Auto

മടക്കം ലെജൻഡായി; അവസാന മോഡലായി പോളോ ലെജൻഡ് എഡിഷൻ 

“Manju”

ഇന്ത്യൻ വാഹനപ്രേമികളുടെ എക്കാലത്തെയും ഇഷ്ട ഹാച്ച്ബാക്കാണ് ഫോക്‌സ് വാഗൺ പോളോ. വാഹനത്തിന്റെ പവറും, ഡിസൈനും കണ്ട് അന്തംവിട്ട് നോക്കി നിൽക്കാത്തവർ കുറവാണ്. ഹാച്ച്ബാക്ക് വിഭാഗത്തിലെ ലെജൻഡ് എന്ന് തന്നെ പോളോയെ വിശേഷിപ്പിക്കാം. എന്നാൽ, പോളോ ഇന്ത്യയിലെ ഉത്പാദനം അവസാനിപ്പിക്കാൻ പോകുന്നു എന്ന ഫോക്‌സ് വാഗണിന്റെ തീരുമാനം പോളോ ആരാധകരെ വളരെ അധികം ഞെട്ടിച്ചു. 12 വർഷമായി ഇന്ത്യക്കാർ സമ്മാനിച്ച സ്‌നേഹത്തിനും പരിഗണനയ്‌ക്കും പകരമായി ഒരു ‘ലെജൻഡ്’ എഡിഷൻ നൽകിയാണ് പോളോ മടങ്ങുന്നത്. നിലവിൽ പോളോ സ്വന്തമാക്കണമെന്ന മോഹവുമായി നടക്കുന്ന ആരാധകർക്ക് അവസാന അവസരം കൂടിയാണ് ഈ ലെജൻഡ് എഡിഷൻ.

ലെജൻഡ് എഡിഷനെ സംബന്ധിച്ചിടത്തോളം, 108 ബിഎച്പി കരുത്തും, 175 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന അതേ 1.0 ലിറ്റർ ടിഎസ്‌ഐ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കാറിന് ലഭിക്കുന്നത്. 6-സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റുമായി ഈ മോട്ടോർ ഘടിപ്പിച്ചിരിക്കുന്നു. കാഴ്ചയിൽ, ഫെൻഡറിലും, ബൂട്ടിലും ‘ലെജൻഡ്’ എന്ന ബാഡ്ജിംഗ് ഒഴിവാക്കിയാൽ, സാധാരണ ജിടി ടിഎസ്‌ഐ വേരിയന്റുകൾക്ക് സമാനമാണ് ലെജൻഡ് എഡിഷൻ. ഇന്ത്യയിലുടനീളമുള്ള 151 ഫോക്‌സ് വാഗൺ ഡീലർഷിപ്പുകളിൽ ലിമിറ്റഡ് എഡിഷൻ ലെജൻഡ് എഡിഷൻ പോളോ ലഭ്യമാകും. 10.25 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ് ഷോറൂം വില.

കഴിഞ്ഞ 12 വർഷത്തിനിടെ, ഫോക്‌സ് വാഗൺ ഇന്ത്യ പോളോ ഹാച്ച്ബാക്കിന്റെ മൂന്ന് ലക്ഷത്തിലധികം യൂണിറ്റുകൾ രാജ്യത്ത് വിറ്റഴിച്ചു. വാസ്തവത്തിൽ, പൂനെയിലെ ചക്കൻ പ്ലാന്റിൽ തദ്ദേശീയമായി നിർമ്മിച്ച ആദ്യത്തെ മോഡലായിരുന്നു പോളോ. സ്റ്റാൻഡേർഡ് ഓഫറായി ഡ്യുവൽ എയർബാഗുകൾ വാഗ്ദാനം ചെയ്യുകയും, 2014ൽ 4-സ്റ്റാർ ഗ്ലോബൽ എൻസിഎപി സുരഷാ റേറ്റിംഗ് നേടുകയും ചെയ്ത ഹാച്ച്ബാക്കാണ് പോളോ.

ഉപഭോക്താക്കൾക്കിടയിൽ വിവിധ വികാരങ്ങൾ ഉണർത്തുന്ന ഒരു ഐക്കണിക് വാഹനമാണ് പോളോ. കാലാതീതവും, സ്‌പോർട്ടിയുമായ ഡിസൈൻ, സുരക്ഷ, ഫൺ-ടു-ഡ്രൈവ് അനുഭവം, ശക്തമായ ബിൽഡ് ക്വാളിറ്റി എന്നിവ കാരണമാണ് വാഹനപ്രേമികൾ പോളോയെ നെഞ്ചോട് ചേർത്തത്.

Related Articles

Back to top button