LatestThiruvananthapuram

തൊഴില്‍ വകുപ്പിന് കീഴിലെ 16 ബോര്‍ഡുകള്‍ക്കും പൊതു സോഫ്റ്റ്‌വെയര്‍

“Manju”

തിരുവനന്തപുരം: തൊഴില്‍ വകുപ്പിന് കീഴിലെ 16 ബോര്‍ഡുകള്‍ക്കും ഇനി പൊതു സോഫ്റ്റ്‌വെയര്‍. സംസ്ഥാന തൊഴില്‍ വകുപ്പിന്റെ ആധുനികവത്ക്കരണത്തിന്റെയും ഡിജിറ്റലൈസേഷന്റെയും ഭാഗമായാണ് വകുപ്പിന് കീഴിലുള്ള 16 ക്ഷേമ നിധി ബോര്‍ഡുകളുടെയും ഭരണ നിര്‍വഹണം, ക്ഷേമ പദ്ധതികളുടെ നടത്തിപ്പ്, അംശദായം അടയ്ക്കല്‍, അക്കൗണ്ടിംഗ്, ഓഫീസ് നടത്തിപ്പ് തുടങ്ങിയ ദൈനംദിന കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റം എന്ന പൊതു സോഫ്റ്റ്‌വെയര്‍ സംവിധാനം ആരംഭിക്കുന്നത്.

ഈ സംവിധാനത്തിലൂടെ തൊഴിലാളികള്‍ക്ക് ഓണ്‍ലൈനായി എളുപ്പത്തില്‍ അംശദായം അടയ്ക്കുവാനും ഒന്നിലധികം ബോര്‍ഡുകളിലായി ഇരട്ട അംഗത്വം വരുന്നത് ഒഴിവാക്കാനുമാകും. അതിനാല്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ കൃത്യമായി ഓണ്‍ലൈന്‍ ആയി ബാങ്കുകള്‍ വഴി ലഭിക്കും. അംഗങ്ങളുടെ ആധാര്‍ അധിഷ്ഠിത വിവരങ്ങള്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തുന്നതിനാല്‍ ക്യൂ ആര്‍ കോഡ് ഉള്‍പ്പെടുത്തിയ സ്മാര്‍ട്ട് തിരിച്ചറിയല്‍ കാര്‍ഡ് അതാതു ബോര്‍ഡുകള്‍ വഴി ലഭ്യമാകും.

ഒന്നാം ഘട്ടത്തില്‍ ഏകദേശം 67 ലക്ഷം അംഗങ്ങളുടെ വിവരങ്ങള്‍ സോഫ്റ്റ്‌വെയറില്‍ ഉള്‍പ്പെടുത്തി പുതുക്കിയിട്ടുണ്ട്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ക്ഷേമനിധി ബോര്‍ഡുകളുടെ ജില്ലാ ഓഫീസുകള്‍, ട്രേഡ് യൂണിയനുകള്‍ എന്നിവ മുഖേനയും അഡ്വാന്‍സ്ഡ് ഇന്‍ഫര്‍മേഷന്‍ ഇന്റര്‍ഫേസ് സിസ്റ്റത്തിലേക്കുള്ള രജിസ്ട്രേഷന്‍ നടത്താം. നിലവില്‍ സ്വന്തമായി സോഫ്റ്റ്‌വെയര്‍ ഉള്ള ബോര്‍ഡുകളെ എഐഐഎസുമായി സംയോജിപ്പിച്ചും സോഫ്റ്റ്‌വെയര്‍ ഇല്ലാത്തവര്‍ക്ക് എ ഐ ഐ എസ് സേവനം ലഭ്യമാക്കിയുമാണ് പദ്ധതി നടപ്പാക്കിയത്.

പൊതു സോഫ്റ്റ്‌വെയര്‍ സംവിധാനത്തിന്റെ ഉദ്ഘാടനം തൊഴിലും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി 12 ന് തിരുവനന്തപുരം കോ ഓപ്പറേറ്റീവ് ഹാളില്‍ നിര്‍വഹിക്കും. വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന ചടങ്ങില്‍ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബര്‍ കമ്മീഷണര്‍ ഡോ എസ്. ചിത്ര തുടങ്ങിയവര്‍ പങ്കെടുക്കും.

Related Articles

Back to top button