KeralaLatest

ഖത്തറില്‍ കാമ്പസ് തുടങ്ങാന്‍ എം.ജി. സിന്‍ഡിക്കേറ്റ് തീരുമാനം

“Manju”

മലയാളികളായ പ്രവാസികള്‍ ഏറെയുള്ള ഖത്തറില്‍ ഒരു ബ്രാഞ്ച് കാമ്പസ് തുടങ്ങാന്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച നടപടികള്‍ ഏകോപിപ്പിക്കുന്നതിന് പ്രോ-വൈസ് ചാന്‍സലര്‍ പ്രൊഫ. സി.ടി. അരവിന്ദകുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിക്കും. പ്രവാസികളുടെയും ഖത്തര്‍ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച്‌ യു.ജി.സി. യുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അനുമതിയോടെയാണ് സര്‍വ്വകലാശാല ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്.

പ്രോ-വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളടങ്ങിയ ഒരു പ്രതിനിധി സംഘം നേരത്തെ ഖത്തര്‍ സന്ദര്‍ശിച്ച്‌ അധികൃതരുമായി ഇതു സംബന്ധിച്ച്‌ ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള സംസ്ഥാന സര്‍വ്വകലാശാലകളില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയെ കൂടാതെ പൂണെ സര്‍വ്വകലാശാലയെ മാത്രമാണ് അവിടെ കാമ്പസ് തുടങ്ങുന്നതിന് ഖത്തര്‍ ഭരണകൂടം പരിഗണിച്ചിട്ടുള്ളത്.

പരീക്ഷ സമ്പ്രദായം കൂടുതല്‍ സുതാര്യമാക്കുന്നതിനും അതിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് പരീക്ഷാ ഫലം പ്രിസിദ്ധീകരിക്കുന്നതിനോടനുബന്ധിച്ച്‌ ബന്ധപ്പെട്ട പരീക്ഷാ ചോദ്യപേപ്പറുകളുടെ ഉത്തര സൂചിക സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാനും യോഗം തീരുമാനിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷ നല്‍കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 250 രൂപ ഫീസടച്ചാല്‍ ഉത്തരക്കടലാസിന്റെ ഇ-കോപ്പി ഇ-മെയിലില്‍ ലഭ്യമാക്കുന്നതിനും നടപടിയുണ്ടാകും.

ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ഗവേഷകരെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗവേഷണവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളുടെ എണ്ണം ഈ വര്‍ഷം മുതല്‍ 150 ല്‍ നിന്ന് 200 ആക്കി വര്‍ദ്ധിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷം വരെ ആകെ 100 പേര്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കിയിരുന്നത് .

സര്‍വ്വകലാശാല പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് സാഹായകമാകും വിധം സമഗ്രമായ ഒരു കംമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ രൂപകല്പന തെയ്യുന്നതിനും സിന്‍ഡിക്കേറ്റ് തീരുമാനമായി. ഐ.ടി. മേഖലയില്‍ നിന്നുള്ള വിദഗ്ധരുടെ സേവനം ഇതിനായി ലഭ്യമാക്കും. അസിസ്റ്റന്റ്, കംമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകളില്‍ നിലവിലുള്ള എല്ലാ ഒഴിവുകളും നിയമന നടപടികള്‍ക്കായി പബ്ലിക് സര്‍വ്വീസ് ക്മ്മീഷന് റിപ്പോര്‍ട്ട് ചെയ്യാനും യോഗം തീരുമാനിച്ചു. വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് അധ്യക്ഷത വഹിച്ചു.

Related Articles

Back to top button