International

ശ്രീലങ്കയില്‍ സൈന്യവും പോലീസും തമ്മില്‍ നടുറോഡില്‍ ഏറ്റുമുട്ടല്‍

“Manju”

കൊളംബോ: ശ്രീലങ്കയില്‍ നടുറോഡില്‍ ഏറ്റുമുട്ടി സൈന്യവും പോലീസും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സംഭവ വികാസം. കൊളംബോയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പ്രത്യേക സേനാ വിഭാഗത്തെ പോലീസ് തടയുകയായിരുന്നു. ഇന്നലെ പാര്‍ലമെന്റിന് സമീപത്ത് വച്ചാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. ഇവിടെ നടന്ന പ്രതിഷേധ മാര്‍ച്ചിനിടയിലേക്ക് മുഖംമൂടിധാരികളായ ഒരു കൂട്ടം സൈനികര്‍ ബൈക്കുകളില്‍ എത്തുകയായിരുന്നു. റൈഫിളുകള്‍ ഉള്‍പ്പെടെ ഇവരുടെ കൈവശം ഉണ്ടായിരുന്നു.

സുരക്ഷാ ചുമതല ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇവരെ തടഞ്ഞതാണ് വാക്കേറ്റത്തിന് കാരണമായത്. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇരു കൂട്ടരുടേയും പിന്തിരിപ്പിച്ചത്. സംഭവത്തില്‍ കരസേന മേധാവി ശവേന്ദ്ര സില്‍വ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം രാജ്യത്തെ അടിയന്തരാവസ്ഥ ഇന്നലെ രാത്രി പിന്‍വലിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ 41 എംപിമാരാണ് ഭരണസഖ്യം വിട്ടത്. 225 അംഗ പാര്‍ലമെന്റില്‍ 150 സീറ്റുകളുമായാണ് 2020ല്‍ മഹിന്ദ രാജപക്‌സെ സര്‍ക്കാര്‍ അധികാരത്തിലേറിയത്. നിലവില്‍ 109 എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് സര്‍ക്കാരിനുള്ളത്.

പ്രസിഡന്റ് ഗോതബയ രാജപക്‌സെ ഇന്നും പാര്‍ലമെന്റ് വിളിച്ച് ചേര്‍ത്തിട്ടുണ്ട്. സര്‍ക്കാരിന്റെ തുടര്‍നീക്കങ്ങള്‍ സംബന്ധിച്ച് ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. ഇന്നലെ ശ്രീലങ്കയിലെ ധനകാര്യ മന്ത്രി അലി സാബ്രിയും, ധനകാര്യ സെക്രട്ടറിയും രാജി വച്ചിരുന്നു. ചുമതല ഏറ്റെടുത്ത് ഒരു ദിവസം ആകുന്നതിന് മുന്‍പായിരുന്നു നീക്കം.

Related Articles

Back to top button