KozhikodeLatest

ജീവിതത്തിലെ കൂട്ടുകെട്ട് മരണത്തിലും തുടര്‍ന്ന് ചങ്ങാതിമാര്‍

“Manju”

കോഴിക്കോട്: നന്മണ്ടയില്‍ അയല്‍വാസികളായ യുവാക്കള്‍ ഒരേ ദിവസം ജീവനൊടുക്കിയ വാര്‍ത്ത അറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാരും സുഹൃത്തുക്കളും. നന്മണ്ട മരക്കാട്ട് കൃഷ്ണന്‍കുട്ടിക്കുറുപ്പിന്റെ മകന്‍ വിജീഷ് (34), മരക്കാട്ട് ചാലില്‍ രാജന്റെ മകന്‍ അഭിനന്ദ് (27) എന്നിവരെയാണ് ഇന്നലെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ 3.30- ഓടെയാണ് അഭിനന്ദിനെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. രാത്രി 12 മണിയോടെ അഭിനന്ദ് ഉത്സവം നടക്കുന്ന കുടുംബക്ഷേത്രത്തില്‍നിന്ന്‌ വീട്ടിലേക്കു വരുന്നത് സുഹൃത്തുക്കള്‍ കണ്ടിരുന്നു. സുഹൃത്തുക്കളോട് ‘ഗുഡ്ബൈ’ പറഞ്ഞ് അഭിനന്ദ് വാട്സാപ്പില്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. വയനാട് കാര്‍ഷിക വികസന വകുപ്പ് ജീവനക്കാരനാണ്.
ബി.എം.എസ്. നന്മണ്ട പഞ്ചായത്ത് സെക്രട്ടറിയും നന്മണ്ട ഓട്ടോ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയംഗവുമായ വിജീഷിനെ തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് വീടിനോടുചേര്‍ന്നുള്ള വിറകുപുരയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് ഞായറാഴ്ചയാണ് വിജീഷ് വീട്ടില്‍ തിരിച്ചെത്തിയത്. ഓട്ടോഡ്രൈവറായിരുന്നു.
രണ്ടുപേരും ഏകദേശം ഒരേ സമയത്താണ് മരിച്ചതെന്നാണ് പോലീസ് നിഗമനം. അതേസമയം രണ്ടുപേരും അയല്‍വാസികളാണ് എന്നതല്ലാതെ ഒരേദിവസത്തെ മരണത്തില്‍ ദുരൂഹതകളൊന്നും കണ്ടെത്താനായില്ല എന്നാണ് ബാലുശ്ശേരി പോലീസ് പറയുന്നത്. ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.

Related Articles

Back to top button