KeralaLatest

താന്‍ നട്ട പ്ലാവ് കായ്ച്ചത് കാണാന്‍ മുന്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ സെക്രട്ടറിയേറ്റിലെത്തി

“Manju”

 

കൃഷിമന്ത്രിയായിരിക്കെ സെക്രട്ടറിയേറ്റ് വളപ്പില്‍ നട്ട പ്ലാവും തെങ്ങുമെല്ലാം കാണാന്‍ വീണ്ടും സെക്രട്ടറിയേറ്റിലെത്തി മുന്‍ കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍. ഒരു പ്ലാവില്‍ മാത്രം 28 ചക്കകളാണ് ഇക്കുറി കായ്ച്ചതെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതിന്റെ പ്രതീകമായി നട്ട പ്ലാവ് അഭിമാനത്തോടെ കായ്ച്ച്‌ നില്‍ക്കുന്നത് കുളിര്‍മ്മയുള്ള കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
വി എസ് സുനില്‍കുമാറിന്റെ കുറിപ്പ് ഇങ്ങനെ..
കുറേനാളുകള്‍ക്ക് ശേഷം തിരുവനന്തപുരത്ത് പോയിരുന്നു. സെക്രട്ടേറിയറ്റിലെ കൃഷിയും പൂന്തോട്ടവുമൊക്കെ പരിപാലിക്കുന്ന ശ്രീ. വലിയമല സുരേഷ് ഒരു മാസം മുമ്ബ് വിളിച്ചിരുന്നു. 2018-ല്‍ ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതിനുശേഷം സെക്രട്ടേറിയറ്റ് വളപ്പില്‍ നട്ട പ്ലാവ് കായ്ച്ചിരിക്കുന്നു. 28 ചക്കകളുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യത്തെ ചക്ക ഉണ്ടായി. വളരെ രുചികരമായ വിയറ്റാനം ഏര്‍ളി എന്ന ഇനമാണ് വെച്ചത്. എപ്പോഴെങ്കിലും സമയം കിട്ടുമ്പോള്‍ സെക്രട്ടേറിയറ്റില്‍ വരണം. ചക്ക ഉണ്ടായി നില്‍ക്കുന്നത് കാണണം. അത് ഞങ്ങള്‍ക്ക് വലിയ സന്തോഷമാണ് എന്ന് പറഞ്ഞു. കഴിഞ്ഞദിവസം അവിടെ പോയി. എന്തോ പരിപാടിയുമായി ബന്ധപ്പെട്ട് പോകേണ്ടിവന്നതിനാല്‍ വലിയമല സുരേഷ് സ്ഥലത്തുണ്ടായിരുന്നില്ല.
എന്റെ പി എസ് ആയിരുന്ന ശ്രീ. മനോജിനെയും അഡീ. പി എസ് ആയിരുന്ന ബിജുവിനെയും വിളിച്ചു. മുഖ്യമന്ത്രിയും ഞാനും ചേര്‍ന്ന് നട്ട പ്ലാവും തെങ്ങുമെല്ലാം പോയി കണ്ടു. നിറയെ ചക്കകള്‍. വലിയ സന്തോഷം. പ്ലാവിന്റെ തടിയേക്കാള്‍ കൂടുതല്‍ ചക്കകള്‍ ഉള്ളതിനാല്‍ ഇതിന്റെ ശുശ്രൂഷകര്‍ താങ്ങുകള്‍ കൊടുത്താണ് പ്ലാവിനെ നിര്‍ത്തിയിരിക്കുന്നത്. സാമാന്യം നല്ല വലുപ്പമുള്ള ചക്കകള്‍. അതുകണ്ടപ്പോള്‍ വലിയ സന്തോഷവും ചാരിതാര്‍ത്ഥ്യവും തോന്നി. ചക്കയെ സംസ്ഥാന ഫലമായി പ്രഖ്യാപിച്ചതിന്റെ പ്രതീകമായി നട്ട പ്ലാവ് അഭിമാനത്തോടെ കായ്ച്ച്‌ നില്‍ക്കുന്നത് എന്തൊരു കുളിര്‍മ്മയുള്ള കാഴ്ചയാണ്. സഹകരിച്ച, സഹായിച്ച എല്ലാവര്‍ക്കും നന്ദി.

Related Articles

Back to top button