EducationLatestThiruvananthapuram

ബധിരത മാറിനിന്നു;എഞ്ചിനീയറിംഗ് റാങ്ക് സ്വന്തമാക്കി ഇരട്ടകള്‍.

“Manju”

തിരുവനന്തപുരം: നിങ്ങളീ ലോകത്തെ കേള്‍ക്കേണ്ടെന്നാണ് വിധി പാര്‍വതിയോടും ലക്ഷ്മിയോടും പറഞ്ഞത്. മക്കളെ അങ്ങനെ വിധിക്ക് വിട്ടുകൊടുക്കില്ലെന്ന് സീതയുംതീരുമാനിച്ചു. ഇന്ത്യന്‍ എന്‍ജിനിയറിങ് സര്‍വീസില്‍ (ഐ.ഇ.എസ്.) ഇടം നേടിയാണ് ഇരട്ടസഹോദരിമാരായ പാര്‍വതിയും ലക്ഷ്മിയും വിധിയോട് പ്രതികാരം വീട്ടിയിരിക്കുന്നത്. പരിശീലനമൊന്നുമല്ലാതെ സ്വയം പഠിച്ചാണ് ഈ നേട്ടത്തിലേക്ക് ഇരുവരും നടന്നുകയറിയത്. സിവില്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ 74-ാം റാങ്കാണ് പാര്‍വ്വതിയും ലക്ഷ്മി 75-ാം റാങ്കും കരസ്ഥമാക്കി. പട്ടികയില്‍ മലയാളികളായി ഇവര്‍ മാത്രമാണുള്ളത്.

തിരുമല ടി.വി.നഗര്‍ റോഡ് വൈകുണ്ഠത്തില്‍ പൊതുമരാമത്ത് വകുപ്പിലെ ജൂനിയര്‍ സൂപ്രണ്ട് സീതയുടെയും പരേതനായ അജികുമാറിന്റെയും മൂന്ന് മക്കളില്‍ ഇളയവരാണ് ഇരുവരും.മൂത്ത മകനായ വിഷ്ണുവിനും കേള്‍വിശക്തിയില്ല. വിഷ്ണുവിന് ഏഴ് വയസ്സ് ഇളയതാണ് സഹോദരിമാര്‍. മകന് കേള്‍വിപ്രശ്നമുള്ളതുകൊണ്ട് പാര്‍വതിയുടെയും ലക്ഷ്മിയുടെയും പ്രശ്‌നം ജനിച്ചപ്പോള്‍ തന്നെ തിരിച്ചറിയാനായി. മക്കള്‍ സാധാരണ വിദ്യാര്‍ഥികള്‍ക്കൊപ്പം പഠിക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. അതുകൊണ്ട് ഒന്നര വയസ്സുമുതല്‍ കേള്‍വിശക്തിയില്ലാത്തവരെ പരിശീലിപ്പിക്കുന്ന ആക്കുളം നിഷില്‍ പരിശീലനം.

പാര്‍വതിക്കും ലക്ഷ്മിക്കും രണ്ടു വയസ്സുള്ളപ്പോഴാണ് അച്ഛന്റെ മരണം. പ്രതിബന്ധങ്ങളെയെല്ലാം നിശ്ചയദാര്‍ഢ്യത്തോടെ സീത നേരിട്ടു. സാധാരണ വിദ്യാര്‍ഥികള്‍ക്കൊപ്പം ഒന്നാം ക്ലാസ് മുതല്‍ ഇരുവരേയും പഠിപ്പിച്ചു. ചുണ്ടനക്കം കണ്ട് മനസിലാക്കി സംസാരിക്കാന്‍ ഇരുവരും പഠിച്ചു. പരീക്ഷകളിലൊക്കെ ഉന്നത വിജയവും നേടി. പൂര്‍ണ പിന്തുണ നല്‍കി ചേട്ടന്‍ വിഷ്ണുവും. പഠിക്കാന്‍ മിടുക്കനായ ചേട്ടന്റെ വഴി പിന്തുടര്‍ന്ന് സി.ഇ.ടി.യില്‍ എന്‍ജിനിയറിങ്ങിന് പ്രവേശനം നേടി. ഐ.ഇ.എസിന് പരിശീലിക്കാന്‍ പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയറായ വിഷ്ണുവാണ് സഹോദരിമാരെ പ്രേരിപ്പിച്ചത്. കേള്‍വി പരിമിതിയുള്ള ഐശ്വര്യയെയാണ് വിഷ്ണു വിവാഹം കഴിച്ചത്. ഇവരുടെ മകള്‍ മൂന്നുവയസ്സുകാരി അമേയയ്ക്ക് കേള്‍വിക്കുറവൊന്നുമില്ല.

നിലവില്‍ ജലസേചനവകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയറാണ് ലക്ഷ്മി. കോട്ടയത്ത് തദ്ദേശഭരണ വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയറായി താത്കാലിക ജോലി ചെയ്യുകയാണ് പാര്‍വതി. 2019 മുതല്‍ ഇരുവരും ഐ.ഇ.എസ്. പരീക്ഷ എഴുതുന്നുണ്ട്. അഭിമുഖത്തിന് ചോദ്യകര്‍ത്താക്കള്‍ എഴുതിക്കാണിക്കുന്ന ചോദ്യത്തിന് ഉത്തരം എഴുതിനല്‍കുകയാണ് ചെയ്തത്. വെള്ളിയാഴ്ച കോട്ടയത്തുനിന്നു പാര്‍വതിയെത്തിയതിന് ശേഷം വിജയമാഘോഷിക്കാനൊരുങ്ങുകയാണ് ഈ കുടുംബം.

Related Articles

Back to top button