങളിലേയ്‌ക്ക് ആവശ്യമായ ഇൻവിജിലേറ്റർമാരുടെയും നിയമനം ഇതിനോടകം പൂർത്തീകരിച്ചിട്ടുണ്ട്.

പരീക്ഷാനടപടികൾ കുറ്റമറ്റരീതിയിൽ നടക്കുവെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ, വിദ്യാഭ്യാസ ഉപഡയറക്ടർ, പരീക്ഷാ ഭവൻ, പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നീ തലങ്ങളിലുള്ള സ്‌ക്വാഡുകൾ പരീക്ഷാ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തും.

 

Related Articles

Back to top button