KeralaLatest

അത്യാധുനിക നിരീക്ഷണ ക്യാമറകള്‍ ഇന്നുമുതല്‍

“Manju”

കാസര്‍കോട് : ഗതാഗത നിയമ ലംഘനങ്ങള്‍ പിടികൂടാനായി മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച അത്യാധുനിക നിരീക്ഷണ ക്യാമറകള്‍ ഇന്നുമുതല്‍ കാസര്‍കോട് മിന്നിത്തുടങ്ങും. സേഫ് കേരള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പാതകളില്‍ 49 കേന്ദ്രങ്ങളിലാണ് ക്യാമറ സ്ഥാപിക്കുന്നത്. ഇതില്‍ ആദ്യ ഘട്ടത്തില്‍ സ്ഥാപിച്ച 16 ക്യാമറകളാണ് ഇന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങുക.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്നതാണ് ഈ ക്യാമറകള്‍. ഓട്ടമാറ്റിക്കായി നിയമലംഘനം പിടികൂടുന്ന ക്യാമറകള്‍ ആദ്യമായാണ് ജില്ലയില്‍ ഒരുക്കിയത്. മോട്ടോര്‍ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നിലവിലുള്ള നിരീക്ഷണ ക്യാമറകള്‍ക്കു പുറമേയാണു പുതിയവ സ്ഥാപിച്ചത്. സംസ്ഥാനത്ത് ഇത്തരം 700 ക്യാമറകള്‍ സ്ഥാപിക്കുന്നത് ഏറെക്കുറെ പൂര്‍ത്തിയായി.

കെല്‍ട്രോണാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതുവിലുള്ള ട്രാഫിക് നിയമലംഘനങ്ങളും പാര്‍ക്കിങ്‌ നിയമലംഘനങ്ങളും കണ്ടെത്തുന്നതിനായി ഈ ക്യാമറകള്‍ ക്രമീകരിക്കും. സൗരോര്‍ജം ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുതി മുടക്കം തടസ്സമാകില്ല.

ഹെല്‍മറ്റ് ധരിക്കാത്തതും രണ്ടിലേറെ പേരുമായി സഞ്ചരിക്കുന്നതുമായ ഇരുചക്രവാഹനങ്ങളുടെ ദൃശ്യം ക്യാമറയില്‍ പതിയും. ക്യാമറകള്‍ വാഹനങ്ങളുടെ നമ്പര്‍ തിരിച്ചറിയും. കണ്‍ട്രോള്‍ റൂമിലെ കംമ്പ്യൂട്ടറുകളില്‍ നിന്ന് നിയമലംഘകര്‍ക്കുള്ള പിഴത്തുക അടങ്ങുന്ന ചലാന്‍ ഓട്ടമാറ്റിക്കായി തയാറാകും. 800 മീറ്റര്‍ പരിധിയിലുള്ള നിയമ ലംഘനങ്ങള്‍ വരെ ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ സാധിക്കും.

4 മീറ്റര്‍ ഉയരത്തിലുള്ള തൂണിലാണ് ക്യാമറ സ്ഥാപിച്ചിട്ടുള്ളത്. വാഹനത്തിന്റെ അകത്തെ ദൃശ്യങ്ങള്‍ മുന്‍ ഗ്ലാസിലൂടെ ക്യാമറ പകര്‍ത്തും. ഡ്രൈവറും സഹയാത്രികനും സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടോയെന്ന ദൃശ്യം ക്യാമറ നല്‍കും. യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ക്യാമറയിലൂടെ പിടികൂടാനാകും.

Related Articles

Back to top button