Kerala

കന്നിയാത്രയിലെ അപകടങ്ങൾ; പിന്നിൽ സ്വകാര്യ ബസ് ലോബികൾ; ആന്റണി രാജു

“Manju”

തിരുവനന്തപുരം: കന്നിയാത്രയിൽ തന്നെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ടതിൽ ദുരൂഹത ആരോപിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. മനപ്പൂർവ്വം അപകടം സൃഷ്ടിച്ചതാണോ എന്നാണ് മന്ത്രി സംശയിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു. ബസുകൾ അപകടത്തിൽപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കെഎസ്ആർടിസി എംഡിയും രംഗത്തെത്തിയിരുന്നു.

അപകടത്തിൽ സ്വകാര്യ ബസ് ലോബികളുടെ പങ്ക് അന്വേഷിക്കുമെന്നും, മനപ്പൂർവ്വം സൃഷ്ടിച്ച അപകടമാണെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇന്നലെ സർവ്വീസ് ആരംഭിച്ച കെ-സ്വിഫ്റ്റിന്റെ രണ്ടാമത്തെ ബസും അപകടത്തിൽപ്പെട്ട സാഹചര്യത്തിലാണ് മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.

സർവീസ് തുടങ്ങി 24 മണിക്കൂറിനിടെ രണ്ടാം തവണയാണ് ബസ് അപകടത്തിൽപ്പെട്ടത്. ആദ്യം തിരുവനന്തപുരം കല്ലമ്പലത്തിന് സമീപം ബസ് അപകടത്തിൽപ്പെട്ടിരുന്നു. അപകടത്തിൽ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറർ ഇളകിയിട്ടുണ്ട്. പകരം കെഎസ്ആർടിസിയുടെ വർക് ഷോപ്പിൽ നിന്ന് മറ്റൊരു സൈഡ് മിറർ ഘടിപ്പിച്ചാണ് യാത്ര തുടർന്നത്.

രണ്ടാമതായി മലപ്പുറത്ത് വെച്ച് എതിർദിശയിൽ നിന്നും എത്തിയ സ്വകാര്യബസുമായാണ് സ്വിഫ്റ്റ് ബസ് ഇടിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ലെങ്കിലും, ബസിന്റെ പെയിന്റ് പോയിട്ടുണ്ട്. പിന്നിലെ ബ്രേക്ക് ലൈറ്റിനും കേടുപാട് ഉണ്ടായി. കെഎസ്ആർടിസി കെ സ്വിഫ്റ്റ് സർവ്വീസ് ഇന്നെലയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്തത്. സംസ്ഥാന സർക്കാർ ആദ്യമായാണ് സ്ലീപ്പർ സംവിധാനമുള്ള ബസുകൾ നിരത്തിലിറക്കുന്നത്.

Related Articles

Back to top button